"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Saturday, August 17, 2019

അവർ കണ്ടുമുട്ടുമ്പോൾ

ഒരാമയും ഒരൊച്ചും
കണ്ടുമുട്ടുന്നെന്നു വെക്കൂ
അവരെന്താകും
പരസ്പരം പങ്കുവെയ്ക്കുക??

ഓട്ടമത്സരങ്ങളിലെന്നും
ഒടുവിലാകുന്നതിന്റെ വ്യഥയാകുമോ?
മത്സരങ്ങളിലെന്നേലും
മുന്നിലെത്തുന്ന സ്വപ്നങ്ങളാകുമോ?
ആവാൻ വഴിയില്ല

അവരുടെ കഥകൾ
വഴിയോരക്കാഴ്ചകളെക്കുറിച്ചാകും,
മെല്ലെ നീങ്ങുമ്പോൾ മാത്രം
മുന്നിലെത്തുന്ന വർണ്ണക്കാഴ്ചകൾ.
അറിഞ്ഞാസ്വദിച്ചോരോ ചുവടും
പിന്നിടുന്നതിന്റെ ഗൂഢസന്തോഷങ്ങൾ

സമയ കാലബോധങ്ങളിൽ
വേവലാതിപൂണ്ടിടറിയോടാതെ
ജീവിതം മെല്ലെ നുണഞ്ഞ്
നീങ്ങുന്നവർ,

ഇളവെയിലിൽ ചൂടോർമ്മയിലാമ,
ഒച്ചിനുള്ളതാത്മാവിലേക്കരിച്ചിറങ്ങും
തണുപ്പോർമ്മ
ഇരുവർക്കുമിടയിലൊരു
ധ്യാന ജീവിതം

അവർ
വിട്ടു പിരിയാൻ വയ്യാഞ്ഞിട്ട്
വീടു കൂടെ കൂട്ടുന്നവർ,
ഏകാന്തതയുടെ കാടു തേടുന്നവർ
അവരേറെ ഉള്ളിൽ പേറുന്നവർ
കഥകളേറെ കാത്തുവെക്കുന്നവർ

അവരുടെ രാത്രികൾക്ക്
ജീവിതത്തോളം നീളം,
പകലുകൾക്കുമതേ ദൈർഘ്യം.

തമ്മിലൊന്നു കാണാൻ തന്നെ
പാതയെത്രയവർ താണ്ടണം???

2 comments:

Unknown said...

Thammil onnu kanan paadha ethra avar thandanam??? Kilometres & Kilometres..

sulekha said...

😂😀