"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, August 17, 2019

അവർ കണ്ടുമുട്ടുമ്പോൾ

ഒരാമയും ഒരൊച്ചും
കണ്ടുമുട്ടുന്നെന്നു വെക്കൂ
അവരെന്താകും
പരസ്പരം പങ്കുവെയ്ക്കുക??

ഓട്ടമത്സരങ്ങളിലെന്നും
ഒടുവിലാകുന്നതിന്റെ വ്യഥയാകുമോ?
മത്സരങ്ങളിലെന്നേലും
മുന്നിലെത്തുന്ന സ്വപ്നങ്ങളാകുമോ?
ആവാൻ വഴിയില്ല

അവരുടെ കഥകൾ
വഴിയോരക്കാഴ്ചകളെക്കുറിച്ചാകും,
മെല്ലെ നീങ്ങുമ്പോൾ മാത്രം
മുന്നിലെത്തുന്ന വർണ്ണക്കാഴ്ചകൾ.
അറിഞ്ഞാസ്വദിച്ചോരോ ചുവടും
പിന്നിടുന്നതിന്റെ ഗൂഢസന്തോഷങ്ങൾ

സമയ കാലബോധങ്ങളിൽ
വേവലാതിപൂണ്ടിടറിയോടാതെ
ജീവിതം മെല്ലെ നുണഞ്ഞ്
നീങ്ങുന്നവർ,

ഇളവെയിലിൽ ചൂടോർമ്മയിലാമ,
ഒച്ചിനുള്ളതാത്മാവിലേക്കരിച്ചിറങ്ങും
തണുപ്പോർമ്മ
ഇരുവർക്കുമിടയിലൊരു
ധ്യാന ജീവിതം

അവർ
വിട്ടു പിരിയാൻ വയ്യാഞ്ഞിട്ട്
വീടു കൂടെ കൂട്ടുന്നവർ,
ഏകാന്തതയുടെ കാടു തേടുന്നവർ
അവരേറെ ഉള്ളിൽ പേറുന്നവർ
കഥകളേറെ കാത്തുവെക്കുന്നവർ

അവരുടെ രാത്രികൾക്ക്
ജീവിതത്തോളം നീളം,
പകലുകൾക്കുമതേ ദൈർഘ്യം.

തമ്മിലൊന്നു കാണാൻ തന്നെ
പാതയെത്രയവർ താണ്ടണം???

Wednesday, July 31, 2019

തർപ്പണം

നിന്റെ ഓർമ്മകൾക്കൊരു
തർപ്പണം ചെയ്യാനാലോചിക്കാറുണ്ടിടയ്ക്ക്
പിന്നെ, വേണ്ടെന്നു വെയ്ക്കും.

കടലെടുക്കുന്നത്
കണ്ടുനിൽക്കാൻ വയ്യ
കാക്കയ്ക്കും പൂച്ചയ്ക്കും
നൽകാനും വയ്യ
വഴിയരികിൽ, വെയിലിൽ
വാഴയിലയിൽ ,ഒരിളനീർ
നിനക്കായുപേക്ഷിച്ചു
നടന്നു മറയാൻ
എനിക്കിനിയുമായിട്ടില്ല...

Tuesday, September 12, 2017

കാഴ്ചകൾ

ഒരു ചരൽക്കല്ലു കാണുമ്പോൾ
ഒഴുക്കു നിലച്ചെന്നോ മരിച്ചൊരു
പുഴ കാണുന്നുണ്ട് ഞാൻ

വഴിയരികിലെ ചല്ലി കാണുമ്പോൾ
ഹൃദയം പൊട്ടിത്തകർന്നൊരു
മല കാണുന്നുണ്ട് ഞാൻ.

ഒരു മരുഭൂമി കാണുമ്പോൾ
മഴ കിട്ടാതെ ദാഹിച്ചു മരിച്ചൊരു
പഴയ പുൽമേടു കാണുന്നു ഞാൻ.

പൊന്നു മൂടിയൊരു പുതു-
പ്പെണ്ണിനെ കാണുമ്പോൾ
തങ്കത്തിളക്കമില്ലായ്കയാൽ
താലിയിനിയും വരാത്തൊരു
പെണ്ണിനെ കാണുന്നു ഞാൻ.

മിഡ്ടൗൺ ബാറിൽ നിന്നും
വേച്ചിറങ്ങുന്ന വൃദ്ധനിൽ
ഉലഞ്ഞാടുന്നൊരു വീടു കാണുന്നു ഞാൻ.

പോത്തീസ് സൂപ്പർസ്റ്റോഴ്സിലെ
ഇരുണ്ടു മെലിഞ്ഞ യൗവനങ്ങളിൽ
കൊടിയ ദാരിദ്യം കരകാട്ടം നടത്തുന്ന
ഒരായിരം തമിൽഗ്രാമങ്ങൾ കാണുന്നു ഞാൻ.

