"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Friday, October 28, 2011

യാത്ര

വഴിയമ്പലങ്ങളില്‍ കണ്ണുടക്കരുത്
കണ്ണുടക്കിയാല്‍ കാലിടറും.
തിളച്ചു പൊന്തേണ്ട    യൌവനം  മഞ്ഞു
പോലെയുരുകി മാറും നേരം
ദിശാസൂചികള്‍ തിരിച്ചു വെയ്ക്കുക .
നിയതമാം വഴികളി ലൂടൊരു പുഴയും പായാറില്ല
തെറ്റിയും തെറിച്ചും പരിധിക ളുയര്തിയും
പരിമിതികളൊതുക്കിയും മുന്നോട്ട്.
അര്‍ദ്ധ വിരാമം കഴിഞ്ഞിനി യാത്ര തുടരാം

Saturday, June 25, 2011

കംഗാരുക്കളുടെ നാട്

ഏഴാം ക്ലാസ്സു മുതലാണ് ഓസ്ട്രേലിയയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയത്.അന്നാണ് സന്തോഷിന്റെ അച്ഛന്‍ ഓസ്ട്രേലിയയിലാണെന്ന് ഞാനറിഞ്ഞത്.
അന്നാകെ എനിക്കറിയാവുന്ന വിദേശരാജ്യം ആകാശത്തുള്ള ഗള്‍ഫാണ്
.പലരും വിമാനം കയറി അങ്ങോട്ട്‌ പോകുന്നത് ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു. എന്റെ അച്ഛനും പോകാറുണ്ട്, അടുത്തുള്ള ഫാക്ടരിയിലനെന്നു  മാത്രം.
ക്ലാസ്സില്‍ വെച്ച് ഞാനെപ്പോഴും സന്തോഷിനെ നോക്കും.
ആരോടും മിണ്ടാത്ത ഗമക്കാരന്‍. അവന്റെ അമ്മയ്ക്കും ജോലിയുണ്ടത്രേ.
 പക്ഷെ നാട്ടിലാണ് എന്നറിഞ്ഞപ്പോള്‍ എനിക്കല്പം ആശ്വാസം തോന്നി.
ഒരിക്കല്‍ ഞാനവനോട്

ഓസ്ട്രല്യന്‍ വിശേഷങ്ങള്‍ തിരക്കാന്‍ ചെന്നു.അവനാകട്ടെ എന്നെ തീര്‍ത്തും അവഗണിച്ചു. ആ നിമിഷം ഞാന്‍ തീരുമാനിച്ചു. വലുതായാല്‍ ഞാനും പോകും ഒസ്ട്രലിയയക്ക്.
 
പക്ഷെ...... പക്ഷെ ഇപ്പൊ ഞാനവന്റെ മുന്‍പില്‍ തോറ്റല്ലോ!

അന്ന് വയ്കുന്നേരം എന്നെ വീട്ടില്‍ കണ്ടപ്പോള്‍ മധുസാര് ശരിക്കും അമ്പരന്നു.അദ്ദേഹം എന്റെ സ്ക്കൂളിലല്ല ‍പഠിപ്പികുന്നതെങ്കിലും ഞങ്ങള്‍ അയല്‍ക്കാരായിരുന്നു.


"എനിക്ക് ആസ്ട്രേലിയയെ പറ്റി കുറച്ചു പറഞ്ഞു തരാമോ? "
എന്റെ ചോദ്യം സാറിനെ ഞെട്ടിച്ചുവെന്നത് ഉറപ്പാണ്‌.

ഇന്ന് വരെ ഒരു പൊട്ട സംശയം പോലും ചോദിക്കാത്ത ഞാനാണീ ഉഗ്രന്‍ സംശയം ചോദിച്ചത്.

സാറിന്റെ മുഖത്തു ഒരു ചെറു ചിരി വിരിഞ്ഞോ?

എന്റെ മുഖം വാടി. അത് കണ്ടാവണം സാര്‍ പറഞ്ഞു

"ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്നത് ബുദ്ധിയുടെ ലക്ഷണമാണ് "

അത് ഒരു സമാശ്വാസ സമ്മാനമാണ്.

"സുമെഷിനെന്തിനാ ആസ്ട്രേലിയ?"

സത്യം പറയല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നെനിക്കു പണ്ടേ അറിയാം. ഞാനൊന്നും മിണ്ടിയില്ല.

"ശരി, അതെന്തുമായിക്കൊള്ളട്ടെ. ആസ്ട്രേലിയ എന്നത് ദക്ഷിണായന രേഖയ്ക്ക് തെക്കുമാറി.............."

