"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Saturday, July 7, 2012

ഉസ്താദ് ഹോട്ടലിലെ വിഭവങ്ങള്‍

ഒരു നല്ല കാലത്തിലൂടെയാണ്‌ മലയാള സിനിമ കടന്നു പോയ്ക്കൊണ്ടിരിക്കുന്ന്നത്. യാഥാര്‍ത്യത്തോടടുത്തു നില്ക്കുന്ന, താര പ്രഭ കുറഞ്ഞ  എന്നാല്‍ പ്രേക്ഷകന് ഏറെ ഇഷ്ടപ്പെടുന്ന സിനിമകളുടെ ഒരു വസന്തം തന്നെയാണ് ഇപ്പോള്‍.  അതിനേറ്റവും മികച്ച ഉദാഹരണമാണ്‌ ' ഉസ്താദ് ഹോട്ടല്‍ '.

ഒരു കവിത പോലെ മനോഹരമായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. ആധുനിക ലോകത്തിന്റെ എല്ലാ ആവേശങ്ങളും  നെഞ്ചേറ്റിയ ഫൈസി എന്ന ചെറുപ്പക്കാരനും നന്മകള്‍ മാത്രമുള്ള അയാളുടെ അപ്പൂപനും (കരീം) തമ്മിലുള്ള ആത്മബന്ധവും ഉസ്താദ് ഹോട്ടല്‍ എന്ന അവരുടെ ഭക്ഷണശാലയും ഒക്കെയാണ് പ്രതിപാദ്യ വിഷയം.ശക്തമായ  തിരക്കഥ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു .അഞ്ജലി മേനോന്‍ എന്ന തിരക്കഥ കൃതിന്റെ മികച്ച രചനകളില്‍ ഒന്നാണ് ഉസ്താദ് ഹോട്ടല്‍ .

 സിനിമയുടെ തുടക്കം  ആണ്കുഞ്ഞിനായി കൊതിക്കുന്ന റസാഖ് എന്ന പിതാവിലാണ്.  തുടരെ തുടരെ മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ ജനികുമ്പോള്‍ അയാളുടെ മുഖത്തുണ്ടാകുന്ന നിരാശ നമ്മുടെ സമൂഹം ഇപ്പോഴും കൊണ്ടുനടക്കുന്ന ഒന്നാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് മഹാ അപരാധമായി കണ്ടിരുന്ന പഴയ തലമുറയില്‍നിന്ന് പെണ്കുഞ്ഞാണോ എന്ന ചോദ്യം ചോദിക്കുന്നിടത്തോളം മാത്രമേ വിദ്യാസമ്പന്നരെന്ന അഹങ്കാരം വെച്ച് പുലര്‍ത്തുന്ന നാം എത്തിയിട്ടുള്ളൂ എന്ന് വ്യക്തം.  പെണ്‍കുട്ടികള്‍ അടുക്കളയില്‍ കഴിയണം അല്ലെങ്കില്‍ കഴിയേണ്ടവരാണ് എന്ന അലിഖിത നിയമത്തെ പലപ്പോഴും നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയും. നായകന്‍ അടുക്കളയില്‍ കയറുന്നത് മോശമായി കരുതുന്നത്, ഒറ്റയ്ക്ക് പുറത്തുപോയി മടങ്ങി വരുന്ന നായിക ഇതെന്റെ സ്വാതന്ത്ര്യത്തിന്റെ അവസാന ദിവസമാണെന്ന് പറയുന്ന രംഗം ഒക്കെ സ്ത്രീയ്ക്ക് നാം കല്പിച്ചു നല്‍കുന്ന ഇടങ്ങളുടെ ചിത്രം കാട്ടിത്തരുന്നു. എന്റേത് ഒരു യാഥാസ്ഥിതിക കുടുംബമാണ്, എന്നാല്‍ ഞാന്‍ അങ്ങനെയല്ല എന്ന് പറയുന്നുണ്ടെങ്കില്‍ കൂടി നായികയ്ക്കും തന്റെ ഇഷ്ടങ്ങളെ പിന്തുടരുവാനുള്ള സ്വാതന്ത്ര്യം പരിമിതമാണ്.സ്ത്രീകള്‍ക്ക് എല്ലാം വളരെ എളുപ്പമല്ലേ എന്ന് ഒരിടത്ത് നായകന്‍ പറയുന്നുണ്ട്.എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ സ്ത്രീ എത്ര മാത്രം അതിക്രമങ്ങള്‍ക്ക് വിധേയയാകുന്നു എന്നതിന്റെ ഒരു ചെറു അനുഭവം നായകന് കിട്ടുന്നുണ്ട്. സഹികെട്ട് നായകന്‍ പ്രതികരിക്കുന്നുന്ടെങ്കിലും അതിനു പോലും കഴിയാത്തത്ര നിസ്സഹായതയിലേക്ക് സ്ത്രീ പലപ്പോഴും വീണുപോകാറുണ്ട്.