എന്നിലിപ്പോൾ കിനാവുകളല്ല.
കാഴ്ചകളുടെ പെരുക്കമാണ്.

Sunday, June 25, 2017

മുല്ല

പണ്ടൊരുവന്
പ്രണയം നൽകിയതാണ്
അങ്ങനെയാണ്
ശരീരം മാത്രം ബാക്കിയായതും
അതന്നമായതും.

നിറവും മണവും വറ്റിയെങ്കിലും
ഈ മുല്ലകളെ
രാത്രി നഗരത്തിനു വേണം.

Thursday, March 23, 2017

സർക്കസ്

അത്താഴപ്പട്ടിണിക്കാരിയുടെ
അടിവയറളവു കാണാൻ
ആളു കൂടുന്നിടം.

കുള്ളന്ടെ കണ്ണീരിൽ
കോമാളിത്തരം കണ്ട്
കൈയടിക്കുന്നിടം.

കത്തിയേറുകാരന്ടെ
കൈപ്പിഴയൊന്നിനായ്
കണ്ണു ചിമ്മാതെ കാത്തിരിക്കുന്നിടം.

മരണക്കിണറാഴത്തിൽ
ചുറ്റിത്തിരിഞ്ഞു പായുന്നോനെ
കാശു നീട്ടി കളിപ്പിക്കുന്നിടം.

Friday, September 9, 2016

ആർഷസമത്വം


അവരവരുടെ
ഫ്ളക്സ് ബോർഡുകളി
ലൊറ്റയ്ക്കിരിക്കുന്ന
ചെ ഗുവേരയ്ക്കും
വിവേകാനന്ദനും
ഏകാന്തത മാറ്റാൻ
രക്തസാക്ഷികളും
ബലിദാനികളും വേണം

Friday, December 18, 2015

വര്ണ്ണബലൂണുകള്‍


---------------------
അച്ഛന്ടെ ചുംബനങ്ങള്ക്ക്
ചവര്പ്പുരുചിയായതും
തഴുകേണ്ട വിരലുകള്
പാമ്പുപോലിഴഞ്ഞു തുടങ്ങിയതും
അവളറിഞ്ഞിട്ടില്ല.
അവളിപ്പോഴും അച്ഛന്
വാങ്ങി നല്കാമെന്നേറ്റ
വര്ണ്ണബലൂണുകളെ
സ്വപ്നം കാണുകയാണ്....

Tuesday, November 17, 2015

അലങ്കാര മത്സ്യമേ

അലങ്കാര മത്സ്യമേ

നീ മീനല്ല
നഗര നടുവിലെ
ശീതികരിച്ച  മുറിക്കുള്ളിലെ
ഒന്നരച്ചാണ്‍ സ്ഫടിക
ക്കൂടിനപ്പുറം നിനക്കറിയില്ല
ലോകം .

നിനക്ക് പുഴയാഴമറിയില്ല
ഒഴുക്കിനെതിരെ
നീന്താനറിയില്ല
ഒറ്റാലിൽ നിന്ന്'
തെറ്റാനുമറിയില്ല .

നിനക്ക് പ്രണയമറിയില്ല
ഇണയുടെ  വാലുരുമ്മി
കുറുകാനുമറിയില്ല .

പുതുമഴപ്പെയ്തി
ല്ലാഹ്ലാദം  പൂണ്ടു  നീങ്ങു -
മൊരു  കുരുന്നും  കൗതുക
ക്കണ്ണാൽ  നിന്നെ വിളിക്കില്ല
മാനത്തുകണ്ണീയെന്ന് .

നിനക്ക് 
പെരുമഴപ്പെയ്ത്തും
വേനൽ  വരൾച്ചയുമറിയില്ല .

ഒടുവിലൊരു ചൂണ്ടലിൽ
പ്രാണൻ  പിടയുമ്പോൾ
ചെകിളയൊന്നടർത്തി
അവസാന  ശ്വാസമെടു
 ത്തൊടുങ്ങാനും  നിനക്കറിയില്ല
നീ മീനല്ല .

Sunday, May 31, 2015

പാനപാത്രം

പാതി ശൂന്യമീ
പാനപാത്രത്തിൻ
മറു പകുതിയിൽ
തിളയ്ക്കുമസംതൃപ്തി.

Friday, May 22, 2015

തോറ്റ യുദ്ധത്തിലെ പടയാളികൾ

ഞങ്ങൾ
തോറ്റ യുദ്ധത്തിലെ പടയാളികൾ
വീര കഥകൾ പാടുന്ന മുറിവുകൾ  പേറാത്തവർ.
മേലാളന്മാരനുരന്ജനത്തിനത്താഴ
മേശമേൽ മധുചഷകമുയര്തുമ്പോൾ
അത്തലൊടുങ്ങാതാപമാന ഭരിതരായ് ഞങ്ങൾ.
അപകര്ഷത തൻ  ചുറ്റിക  തലപ്പുകളാ
ഞ്ഞടിക്കുപ്പോഴും  ശിരസ്സിനുള്ളിൽ  കാത്തു
വെയ്ക്കാറുണ്ടോർമ്മകൾ, നോവുകൾ.
കൊടും തണുപ്പിൽ, കൊടിയ  വേനലിൽ
പൊരുതാൻ മടിക്കാതെ നിന്നവർ ഞങ്ങൾ .
ഇനിയാൾക്കൂട്ടമിതു നിൻ  പിഴ , നിന്റെ
മാത്രംപിഴയെന്നാർക്കുമ്പോൾ
സ്വയം  തീർത്ത കിടങ്ങുകളിൽ
മരണത്തിനും വേണ്ടാതെ  ഞങ്ങളിങ്ങനെ .....

