വായിക്കുന്ന എല്ലാ പുസ്തകങ്ങളേക്കുറിച്ചും എഴുതാൻ കഴിയാറില്ല. കാരണം എഴുതുമ്പോൾ പുസ്തകത്തേക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ മാത്രമല്ല എഴുതുന്നത്. വ്യക്തിപരമായ അനുഭവങ്ങളും ചിന്തകളുമൊക്കെ കേറിവരും. അത് പുസ്തകത്തെ വിലയിരുത്തുന്ന എഴുത്തിൽ വരേണ്ടതില്ലല്ലോ എന്നു കരുതി ആ എഴുതാൻ വന്നതപ്പാടെ ഉപേക്ഷിക്കും. ഇത്തവണ അതിനാകില്ല,കാരണം ഇതെന്റെ കൂടി പുസ്തകമാകുന്നു. ഒരു വായനക്കാരനെന്ന നിലയിൽ ഞാൻ കൂടി കടന്നു പോകുന്ന, ഒരു പക്ഷേ എല്ലാ വായനക്കാരും കടന്നു പോകുന്ന അവസ്ഥകൾ, മനസിലൂടെ കടന്നു പോകുന്ന, ആരോടും പറയാത്ത
പറഞ്ഞാൽ തന്നെ അതെങ്ങനെ സ്വീകരിക്കപ്പെടുമെന്നും ഇനിയീ ചിന്ത എന്റേതു തന്നെയാണോ മുൻപെവിടെയോ വായിച്ച ഏതേലും എഴുത്തുകാരന്റേതാണോ തുടങ്ങിയ സന്ദേഹങ്ങൾ ഒക്കെ ഇതിൽ വായിച്ചെടുക്കാം.
Nothing is personal എന്നതിനു ബദലായി everything is personal എന്നു പറയാറില്ലേ, വായനയും അതു പോലെയാണ്. ഓരോ പുസ്തകവും ഓരോ വായനക്കാരനും ഓരോ ലോകമാണ്.അവനു സ്വാസ്ഥ്യം നൽകുന്നത് അതിലെ ഏതു ഭാഗമാണെന്നോ, ഏതു കഥാപാത്രമാണെന്നോ ഒന്നും ചിലപ്പോൾ പറയാൻ കഴിയില്ല. വായനക്കാരന്റേയും എഴുത്തുകാരന്റേയും ലോകങ്ങൾ വിചിത്രമാണ്. എഴുത്തുകാരനത് സർഗസൃഷ്ടിയിലൂടെ അടയാളപ്പെടുത്തുമ്പോൾ വായനക്കാരൻ ഓരോ പുസ്തകത്തിലും തന്നെത്തന്നെ തേടുകയാണ്. ആരാണ് എന്റെ ചിന്തകളെ വരച്ചിടുന്നത് ?ഏതു പുസ്തകമാണ് എന്റെ സ്വത്്വ വത്തെ അനുകരിക്കുന്നത്? അവന്റെ അന്വേഷണങ്ങൾ അവസാനിക്കുന്നതേയില്ല.
സൂസന്നയുടെ ഗ്രന്ഥപ്പുര പുസ്തകങ്ങളേയും എഴുത്തുകാരേയും കുറിച്ചുള്ള പുസ്തകമല്ല, അത് വായനക്കാരേക്കുറിച്ചുള്ളതാണ്. വായനയിലൂടെ വളരുന്ന ഗാഢ സൗഹൃദങ്ങളേയും ആത്മ ബന്ധങ്ങളേയും കുറിച്ചാണ്. പ്രശസ്തരായ എഴുത്തുകാരും പുസ്തകങ്ങളുമെല്ലാം യഥേഷ്ടം കടന്നു വരുന്നുണ്ടിതിൽ. അവരെയെല്ലാം വ്യക്തിപരമായ ഓർമ്മകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും വായനയുമായി ബന്ധപ്പെട്ടിരിക്കുന്നു അഥവാ വായനയാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. ആദ്യന്തം ഒരേ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന അപൂർവം നോവലുകളിലൊന്നാണിത്.
ഇതിൽ കടന്നു വരുന്ന പുസ്തകങ്ങളേയും എഴുത്തുകാരേയുമൊക്കെ വായിക്കാൻ തോന്നുന്നു. കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര.
വായിച്ചു കഴിയുമ്പോൾ നിറഞ്ഞു എന്ന തോന്നലാണ് വന്നത്.ചില പുസ്തകങ്ങൾ വായിച്ചുതുടങ്ങുമ്പോൾ തന്നെ തോന്നാറില്ലേ, ഇതെന്റെ പ്രിയപ്പെട്ട പുസ്തകമാകും എന്ന്. എനിക്കതാണീ പുസ്തകം. പൊതുവേ വേഗത്തിൽ വായിക്കാനിഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇതിലെ ഓരോ വരികളും മെല്ലെ ആസ്വദിച്ചാണ് വായിച്ചത്. ഏകാന്തവും നിശബ്ദവുമായ രണ്ടു രാത്രികളിൽ ഇൗ പുസ്തകത്തിലാഴ്ന്നു മുഴുകി ജീവിക്കുകയായിരുന്നു. അത്രത്തോളം ശ്രദ്ധയും പരിഗണനയും അർഹിക്കുന്നുണ്ടിത്. ഇതോരോ വായനക്കാരന്റേയും പുസ്തകമാണ്.വായിക്കാൻ മാത്രമല്ല എഴുതാനും പ്രേരിപ്പിക്കുന്ന പുസ്തകം.,ഇതിലെ കഥയോ കഥാപാത്രസൃഷ്ടിയെക്കുറിച്ചോ ഒന്നും തന്നെ പറയുന്നില്ല. ഈ പുസ്തകം സൃഷ്ടിച്ച അനുഭൂതിയെക്കുറിച്ചല്ലാതെ മറ്റൊന്നും തന്നെ പറയാനില്ല.
അവിസ്മരണീയമായ വായനാനുഭവം സമ്മാനിച്ച അജയ് പി മങ്ങാട്ടിന് നന്ദി
2 comments:
Good...thanks for share your experience
Susanayude Granthapura is one of my favourites. And what you have penned down here, are the thoughts that go through a reader's mind. Sherikum of oru evolution of a reader. Great write up!👏
Post a Comment