ഫൈസി എല്ലാ വിധ സുഖങ്ങളും ആസ്വദിച്ച്‌ അങ്ങനെ തന്നെ ഒഴുകുന്ന ഒരു ജീവിതം സ്വപ്നം കാണുന്നവനാണ്.പക്ഷെ ചില സംഭവങ്ങള്‍ അയാളുടെ ജീവിതത്തേയും തകിടം മറിക്കുന്നു.  എന്നിരുന്നാല്‍ പോലും ശീലിച്ചു വന്ന ജീവിതത്തിന്റെ ശേഷിപ്പുകള്‍ അയാളുടെ ശരീരഭാഷയിലും സംസാരത്തിലുമൊക്കെ പ്രകടമാണ്. തന്റെ muthachanu  കുറെ ഭാഷകളറിയാം എന്നറിയുമ്പോള്‍ ഫൈസി ചോദിക്കുന്നത് ഇംഗ്ലിഷ് അറിയാമോ എന്നാണ്.ഇമ്ഗ്ലീഷിനോടുള്ള അയാളുടെ ആവേശത്തെ തണുപ്പിക്കും മട്ടിലുള്ള ഉത്തരമാണ് ലഭിക്കുന്നത്. " ഇന്ഗ്ലിഷ് അതിനു ഇന്ത്യേലെ ഭാഷയല്ലല്ലോ ? "എനികേറെ ഇഷ്ട്ടമായ  ഒരു വാചകമായിരുന്നു അത്. ഹോട്ടല്‍ നഷ്ട്ടത്തിലാകുന്നത് കരീമിന്റെ ബിസിനെസ്സ് മനോഭാവത്തിന്റെ അഭാവത്തിലാണ് എന്ന് പറയുന്നത് നായകന്‍ കണ്ടു പരിചയിച്ച കച്ചവട ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്.

  മനോഹരമായ പശ്ചാത്തല സംഗീതം ചിത്രത്തില്‍ ഉടനീളം നമ്മെ പിന്തുടരുന്നു.കോഴിക്കോടിന്റെ തനതായ ഭക്ഷണപ്രിയവും സംഗീത പ്രേമവും നന്നായി ഈ സിനിമയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.അതിസുന്ദരമാണ് പ്രണയരംഗങ്ങള്‍.ചുംബനങ്ങളും  വര്‍ണ പകിട്ടേറിയ പശ്ചാതലവും കൂടാതെയും ഹ്ര്യ്ദ്യമായ പ്രണയരംഗങ്ങള്‍ അവതരിപ്പിക്കാം  എന്ന് ഈ പടം കാട്ടിത്തന്നു.
എഴുതുമ്പോള്‍ തിരകഥകൃത്ത് എന്താണോ മനസ്സില്‍ കാണുന്നത് അത് അതേപടി പകര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല.എന്നാല്‍ ഈ സിനിമയില്‍ സംവിധായകനും ക്യാമറമാനും തിരകഥകൃത്തും ഒരേ മനസോടെയാവണം പ്രവര്‍ത്തിച്ചത്. അല്ലെങ്കില്‍ ഇത്രത്തോളം മിഴിവ് ആ രംഗങ്ങള്‍ക്ക് വരില്ല.തീര്‍ച്ച . അതിലും രസകരം അത് നായികാനായക പ്രണയ രംഗങ്ങള്‍ അല്ല എന്നുള്ളത് ആണ്.പിനെന്തു എന്ന ചോദ്യത്തിന് സിനിമ കാണൂ എന്നെ ഞാന്‍ പറയൂ.