"അയ്യോ! അതൊന്നും വേണ്ട! വേറെ എന്തെങ്കിലും "

സാറിന്‍റെ ക്ലാസ് മുറിച്ചാണ് ഞാന്‍ പറഞ്ഞത്.കാര്യം പിടികിട്ടിയ മട്ടില്‍ തലകുലുക്കിക്കൊണ്ട് മധു സാര്‍ അകത്തേക്ക് പോയി.തിരികെ വന്നപ്പോള്‍ കൈയിലൊരു എമണ്ടന്‍ പുസ്തകവുമുണ്ടായിരുന്നു.

"ഇതാണ് സുമേഷ് വിശ്വ വിജ്ഞാന കോശം.ഇതില്‍ നിനക്ക് വേണ്ടതുണ്ട്"
ആ തടിമാടന്‍ പുസ്തകം എന്റെ കൈകളിലേക്ക് വെച്ച് കൊണ്ട്സാര്‍ പറഞ്ഞു
"പിന്നെ തിരിച്ചു തന്നാല്‍ മതി"
ഞാന്‍ ഞെട്ടി നില്‍ക്കുകയാണ്. നേരെ ചൊവ്വേ പുസ്തകം വായിക്കാതെ ബാലരമയും വായിച്ചു നടക്കുന്ന ഞാന്‍ ഞെട്ടാതിരിക്കുമോ?
"സാരമില്ല ,സന്തോഷിനെ തോല്പ്പിക്കാനല്ലേ? അതിനു ഞാന്‍ എന്തും ചെയ്യും"

എന്‍റെ മനസിനെ ഞാന്‍ തന്നെ ആശ്വസിപ്പിച്ചു.
അന്ന് രാത്രി ഞാന്‍ വളരെ വൈകിയാണ് കിടന്നത്.സാധാരണ സ്വപ്നത്തില്‍ കടന്നു വരാറ് കണക്കു പഠിപ്പിക്കുന്ന രമണി ടീച്ചറും പിന്നെ ഷംനയും ഒക്കെയാണ്.

പക്ഷെ അന്ന് സ്വപ്നത്തില്‍ നിറഞ്ഞു നിന്നത് പച്ച വിരിച്ച ഓസിസ് പുല്‍മേടുകളും ചാടിച്ചാടി നടക്കുന്ന കംഗാരുക്കുഞ്ഞുങ്ങളുമൊക്കെയായിരുന്നu


ഒരു ദിവസം ഇന്റെര്‍വെല്ലിനു ഞാനുറക്കെ ഹമീദിനോട് ചോദിച്ചു
"നിനക്കറിയാമോ ഓസ്ട്രേലിയ ഒരേ സമയം ഒരു ഭൂഖണ്ഡവും ഒരു രാജ്യവുമാണ്"
അത്ഭുതത്തോടെ ഹമീദ് എന്നെ നോക്കി.
പതിയെ പതിയെ ആരാധനാ ഭാവം മുറ്റി നില്‍ക്കുന്ന കണ്ണുകളുമായി കുട്ടികള്‍ ഓരോരുത്തരും എനിക്ക് ചുറ്റും കൂടി, അവനൊഴികെ.


പിറ്റേന്നും എന്‍റെ ഓസിസ് വിശേഷങ്ങള്‍ കേള്‍ക്കാന്‍ കൂട്ടുകാര്‍ കൂടി.

അന്നെന്നെ ആവേശം കൊള്ളിച്ചത് ഷംനയുടെ ആരാധന കലര്‍ന്ന നോട്ടമല്ല മറിച്ച് തലയല്‍പം ചരിച്ചു എന്നാല്‍ എന്നെ നോക്കുന്നില്ല എന്ന മട്ടില്‍ അവന്‍ എന്നെ നോക്കിയതാണ്.

 ഹാവൂ ! ആദ്യ ജയം!