Saturday, May 16, 2015

മഴ

മഴയ്ക്ക് 
നനയ്ക്കാൻ മാത്രമല്ല 
കരയിക്കാനുമറിയാം 

Monday, May 4, 2015

പ്രണയം

ദീര്‍ഘമൗനങ്ങള്‍,
ഒറ്റവാക്കുത്തരങ്ങള്.
ഇങ്ങനെയൊക്കെയാവും
ഓരോ പ്റണയങ്ങളും
അതല്ലാതാകുന്നത്....


Tuesday, September 11, 2012

പാവം മഴ


പാവമീ മഴയെയാര്‍ക്കും വേണ്ടത്രേ 
പാടിപ്പുകഴ്ത്തുവാനില്ല കവികളാരുമവര്‍ 
കടുത്ത ബിംബങ്ങള്‍ തേടിയെങ്ങോ പോയ്‌ 
മരവുമില്ലൊരു മയൂരവുമില്ലീ മഴയെ 
കാത്തു നില്‍ക്കുവാന്‍ ,  മാറോടണച്ചിടാന്‍

ഒരുമിച്ചൊരു മഴ നനഞ്ഞൊട്ടി നടക്കുവാ
നില്ല കമിതാക്കള്‍ക്കു നേരം.
പത്തു പൈസക്കു പതിനായിരമാണു സന്ദേശ
മതയക്കുവാന്‍ കൂടി തികയില്ല കാലം.

കുംഭമാസച്ചൂടിനെ തണുപ്പിക്കുവാ
നോരായിരം ബിയറുകുപ്പികള്‍ പൊട്ടുന്നു.
ഐപോടു വെച്ചടച്ച കാതുകളില്‍ 
മഴതന്‍ മര്‍മരഗീതം തട്ടിത്തകരുന്നു.

കുംഭമാസച്ചൂടിനെ തണുപ്പിക്കുവാ
നോരായിരം ബിയറുകുപ്പികള്‍ പൊട്ടുന്നു.
ഐപോടു വെച്ചടച്ച കാതുകളില്‍ 
മഴതന്‍ മര്‍മരഗീതം തട്ടിത്തകരുന്നു.

പുഴയെവിടെ? എന്‍  പ്രിയയെവിടെയെ 
ന്നാര്‍ത്തു കരഞ്ഞുവിളിച്ചു  നടക്കവേ 
പാഞ്ഞു പോയൊരാ സ്കൂള്‍ വാനിന്‍ 
ചില്ലില്‍ തലയടിച്ചു ചത്തുപോയീ  മഴ.

നഗര മധ്യത്തിലൊരു  കൊണ്ക്രീട്ടു  കാടി
നുള്ളിലുരുക്കുകൂട്ടിന്‍ നടുവിലിരുന്നു 
പുഴമണലല്പനേരം കരഞ്ഞു 
പാവം  മഴയ്ക്കായി. .....................

Thursday, July 26, 2012

നിശാഗന്ധി


നിശാഗന്ധികള്‍ പൂക്കുന്നതും കാത്ത്
എത്രയോ രാവുകളിലുറക്കം വെടിഞ്ഞു ഞാന്‍
 നിയോണ്‍  വെളിച്ചത്താല്‍ മാനഭംഗം ചെയ്യപ്പെട്ടോരാ 
നിലാവിനെ നോക്കിയിനിയെങ്ങനെ 
നിശാഗന്ധികള്‍ പുഞ്ചിരിക്കും ?

Friday, October 28, 2011

യാത്ര

വഴിയമ്പലങ്ങളില്‍ കണ്ണുടക്കരുത്
കണ്ണുടക്കിയാല്‍ കാലിടറും.
തിളച്ചു പൊന്തേണ്ട    യൌവനം  മഞ്ഞു
പോലെയുരുകി മാറും നേരം
ദിശാസൂചികള്‍ തിരിച്ചു വെയ്ക്കുക .
നിയതമാം വഴികളി ലൂടൊരു പുഴയും പായാറില്ല
തെറ്റിയും തെറിച്ചും പരിധിക ളുയര്തിയും
പരിമിതികളൊതുക്കിയും മുന്നോട്ട്.
അര്‍ദ്ധ വിരാമം കഴിഞ്ഞിനി യാത്ര തുടരാം