ഭക്ഷണത്തിന്റെ ധാരാളിത്തം എടുത്തുകാണിക്കുന്ന  നിരവധി രംഗങ്ങള്‍ ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കാണാം. ഭക്ഷണം കഴിക്കുക എന്നത് ഒരാഘോഷമാക്കി മാറ്റുന്ന കാലത്തിന്റെ നേര്‍കാഴ്ചകളാണ് fusion  ഫുഡ് ഫെസ്ടിവല്‍ കൊണ്ട് സിനിമ പറയാന്‍ ശ്രമിക്കുന്നത്. വയറു നിറപ്പിക്കാന്‍ ആരെകൊണ്ടും കഴിയും എന്നാല്‍ കഴിക്കുന്നവന്റെ  മനസ് നിറയ്ക്കല്‍ ആണ് പ്രധാനം എന്ന് വിശ്വസിക്കുന്ന കരീമിക്ക ജീവിതത്തെ വേറിട്ട കാഴ്ചപ്പാടിലൂടെ കാണുന്ന ആളാണ് .എക്സിക്യൂട്ടീവ് ഷെഫ് ആകാന്‍ കൊതിക്കുന്ന ഫൈസിയില്‍ നിന്നും ഏറെ വ്യത്യസ്തനാണ് വെപ്പുകാരന്‍ കരീം.

ആദര്‍ശങ്ങളില്‍ ഊന്നി ജീവിക്കുന്ന മനുഷ്യര്‍ മറ്റുള്ളവരുടെ കണ്ണില്‍ വെറും പരാജിത ജീവിതങ്ങളാണ്.സ്വന്തം മകനായ റസാഖ് പോലും കരീം എന്ന കിഴവനെ കാണുന്നത് അങ്ങനെയാണ്.എന്നാല്‍ സിനിമയുടെ അന്ത്യത്തില്‍ വിജയിയായ ഒരു മനുഷ്യനായി കരീം നടന്നു പോകുന്നുണ്ട്.ആദ്യ പകുതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭൂമികയിലെക്കാണ് രണ്ടാംപകുതി നമ്മെ കൊണ്ടുപോകുന്നത്.നാരായണ്‍ കൃഷ്ണന്‍ എന്ന മഹാനായ മനുഷ്യനെ സിനിമ പരിചയപ്പെടുത്തുന്നുണ്ട്.(അദ്ദേഹറെ പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് 2011  ല്‍ ആണ്. കുടുതല്‍ അറിയാന്‍ ഗൂഗിള്‍ സഹായിക്കും ).സിനിമ എന്ന ശക്തമായ മാധ്യമത്തിലൂടെ ഒരു ഒരു സാമൂഹിക പ്രവര്‍ത്തകനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉസ്താദ് ഹോട്ടല്‍ ന് കഴിയുന്നുണ്ട്. വിശക്കുന്നവര്‍ക്ക്, എനിക്ക് വിശക്കുന്നു എന്ന് പോലും പറയാന്‍ കഴിയാത്തവര്‍ക്ക് ആഹാരവും ആശ്വാസവുമായെത്തുന്ന നാരായണ്‍ കൃഷ്ണന്‍ ഈ സിനിമയില്‍  പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്.കാരണം ഈ സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന ആഹാരം എന്നത് ചില്ലറ വിഷയമല്ല.ഒരു സീനില്‍ പാചകക്കാരനായ(ക്ഷമിക്കണം ഷെഫ് )നായകന്‍ ഒരു കേക്കില്‍ പൂത്തിരി കത്തിച്ചു വെയ്ക്കുന്നു.കേക്ക് പൊട്ടിത്തെറിച് അതിഥികളുടെ മുഖത്ത് വീഴുന്നു,എല്ലാരും ആര്‍ത്തു ചിരിക്കുന്നു. അവിടെ ആഹാരം എന്നത് കഴിക്കാനുള്ളത് എന്നതിലുപരി ആഘോഷത്തിനുള്ള ഒരു ഉപകരണമായി മാറുകയാണ്‌.അവിടെയാണ് സ്വന്തം വിസര്‍ജ്യം ഭക്ഷിച്ചു വിശപ്പടക്കേണ്ടി     വരുന്നവന്റെ ഗതികെടിലേക്ക് നോക്കി പരിവര്‍ത്തനം സംഭവിക്കപ്പെടുന്ന നാരായണ്‍ എന്ന മനുഷ്യന്റെ വില നാം അറിഞ്ഞു തുടങ്ങുന്നത്.

