"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Tuesday, September 11, 2012

പാവം മഴ


പാവമീ മഴയെയാര്‍ക്കും വേണ്ടത്രേ 
പാടിപ്പുകഴ്ത്തുവാനില്ല കവികളാരുമവര്‍ 
കടുത്ത ബിംബങ്ങള്‍ തേടിയെങ്ങോ പോയ്‌ 
മരവുമില്ലൊരു മയൂരവുമില്ലീ മഴയെ 
കാത്തു നില്‍ക്കുവാന്‍ ,  മാറോടണച്ചിടാന്‍

ഒരുമിച്ചൊരു മഴ നനഞ്ഞൊട്ടി നടക്കുവാ
നില്ല കമിതാക്കള്‍ക്കു നേരം.
പത്തു പൈസക്കു പതിനായിരമാണു സന്ദേശ
മതയക്കുവാന്‍ കൂടി തികയില്ല കാലം.

കുംഭമാസച്ചൂടിനെ തണുപ്പിക്കുവാ
നോരായിരം ബിയറുകുപ്പികള്‍ പൊട്ടുന്നു.
ഐപോടു വെച്ചടച്ച കാതുകളില്‍ 
മഴതന്‍ മര്‍മരഗീതം തട്ടിത്തകരുന്നു.

കുംഭമാസച്ചൂടിനെ തണുപ്പിക്കുവാ
നോരായിരം ബിയറുകുപ്പികള്‍ പൊട്ടുന്നു.
ഐപോടു വെച്ചടച്ച കാതുകളില്‍ 
മഴതന്‍ മര്‍മരഗീതം തട്ടിത്തകരുന്നു.

പുഴയെവിടെ? എന്‍  പ്രിയയെവിടെയെ 
ന്നാര്‍ത്തു കരഞ്ഞുവിളിച്ചു  നടക്കവേ 
പാഞ്ഞു പോയൊരാ സ്കൂള്‍ വാനിന്‍ 
ചില്ലില്‍ തലയടിച്ചു ചത്തുപോയീ  മഴ.

നഗര മധ്യത്തിലൊരു  കൊണ്ക്രീട്ടു  കാടി
നുള്ളിലുരുക്കുകൂട്ടിന്‍ നടുവിലിരുന്നു 
പുഴമണലല്പനേരം കരഞ്ഞു 
പാവം  മഴയ്ക്കായി. .....................

Thursday, July 26, 2012

നിശാഗന്ധി


നിശാഗന്ധികള്‍ പൂക്കുന്നതും കാത്ത്
എത്രയോ രാവുകളിലുറക്കം വെടിഞ്ഞു ഞാന്‍
 നിയോണ്‍  വെളിച്ചത്താല്‍ മാനഭംഗം ചെയ്യപ്പെട്ടോരാ 
നിലാവിനെ നോക്കിയിനിയെങ്ങനെ 
നിശാഗന്ധികള്‍ പുഞ്ചിരിക്കും ?

Saturday, July 7, 2012

ഉസ്താദ് ഹോട്ടലിലെ വിഭവങ്ങള്‍

ഒരു നല്ല കാലത്തിലൂടെയാണ്‌ മലയാള സിനിമ കടന്നു പോയ്ക്കൊണ്ടിരിക്കുന്ന്നത്. യാഥാര്‍ത്യത്തോടടുത്തു നില്ക്കുന്ന, താര പ്രഭ കുറഞ്ഞ  എന്നാല്‍ പ്രേക്ഷകന് ഏറെ ഇഷ്ടപ്പെടുന്ന സിനിമകളുടെ ഒരു വസന്തം തന്നെയാണ് ഇപ്പോള്‍.  അതിനേറ്റവും മികച്ച ഉദാഹരണമാണ്‌ ' ഉസ്താദ് ഹോട്ടല്‍ '.

ഒരു കവിത പോലെ മനോഹരമായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. ആധുനിക ലോകത്തിന്റെ എല്ലാ ആവേശങ്ങളും  നെഞ്ചേറ്റിയ ഫൈസി എന്ന ചെറുപ്പക്കാരനും നന്മകള്‍ മാത്രമുള്ള അയാളുടെ അപ്പൂപനും (കരീം) തമ്മിലുള്ള ആത്മബന്ധവും ഉസ്താദ് ഹോട്ടല്‍ എന്ന അവരുടെ ഭക്ഷണശാലയും ഒക്കെയാണ് പ്രതിപാദ്യ വിഷയം.ശക്തമായ  തിരക്കഥ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു .അഞ്ജലി മേനോന്‍ എന്ന തിരക്കഥ കൃതിന്റെ മികച്ച രചനകളില്‍ ഒന്നാണ് ഉസ്താദ് ഹോട്ടല്‍ .

