അയാളുടെ കൈകള്‍ വിറച്ചു.
കാതുകളില്‍ ഒരു കിളി നാദം
"മാമ പൂച്ചയെ കൊന്നിട്ടുണ്ടോ?
സലിം കൈകള്‍ക്ക് ബലം കൊടുത്തു .ഹിലാലിന്റെ അരികിലേക്ക് ആയിഷയെ കിടത്തി .വളരെ മൃദുവായി അവളുടെ മുഖം തലോടി.
കണ്ണീരു തന്റെ കാഴ്ചയെ മറയ്കുന്നുണ്ടോ?
അതോ അവള്‍ പുഞ്ചിരിക്കുകയാണോ?
ഇവിടെ കനപ്പിച്ചു കെട്ടിയ മുഖങ്ങള്‍ക്കിടയില്‍ വിടര്‍ന്ന ഒരു പൂവ് അവള്‍ മാത്രമായിരുന്നു.
അകലത്തെവിടെയോ ഒരു പോര്‍വിമാനത്തിന്റെ ഇരമ്പല്‍.
"സലിം എവിടെ ?"
ആരോ അന്വേഷിക്കുന്നു.പതറുന്ന ചവിട്ടടികളോടെ സലിം തിരിഞ്ഞു നടന്നു.
തൊട്ടടുത്ത മണല്ക്കൂനയ്കരികില്‍ ഹാഷിം നില്‍ക്കുന്നു.. ഹിലാലിന്റെ കളിക്കൂട്ടുകാരന്‍. അവന്റെ കണ്ണുകളില്‍ ഒരു പകപ്പ്.
ഇനി നിന്റെ ഊഴം എന്നാരോ അവനോടു മന്ത്രിച്ച പോലെ.
അവന്റെ പോക്കറ്റിലും കല്ലുകള്‍ മുഴച്ചിരിപ്പുണ്ടോ? സലിം നോക്കി.
ഇല്ല.പ്രിയ ചങ്ങാതിക്കായി
ഒരു പിടി മണ്ണ് മാത്രമേ അവന്റെ കൈകളിലുള്ളൂ
*****************************************************************************************************************************
ഗാസ എന്നാണ് ഗാസയല്ലാതെയായി മാറിയത്?
സലിം ആലോചിച്ചു .ചെറുപ്പത്തില്‍ വിശുദ്ധ നാടിന്‍റെ മണല്തരികളിലൂടെ നടന്നപ്പോഴൊന്നും ആത്മാവില്‍ ഇന്നുള്ള പോലെ ഭയമുണ്ടായിരുന്നില്ല.
ഭയം തന്നെക്കുറിച് അല്ല. തനിക്ക് താഴെയുള്ളവരെക്കുറിച്ചായിരുന്നു.
അതിരുകളും വാഗ്ദത്ത ഭൂമികളും പൊട്ടിമുളയ്ക്കും മുന്പ് സൈനയുടെ കൈയും പിടിച്ചു അവളുടെ ബാപ്പ കാണാതെ ഗാസ തെരുവിലൂടെ അലഞ്ഞത് അയാളോര്‍ത്തു.
അന്ന് ഭയം അവള്‍ക്കായിരുന്നു.
ഇന്ന് ഭയമില്ലത്തവര്‍ ആരും തന്നെയില്ല.
കുടിയേറ്റക്കാരും കൈയേറ്റക്കാരുമായി ജൂതരെത്തിയപ്പോള്‍ അവളുടെ പേടി ഇരട്ടിച്ചു.
അവളുടെ ഭയം സത്യമായിരുന്നു .
******************************* *************************** *************
"ഹിലാല്‍ നീ വരുന്നുണ്ടോ? "
" സ്കൂളിലേക്ക് ഞാനില്ല "
മണലില്‍ കൂര്‍ത്ത കല്ലുകള്‍ തേടി നടക്കവേ ഹിലാല്‍ പറഞ്ഞു.
" ബാപ്പ പറഞ്ഞതോര്‍മയില്ലേ നിനക്ക് ? എന്തു വന്നാലും സ്കൂളില്‍
പോക്കു മുടക്കരുതെന്ന്? "
ആ വാക്കുകള്‍ ഹിലാലിനെ നോവിച്ചു. അവന്‍ മെല്ലെ മുഖമുയര്‍ത്തി.
ആയിഷയും നിശബ്ദയായി.