നമ്മുടെ മാത്രം വിശപ്പ്,രുചിഭേദങ്ങള്‍ എന്നിവയെ പറ്റി ചിന്തിക്കുന്ന ഞാനും കൂടി ഉള്‍പ്പെടുന്ന സമൂഹത്തിനു ചിന്തിക്കാന്‍ ഏറെ വക നല്‍കുന്ന രചനയാണ് ഉസ്താദ് ഹോട്ടല്‍.വ്യ്കല്യം ബാധിച്ച കുഞ്ഞുങ്ങള്‍ക്കായി ബിരിയാണി തയാറാക്കുന്ന ഫൈസി പറയുന്നുണ്ട് ഇത്രയും നല്ല ഭക്ഷണം തന്‍ ഒരുക്കിയിട്ടില്ല എന്ന്.ആഹാരം എന്നത് രുചിപരീക്ഷനതിനുള്ള ഉപാധി എന്നതില്‍ കൂടുതല്‍ വിശപ്പടക്കാനുള്ള ഒന്നാണ് എന്ന വിലയേറിയ സത്യം ഫൈസി മനസിലാക്കുന്നു.

ആദ്യ പകുതിയിലെ പാചക സീനുകള്‍ കണ്ടു രസിച്ചിരുന്ന നമ്മെ ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണ് രണ്ടാം പകുതി സമ്മാനിക്കുന്നത്.സിനിമ എന്നത് വെറും വിനോദത്തിനു മാത്രമുള്ള ഒന്നല്ല എന്നും മറിച്ചു അത് ചില ഒര്മപ്പെടുതലുകല്കും തക്ക മാധ്യമമാണ് എന്ന് വിളിച്ചു പറയുന്നുണ്ട് ഉസ്താദ് ഹോട്ടല്‍ .കാലിക പ്രാധാന്യം ഏറെയുള്ള ഒരു വിഷയം ഒട്ടും ഇഴയാതെ തനിമ ചോരാതെ അവതരിപ്പിക്കാന്‍ കരുത്തുറ്റ ഒരു തൂലികയ്ക്കേ കഴിയൂ.അഞ്ജലി മേനോന്‍ മലയാളിക്ക് അഭിമാനിക്കന്ന ഒരു എഴുത്തുകാരിയായി മാറും എന്നതില്‍  സംശയമേ ഇല്ല.