രാത്രികളെ പകലുകളാക്കി ഞാന്‍ ഓപെറ ഹൌസിനു ചുറ്റും അലഞ്ഞു.
അത് കൊണ്ട് തന്നെ ചില പകലുകള്‍ രാത്രിയാക്കേണ്ടിയും വന്നു.
ഒരിക്കല്‍ രമണി ടീച്ചറിന്റെ കണക്കു ക്ലാസ്സിലിരുന്നു ഉറങ്ങിയതിനു നല്ല രണ്ടടിയും കിട്ടി. അടിയേക്കാള്‍ എന്നെ നോവിച്ചത് അടിക്കുന്നത് ഷംന കണ്ടല്ലോ എന്നതാണ് .
ദിവസങ്ങള്‍ കഴിയും തോറും മധു സാറിന്‍റെ കൈവശമുള്ള സകല ഓസ്ട്രെലിയന്‍ വിവരങ്ങളും എന്‍റെ തലമണ്ടയിലായി.
പത്രങ്ങളില്‍ വരുന്ന(പത്രം എന്നൊരു സാധനം ഉണ്ടെന്നറിഞ്ഞതും annanu ) ഓസ്ട്രലിയാന്‍ വാര്‍ത്തകളും സാര്‍ അടിവരയിട്ടു തരും.ഞാന്‍ അതെല്ലാം ആര്‍ത്തിയോടെ വായിക്കും.
എന്‍റെ ഈ ആവേശം കണ്ടാണ്‌ ദൈവം ഒരു കളി കളിച്ചത്, സിഡ്നി ഒളിമ്പിക്സ്.


ഞാന്‍ കൂടുതല്‍ ആരാധകരെ സൃഷ്ട്ടിച്ചു.
മലയാള പത്രങ്ങളില്‍ വന്നതിലേറെ ഓസിസ് വിശേഷങ്ങള്‍ ഞാന്‍ അതിനോടകം കൂട്ടുകാര്‍ക്കു പറഞ്ഞു കൊടുത്തു കഴിഞ്ഞിരുന്നു.

ഇംഗ്ലിഷ് പത്രത്തിലെ ഓസിസ് സുന്ദരിമാരുടെ പടം ഞാന്‍ വെട്ടിയെടുത്തു സൂക്ഷിച്ചു (അതിനു വേറൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു കേട്ടോ).

സ്കൂളില്‍ ഞാനൊരു ഹീറോ ആയിമാറി. ഓസട്രലിയിലെ മോഷ്ടിക്കപ്പെട്ട തലമുറകളെ പറ്റി വികാര ഭരിതനായി ഞാന്‍ പറയുമ്പോള്‍ ഷംനയടക്കമുള്ള സുന്ദരിമാരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.



ഹോ ! അതൊക്കെ ഒരു കാലം!

സന്തോഷ്‌ എന്നോട് ചങ്ങാത്തം കൂടാന്‍ വരുന്നത് ഒരു കണക്കു ക്ലാസ്സിലാണ്. എന്‍റെ കണക്കു കൂട്ടലുകള്‍ എന്നും തെറ്റിയിട്ടേ ഉള്ളൂ.


രമണി ടീച്ചര്‍ ഇട്ടു തന്ന കണക്കിന്റെ ഉത്തരം ഈ ഭൂ ഗോളത്തിന്റെ ഏതറ്റത്തായിരിക്കുമെന്നു ഞാനമ്പരന്നിരിക്കെ സന്തോഷ്‌ അവന്റെ ബുക്ക്‌ എനിക്ക് നേരെ നീട്ടി.


ഗതികെട്ടവന്റെ മുന്നില്‍ പുല്ലിട്ടും ദൈവം പരീക്ഷിക്കുമല്ലോ!.
ആദര്‍ശങ്ങളെ ഓസ്ട്രളിയയിലേക്കയച്ചു ഞാനത് കോപ്പിയെടുത്തു.

eന്നാലും അവന്‍ കൂടുതല്‍ അടുത്തില്ല, ഞാനും.


എനികതിന്റെ ആവശ്യം ഇപ്പോഴില്ലല്ലോ!


ഒരിക്കല്‍ "ഓസട്രലിയയില്‍ 13254898245815 പേരധിവസിക്കുന്നു" എന്ന് പറഞ്ഞു കൊണ്ടിരിക്കെ അവന്‍ കയറി വന്നു.എന്‍റെ വാചകം അവന്റെ മുഖത്തൊരു വളവുണ്ടാക്കി.



അതിന്റെ പേരാണ് മുഖം ചുളിക്കല്‍ എന്ന് പിറ്റേന്നും അവനാ ആന്ഗ്യം കാണിച്ചപ്പോഴാണ്‌ എനിക്ക് മനസിലായത്. ‍
ഒരു ദിവസം ഉച്ചയ്ക്ക് അവനെന്റെ അരികിലേക്ക് വന്നു.എന്‍റെ കൈ പിടിച്ചു കൊണ്ടവന്‍ നടക്കാന്‍ തുടങ്ങി.
കൈ വിടുവിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല.കാരണം ഞങ്ങള്‍ നടന്നത് പട്ടാളം മാധവന്റെ കടയിലേക്കായിരുന്നു.
 അവനെനിക്ക് നാരങ്ങ വെള്ളവും കപ്പലണ്ടി മുട്ടായിയും വാങ്ങി തന്നു.
ഹോ! ത്യാഗത്തിന്റെ പ്രതിഫലം!.


