ഒരു ചരൽക്കല്ലു കാണുമ്പോൾ
ഒഴുക്കു നിലച്ചെന്നോ മരിച്ചൊരു
പുഴ കാണുന്നുണ്ട് ഞാൻ
വഴിയരികിലെ ചല്ലി കാണുമ്പോൾ
ഹൃദയം പൊട്ടിത്തകർന്നൊരു
മല കാണുന്നുണ്ട് ഞാൻ.
ഒരു മരുഭൂമി കാണുമ്പോൾ
മഴ കിട്ടാതെ ദാഹിച്ചു മരിച്ചൊരു
പഴയ പുൽമേടു കാണുന്നു ഞാൻ.
പൊന്നു മൂടിയൊരു പുതു-
പ്പെണ്ണിനെ കാണുമ്പോൾ
തങ്കത്തിളക്കമില്ലായ്കയാൽ
താലിയിനിയും വരാത്തൊരു
പെണ്ണിനെ കാണുന്നു ഞാൻ.
മിഡ്ടൗൺ ബാറിൽ നിന്നും
വേച്ചിറങ്ങുന്ന വൃദ്ധനിൽ
ഉലഞ്ഞാടുന്നൊരു വീടു കാണുന്നു ഞാൻ.
പോത്തീസ് സൂപ്പർസ്റ്റോഴ്സിലെ
ഇരുണ്ടു മെലിഞ്ഞ യൗവനങ്ങളിൽ
കൊടിയ ദാരിദ്യം കരകാട്ടം നടത്തുന്ന
ഒരായിരം തമിൽഗ്രാമങ്ങൾ കാണുന്നു ഞാൻ.
എന്നിലിപ്പോൾ കിനാവുകളല്ല.
കാഴ്ചകളുടെ പെരുക്കമാണ്.
No comments:
Post a Comment