എല്ലാതരം പ്രേക്ഷകരെയും ഒരേ പോലെ ആകര്‍ഷിക്കത്തക്ക രീതിയിലാണ്‌ ഉസ്താദ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഇഷ്ട്ടപ്പെടാതതായി എന്തെന്കിലുമുന്ദെന്കില് അത് നായികാ തെരെഞ്ഞെടുപ്പും ആടും ആടലോടകവും പോലെയുള്ള പാട്ടുമാണ്‌(appengalempadum ..........). ഒരു തരം നിര്‍ജീവമായ അഭിനയമാണ് നിത്യ ഇതില്‍ കാഴ്ച വെയ്ക്കുന്നത്.,പോരാത്തതിനു  മോശം ഭാഷയും.അതിനൊരു ന്യായീകരണമായി  banglore  പഠനം പറയുന്നുണ്ടെങ്കിലും വിഴുങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്.
കരീമിക്ക ആശുപത്രിയില്‍ കിടക്കുന്ന രംഗത്ത് നായികയുടെ മുഖത്ത് ഒരു നിര്‍വികാരതയാണ്‌.കുറ സീനുകളില്‍ നായിക പശ്ചാത്തലത്തില്‍ ആണെങ്കില്‍ കൂടി camarayileku  വെറുതെ നോക്കി നിക്കുന്നത് കണ്ടാല്‍ കഷ്ടം തോന്നും.മറ്റെല്ലാവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെയ്ക്കുന്നത്.വാതിലില്‍ എന്ന് തുടങ്ങുന്ന പാട്ട് ആണ് എനിക്കും കൂടുതല്‍ ഇഷ്ടമായത്.മൊത്തത്തില്‍ ഫലവത്തായ ഒരു പ്രയത്നം ആണ് ഈ പടം .

കൊട്ടക വിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ ഇത്ര മാത്രം "സിനിമ കാണിക്കുവാന്‍ ആര്‍കും കഴിയും എന്നാല്‍ കണ്ടിരിക്കുന്നവനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന സിനിമ, അതൊരു കലയാണ് .ഒക്കെ ഒരു കിസ്മത്താണ് ".

ഈ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്ന്റെ അഭിനന്ദനങ്ങള്‍.
ഈ സിനിമ നീ കണ്ടേ പറ്റൂ എന്ന് നിര്‍ബന്ധിച്ച മന്‍സൂര്‍ ഇക്കയ്ക്ക് പ്രത്യേകം നന്ദി .

7 comments:

റോസാപ്പൂക്കള്‍ said...

വളരെ നല്ല ഒരു അവലോകനം .
നന്ദി

ശ്രീ said...

നന്നായി.

പാരഗ്രാഫുകള്‍ തിരിച്ചെഴുതുന്നത് വായനാസുഖം നല്‍കും.

sulekha said...

റോസാപൂക്കള്‍> nandhi.
ശ്രീ> sradhikkam.:)

Prabhan Krishnan said...

സില്‍മ കണ്ടില്ല. ചില പൊട്ടും പൊടിയും ക്കെ റ്റീവീല് കണ്ടിരിക്ക്ണ്. അങ്ങനെ അത് മനസ്സിലുറച്ചിട്ട്ണ്ട്.. അവലോകനം ഭംഗിയായി ചെയ്തിരിക്കുന്നു.
ആശംസോള്..
സസ്നേഹം..പുലരി

പട്ടേപ്പാടം റാംജി said...

സിനിമ ഇനി കാണേണ്ടല്ലോ. അത്രയും വിശദമായി അവതരിപ്പിച്ചു. നല്ല സിനിമകള്‍ കൂടുതല്‍ ഇനിയും ഉണ്ടാകട്ടെ എന്ന് നമ്മള്‍ക്ക് ഉറപ്പിക്കാം അല്ലെ.
ഇനി പടം കാണണം.

sulekha said...

പുലരി > നന്ദിയുണ്ട് കേട്ടോ :)
പട്ടേപ്പാടം റാംജി > അതെ.

Unknown said...

vaathilill aa vaatthilil kaathorthu nee ninnilleeee,,,nannayirikkunnuu
njan filim kanduu ,,avalokanathinu nalla adukkum chittayum undu,,athile ella rangangaleyum ulkollichu ezhuthiyittundu