ഹിലാല്‍ ബാപ്പയെക്കുറിച്ച് ഓര്‍ത്തു .ഉമ്മയേയും വീടിനെയും ഓര്‍ത്തു.
ഓര്‍മ്മകള്‍ മാത്രമേ അവര്‍ക്കുള്ളൂ .
സ്കൂളില്‍ പോകാതെ മടിച്ചു നില്‍ക്കുമ്പോള്‍ ബാപ്പ പറയും
" ഹിലാല്‍, ജീവിതത്തില്‍ തോല്‍ക്കാതിരിക്കണമെങ്കില്‍ പഠിക്കണം .നീയോര്‍ക്കുന്നില്ലേ കഴിഞ്ഞ കുറെ മാസങ്ങളില്‍ അവര്‍ നമുക്ക് വൈദ്യുതി നിഷേധിച്ചത് ?അവര്‍ നമ്മെ ഇരുട്ടിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണ്. "
"നിങ്ങളുടെ പരീക്ഷക്കാലത്തുതന്നെ അവരത് ചെയ്തില്ലേ? അവര്‍ ബുദ്ധിമാന്മാരാണ് "
പെട്ടെന്ന് തന്നെ ബാപ്പ തിരുത്തി
"അല്ല, സൂത്രശാലികള്‍ ആണ്. ബുദ്ധിമാന്മാരുടെ ഹൃദയം വിശാലവും കരുണ നിറഞ്ഞതുമാണ് "
പണ്ടൊക്കെ ഹിലാല്‍ .ക്ലാസ്സില്‍ ഒന്നാമനായിരുന്നു .അന്‍വര്‍നെയും ബാഷിതിനെയും ഹാഷിമിനെയുമൊക്കെ പിന്നിലാക്കാനുള്ള ആവേശം.
ഇന്ന് ക്ലാസ്സിലാകെയുള്ള ആണ്‍കുട്ടികള്‍ ഹിലാലും ഹാഷിമും മാത്രം.അവരും ഇപ്പോള്‍ പോകാറില്ല .
ഓര്‍മകളില്‍ അവന്‍ പുളഞ്ഞു.
കൂടുതല്‍ കൂര്‍ത്ത കല്ല് തേടി അവന്‍ മുന്നോട്ട് നടന്നു .
"ഞാന്‍ മാമയോടു പറയും "
ഹിലാല്‍ തിരിഞ്ഞു കൂടെ നോക്കിയില്ല .
അവനറിയാം മാമ പഴയതുപോലെ അവനെ ശാസിക്കില്ല .
ആയിഷ അല്പം കൂടി കാത്തു .എന്നിട്ട് ടീച്ചര്‍ ഇന്നലെ പകുതിക്ക് നിര്‍ത്തിയ 'സന്തോഷവാനായ രാജകുമാരന്റെ 'കഥ കേള്‍ക്കാനായി സ്കൂളിലേക്ക് നടന്നു .
************** ********** ********** *********** *********** *
സലിം വെറുതെ മുറ്റത്തേക്ക് നോക്കിയിരുന്നു. നാളെ അല്ലെങ്കില്‍ അതിനടുത്ത ഒരു ദിവസം ഇവിടെയും കുടിയേറ്റ ക്യാമ്പുകള്‍ ഉയരും. താനപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമോ?
സൈന തന്നോടൊപ്പം ഓടിക്കളിച്ചതും ഒടുവില്‍ വംശ വെറിയുടെ ഇരയായി നിശ്ചേഷ്ടയായി കിടന്നതും ഇവിടെത്തന്നെ.
അന്ന് എല്ലാത്തിനോടും പകയായിരുന്നു. ഇസ്രായേലിനോട്, ഒട്ടകത്തിനു സ്ഥലം കൊടുത്ത സ്വന്തം ജനതയോട്, പിന്നെ മുഖമില്ലാത്ത ആരോടൊക്കെയോ. പിന്നെ അറിഞ്ഞു പൊളിറ്റിക്കല്‍ സയന്‍സിലെ എമ്ഫില്ലിനോ ഓസ്ലോ കരാറിനോ എണ്ണിയാലോടുങ്ങാത്ത പ്രതിഷേധസ്വരങ്ങള്‍ക്കോ ഒന്നും ചെയ്യാനാവില്ലെന്ന്.