ഒടുവില്‍ അവനെന്നെ അംഗീകരിച്ചിരിക്കുന്നു.!


ഞാനവനോട് ഓസ്ട്രലിയന്‍ നാടോടിക്കഥകള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി.പറഞ്ഞതെല്ലാം തല കുലുക്കി കേട്ടതല്ലാതെ അവനൊന്നും മിണ്ടിയില്ല.
പിറ്റേന്നും ഈ കളി ആവര്‍ത്തിച്ചു.ഇതിന്റെ പേരാണ് കൈക്കൂലി എന്ന് ഒരു സര്‍ക്കാര്‍ ജീവനക്കാരനായ ശേഷമാണു എനിക്ക് പിടികിട്ടിയത്.
എന്നും എനിക്ക് കൈക്കൂലി കിട്ടികൊണ്ടിരുന്നു.പകരം ഞാന്‍ ക്ലാസില്‍ നിശബ്ദനായി.
പക്ഷെ തീര്‍ത്തും അടങ്ങിയിരിക്കാനെനിക്ക് കഴിയില്ലല്ലോ ?

കഥകള്‍ ഞാനവനോട് പറഞ്ഞു കൊണ്ടിരുന്നു.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു

"ഓസ്ട്രലിയയില്‍ എത്ര പക്ഷികള്‍ ഉണ്ടെന്നു നിനകറിയാമോ?"

ഒരു തലയാട്ടല്‍ .

"എത്ര സ്ത്രീകള്‍ ഉണ്ടെന്നു?"

"എത്ര ജോലിക്കാര്‍?"

തുടരെ തുടരെ ഞാന്‍ ജയിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയല്ലേ?.

അടുത്ത ചോദ്യത്തിനായി ഞാന്‍ വാ തുറക്കാന്‍ പോയപ്പോഴേക്കും അവന്‍ അലറി

"നിറുത്തെടാ!!!!"

എനിക്ക് ചിരിയാണ് വന്നത്

ഒരു പരാജിതന്റെ കോപം.

പൊടുന്നനെ അവന്‍ ചോദിച്ചു.

"ഓസട്രലിയയില്‍ എത്ര തടവുകാര്‍ ഉണ്ടെന്നു നിനക്കറിയാമോ? "

ഞാന്‍ നൂറു വട്ടം ഞെട്ടിപ്പോയി.

മാസങ്ങളായുള്ള എന്‍റെ പരിശ്രമം, കഷ്ടപ്പാട്, എല്ലാമെല്ലാം വെള്ളത്തിലായി........

ഓസ്ട്രെലിയന്‍ തടവുകാരെ പറ്റി എനികൊന്നുമറിഞ്ഞു കൂടാ!

വിജ്ഞാന കോശത്തിലോ, പത്രങ്ങളിലോ ഞാനവരെ കണ്ടില്ലല്ലോ ?

"ദൈവമേ! നീയെന്നെ വീണ്ടും വീണ്ടും തോല്പ്പിക്കുകയാണോ ?"

അവന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല.

നാണക്കേടിന്റെ പടുകുഴിയില്‍ കിടന്നു ഞാന്‍ സന്തോഷിന്റെ പൊട്ടിച്ചിരിക്ക് കാത്തു.

പക്ഷെ ..പക്ഷെ...........അതൊന്നുമല്ല സംഭവിച്ചത്,

അവന്‍ പതിയെ പറഞ്ഞു

"എത്രയുണ്ടെന്ന് എനിക്കുമറിയില്ല , "

ഒന്ന് നിറുത്തിയിട്ടു അവന്‍ തുടര്‍ന്നു

"പക്ഷെ ഒന്നറിയാം അതിലൊരാള്‍ എന്‍റെ അച്ഛനാണെന്ന് ! അത് പറഞ്ഞു ഞാന്‍ ഗമ നടിക്കണോ? "

"നടിക്കണോ?" ഞാനും എന്നോടു തന്നെ ചോദിച്ചു,ഒന്നല്ല orayiram thavana

അത് പറഞ്ഞു niruthumpolavante  mukhathundaya വികാരമെന്തെന്നു വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും എനിക്കറിഞ്ഞു കൂടാ.സത്യമായിട്ടും അറിഞ്ഞു കൂടാ!!!!!!!!!!!!!!