തുടച്ചു നീക്കപ്പെടേണ്ട ഒരു ജനതയാണ് തങ്ങളുടെതെന്ന്. ആ തിരിച്ചറിവിന്റെ ആഘാതത്തിലാണ് ഹിലാലിന്റെ ബാപ്പ മരിച്ചത്.
പൊരിവെയില്‍ പണിയെടുത്തു കെട്ടിപ്പടുക്കുന്ന വീടിനു പുത്തന്‍ അവകാശികള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുമ്പോള്‍ ആരാണ് ഞെട്ടാത്തത്?
ഏതൊരു പാലസ്തീനിയെയും പോലെ ഇക്കയും നിശബ്ദനായി, ആത്യന്തികമായി .
അതോടെ ഹിലാലും ആയിഷയും തന്റേതു മാത്രമായി. അന്നൊക്കെ ആയിഷ കുസൃതി കാട്ടുമ്പോള്‍ ദേഷ്യം പിടിച്ച് അവളെ അടിക്കാനൊരുങ്ങും.
അവളുടെ പേടിച്ചരണ്ട മുഖം കാണുമ്പോള്‍ സൈനയെ ഓര്‍ക്കും
. അവളും പേടിച്ചിരിക്കുമോ? അതോ തന്നോടടുക്കുന്ന പട്ടാളക്കാരന്റെ മുഖത്തേക്ക് നിസ്സഹായയായി നോക്കി നിന്നിരിക്കുമോ ?
അതോടെ അയാളുടെ കൈ വിറയ്ക്കും .
"മാമ പൂച്ചേ കൊന്നിട്ടുണ്ട് അതാ കൈ വിറയ്ക്കുന്നത് "
പേടി മാറി തന്റെ പതിവ് കുസൃതിത്തരതിലേക്ക് ആയിഷ എത്തി . അടിച്ചില്ല .പിന്നീടൊരിക്കലും അടിച്ചിട്ടുമില്ല.
അവര്‍ക്ക് സൈനയെ അറിയാം .അതില്‍ക്കൂടുതലൊന്നും അവര്‍ അറിയാതിരിക്കട്ടെ
********** **************** ***************** ******************** *************
മണലില്‍ പരതി നടക്കുമ്പോള്‍ ഹിലാല്‍ മന്ത്രിച്ചു ." അവള്‍ പഠിക്കട്ടെ , ബാപ്പ പറഞ്ഞത് പോലെ തോല്‍ക്കാതിരിക്കാന്‍ "
" കിട്ടിയോ ഹിലാല്‍ ? "
ഹാഷിമിന്റെ വിളി കേട്ട് ഹിലാല്‍ തിരിഞ്ഞു നോക്കി .അവന്റെ പഴഞ്ചന്‍ നിക്കറിന്റെ രണ്ടു പോക്കറ്റുകളിലും കല്ലുകള്‍ മുഴച്ചിരിക്കുന്നു. തന്റെ കൈയിലുള്ള കല്ലുകള്‍ ഹിലാല്‍ ഉയര്‍ത്തിക്കാട്ടി.
അവരുടെ ആകെയുള്ള പ്രതിരോധമാണത്.
മഴ പോലെ വര്‍ഷിക്കുന്ന ബുള്ളറ്റുകള്‍ക്കും മിസൈല്കള്‍ക്കും ഒരു പ്രതിയോഗി.
പലപ്പോഴും ലക്ഷ്യത്തിലെത്താറില്ലെങ്കിലും
അവ എറിയുന്ന കൈയുകളുടെ ആവേശം ഏറ്റു പിടിക്കും.
ഒരു ബോംബര്‍ വിമാനം അവരുടെ തലയ്ക്ക് മുകളിലൂടെ പാഞ്ഞു.
"നമ്മുടെ കല്ലുകള്‍ ഒരു നാള്‍ ആ വിമാനങ്ങളേയും വീഴ്ത്തും .അപ്പൊ നമുക്കും സ്വസ്ഥമായി ഉറങ്ങാം " ഹാഷിം പറഞ്ഞു .
mekha കീറുകളെ ചതച്ചരച്ചു കൊണ്ട് വിമാനം പാഞ്ഞു .
ആയിഷയുടെ സ്കൂള് തേടി ........................................
***************** ***************** ****************** *************** ***********
കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങല്‍ക്കിടയിലൂടെ അയാളുടെ കണ്ണുകള്‍ പാഞ്ഞു . ആയിഷ അതിനടിയില്‍ ഉണ്ടാകരുതേ എന്നയാള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു .
പ്രാര്‍ത്ഥനകള്‍ക്കും മുന്‍പേ ആയിഷ അങ്ങെത്തിയിരുന്നു.
കഥകളുടേയും സന്തോഷങ്ങളുടെയും ലോകത്ത്.
സലിമിന്റെ ഹൃദയം പൊടിഞ്ഞു തകരുകയായിരുന്നു.
ഇനിയും അടങ്ങിയിട്ടില്ലാത്ത പുകപടലങ്ങല്‍ക്കിടയിലൂടെ അയാള്‍ ഭ്രാന്തനെപ്പോലെ നടന്നു.
ആരോ ഒരാള്‍ സലിമിന്റെ ചുമലില്‍ പിടിച്ചു അകലേക്ക് ചൂണ്ടിപ്പറഞ്ഞു "അവിടെ ".
സലിം ഒറ്റതവണ മാത്രമേ അങ്ങോട്ട് നോക്കിയുള്ളൂ.
അയാള്‍ അലറിച്ചോദിച്ചു " ഹിലാലെവിടെ ? "
ചുറ്റിനുമുയരുന്ന അലമുറക്കള്‍ക്കിടയില്‍ ആ ചോദ്യം മുങ്ങിപ്പോയി.
**************************** ********************** ****************
ഹിലാല്‍ ഓടുകയായിരുന്നില്ല പറക്കുകയായിരുന്നു . avanoppametthaan ഹാഷിം പരമാവധി ശ്രമിച്ചു .കഴിയുന്നില്ല അത്ര വേഗമാണ് അവന്‍ അതിനു പിന്നാലെയോടുന്നത്
കല്ലുകള്‍ തേടിയാണ് ഹാഷിം സ്കൂള്‍ പരിസരത്തേക്കു പോയത്.
പക്ഷെ .......കണ്ടത് വല്ലാത്തൊരു കാഴ്ച തന്നെ.
ഹോ! വയ്യ!
ആ കാഴ്ച കണ്ണില്‍ നിന്ന് ഒന്ന് മറഞ്ഞിരുന്നെങ്കില്‍!
മരണങ്ങള്‍ പാലസ്തീനില്‍ പുതുമയല്ല.
ഹാഷിമത് എത്രയോ തവണ കണ്ടിരിക്കുന്നു.
ഇത് പക്ഷേ തന്റെ സഹപാഠികളാണ് ,ടീച്ചര്‍മാരാണ്,കുഞ്ഞനിയന്മാരാണ്.
തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ആയിഷ തന്നെ നോക്കുന്നുണ്ടോ?' അതോ അവള്‍ കഥ കേള്‍ക്കുകയാണോ ?
പിന്നെ നിന്നില്ല .ഹിലാലിന്റെ അരികിലേക്കോടി.കിതപ്പാറ്റി അവനോടു പറയനോരുങ്ങുപ്പോഴേക്കും അവന്റെ മുഖം ചുവന്നു.
അവനറിയാം ബോംബര്‍ വിമാനങ്ങള്‍ക്ക് പറയാനുള്ള കഥ
************ *************** *************** *************
ഉയരെ പറക്കുകയാണ് ആ വിമാനം.
തീവ്രവാദികളെ തുടച്ചുനീക്കിയതിന്റെ ആഹ്ലാദത്തില്‍ അത് ആകാശത്തില്‍ പാറിക്കളിച്ചു.
ഹിലാല്‍ സര്‍വശക്തിയുമെടുത്ത് കല്ലെറിഞ്ഞു.
എത്തുന്നില്ല, ഒരു കല്ലിനു പോലും അതിനെ തൊടാനാവുന്നില്ല.
വിമാനം അകലേക്ക് പാഞ്ഞു.
അവന്റെ കണ്ണുകളില്‍ നിരാശയും ദേഷ്യവും വേദനയും നിറഞ്ഞു.
പേശികള്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.
അകലെ നിന്നും ഒരു പാറ്റന്‍ ടാങ്ക് വരുന്നതവന്‍ കണ്ടു.
തകര്‍ക്കണം ,ഒറ്റയേറിനു തകര്‍ക്കണം .
കൈയിലിരുന്ന കല്ലും അവനോടു മന്ത്രിച്ചു.
വെട്ടിപ്പിടിച്ച വാഗ്ദത്ത ഭൂമിയളന്നുകൊണ്ട് പാറ്റന്‍ ടാങ്ക് മുന്നോട്ട് കുതിച്ചു.
ചക്രങ്ങളുടെ ഗതിവേഗം അവന്റെ കണ്ണുകളെ വിഭ്രമിപ്പിച്ചു.
ചക്രങ്ങള്‍ക്ക് താഴെ വിശുദ്ധ നാട് ഞെരിഞ്ഞമര്‍ന്നു.
തനിക്കു ചുറ്റും ആരൊക്കെയോ നില്‍ക്കുന്നതായി അവനു തോന്നി.
ബാപ്പ ,അന്‍വര്‍ ,ബാഷിത്, മാമയുടെ പ്രിയ സൈന,എണ്ണിയാല്‍ ഒടുങ്ങാത്ത തന്റെ നാട്ടുകാര്‍ ,പിന്നെ ...പിന്നെ... ആയിഷയും.
അവന്റെ തലച്ചോറില്‍ ആവേഗങ്ങള്‍ തിരമാലകള്‍ സൃഷ്ട്ടിച്ചു.
അവ പേശികളിലേക്ക് ഉത്തേജനം പകര്‍ന്നു.
അന്നുവരെയില്ലാത്ത ആവേശത്തോടെ അവന്‍ കല്ലില്‍ മുറുകെ പിടിച്ചു.
ഇപ്പോള്‍ കണ്മുന്നില്‍ ശത്രു മാത്രം.
കല്ല് ലക്ഷ്യത്തിലേക്ക് കുതിച്ചു.
ടാങ്ക് ചിരിച്ചു
ഹിലാല്‍ കരഞ്ഞില്ല
*************** *************** ***************** *********************
" നിന്നില്‍ നിന്നും വരുന്നു ,നിന്നിലേക്ക് മടങ്ങുന്നു ."
പള്ളിയില്‍ നിന്നും പ്രാര്‍ത്ഥയുയര്‍ന്നു.
" ഞങ്ങളില്‍ ഓര്‍മ്മകള്‍ ബാക്കിയാക്കിട്ട്"
സലിം ആരോടെന്നില്ലാതെ പറഞ്ഞു.
ഹിലാലിന്റെയും ആയിഷയുടെയും പിന്നെ കുറേയേറെ കുഞ്ഞുങ്ങളുടേയും ഖബറിടത്തില്‍ നിന്നു തിരിഞ്ഞു നടക്കുമ്പോള്‍ ഖാലിദ് ചോദിച്ചു ." അവരെന്തിനാണ് ഈ കുഞ്ഞുങ്ങളെ ? "
വൃദ്ധനായ
ഹംസ പറഞ്ഞു. " അവര്‍ക്ക് വേണ്ടത് അന്ത്യമടുത്ത കിഴവന്മാരെയല്ല. നമ്മുടെ ഭാവി തലമുറകളെയാണ്. സ്കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെടുമ്പ്പോള്‍ നമുക്കു പിന്ഗാമികളാകേന്ടവര്‍ നമുക്കു മുന്‍പേ പോകുന്നു "
ആ വാക്കുകളുടെ മുഴക്കത്തില്‍ എല്ലാവരും നിശബ്ദരായി.
ഹാഷിം ഹിലാലിന്റെ ഖബറിടത്തിനരികില്‍ ചിന്തയിലാണ്ടു നില്‍ക്കുകയായിരുന്നു.
കണ്ണീരടക്കി നില്‍ക്കാന്‍ അവനും ശീലിച്ചിരുന്നു.
എങ്കിലും ഉള്ളിലെന്തോ..........................
ഇത് എത്രാമത്തെ തവണയാണ് ഇവിടെ നില്‍ക്കുന്നത്?
ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഹാഷിം തിരിഞ്ഞു നടന്നു .
അവന്റെ കാലുകള്‍ ഒരു കല്ലില്‍ത്തട്ടി.
ഹാഷിം അത് കുനിഞ്ഞെടുത്തു.എന്നിട്ട് വഴിയരികിലേക്കു മാറ്റിയിട്ടു.
ഹാഷിമിനെ നോക്കി തിരിഞ്ഞു നിന്ന സലിം അതു കണ്ടപ്പോള്‍ നിസ്സഹായതയോടെ ഓര്‍ത്തു
പ്രതീക്ഷകളസ്തമിക്കുമ്പ്പോള്‍ പ്രതിരോധവും നിലയ്ക്കുന്നു.