 സിനിമയുടെ തുടക്കം  ആണ്കുഞ്ഞിനായി കൊതിക്കുന്ന റസാഖ് എന്ന പിതാവിലാണ്.  തുടരെ തുടരെ മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ ജനികുമ്പോള്‍ അയാളുടെ മുഖത്തുണ്ടാകുന്ന നിരാശ നമ്മുടെ സമൂഹം ഇപ്പോഴും കൊണ്ടുനടക്കുന്ന ഒന്നാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് മഹാ അപരാധമായി കണ്ടിരുന്ന പഴയ തലമുറയില്‍നിന്ന് പെണ്കുഞ്ഞാണോ എന്ന ചോദ്യം ചോദിക്കുന്നിടത്തോളം മാത്രമേ വിദ്യാസമ്പന്നരെന്ന അഹങ്കാരം വെച്ച് പുലര്‍ത്തുന്ന നാം എത്തിയിട്ടുള്ളൂ എന്ന് വ്യക്തം.  പെണ്‍കുട്ടികള്‍ അടുക്കളയില്‍ കഴിയണം അല്ലെങ്കില്‍ കഴിയേണ്ടവരാണ് എന്ന അലിഖിത നിയമത്തെ പലപ്പോഴും നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയും. നായകന്‍ അടുക്കളയില്‍ കയറുന്നത് മോശമായി കരുതുന്നത്, ഒറ്റയ്ക്ക് പുറത്തുപോയി മടങ്ങി വരുന്ന നായിക ഇതെന്റെ സ്വാതന്ത്ര്യത്തിന്റെ അവസാന ദിവസമാണെന്ന് പറയുന്ന രംഗം ഒക്കെ സ്ത്രീയ്ക്ക് നാം കല്പിച്ചു നല്‍കുന്ന ഇടങ്ങളുടെ ചിത്രം കാട്ടിത്തരുന്നു. എന്റേത് ഒരു യാഥാസ്ഥിതിക കുടുംബമാണ്, എന്നാല്‍ ഞാന്‍ അങ്ങനെയല്ല എന്ന് പറയുന്നുണ്ടെങ്കില്‍ കൂടി നായികയ്ക്കും തന്റെ ഇഷ്ടങ്ങളെ പിന്തുടരുവാനുള്ള സ്വാതന്ത്ര്യം പരിമിതമാണ്.സ്ത്രീകള്‍ക്ക് എല്ലാം വളരെ എളുപ്പമല്ലേ എന്ന് ഒരിടത്ത് നായകന്‍ പറയുന്നുണ്ട്.എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ സ്ത്രീ എത്ര മാത്രം അതിക്രമങ്ങള്‍ക്ക് വിധേയയാകുന്നു എന്നതിന്റെ ഒരു ചെറു അനുഭവം നായകന് കിട്ടുന്നുണ്ട്. സഹികെട്ട് നായകന്‍ പ്രതികരിക്കുന്നുന്ടെങ്കിലും അതിനു പോലും കഴിയാത്തത്ര നിസ്സഹായതയിലേക്ക് സ്ത്രീ പലപ്പോഴും വീണുപോകാറുണ്ട്.

ഫൈസി എല്ലാ വിധ സുഖങ്ങളും ആസ്വദിച്ച്‌ അങ്ങനെ തന്നെ ഒഴുകുന്ന ഒരു ജീവിതം സ്വപ്നം കാണുന്നവനാണ്.പക്ഷെ ചില സംഭവങ്ങള്‍ അയാളുടെ ജീവിതത്തേയും തകിടം മറിക്കുന്നു.  എന്നിരുന്നാല്‍ പോലും ശീലിച്ചു വന്ന ജീവിതത്തിന്റെ ശേഷിപ്പുകള്‍ അയാളുടെ ശരീരഭാഷയിലും സംസാരത്തിലുമൊക്കെ പ്രകടമാണ്. തന്റെ muthachanu  കുറെ ഭാഷകളറിയാം എന്നറിയുമ്പോള്‍ ഫൈസി ചോദിക്കുന്നത് ഇംഗ്ലിഷ് അറിയാമോ എന്നാണ്.ഇമ്ഗ്ലീഷിനോടുള്ള അയാളുടെ ആവേശത്തെ തണുപ്പിക്കും മട്ടിലുള്ള ഉത്തരമാണ് ലഭിക്കുന്നത്. " ഇന്ഗ്ലിഷ് അതിനു ഇന്ത്യേലെ ഭാഷയല്ലല്ലോ ? "എനികേറെ ഇഷ്ട്ടമായ  ഒരു വാചകമായിരുന്നു അത്. ഹോട്ടല്‍ നഷ്ട്ടത്തിലാകുന്നത് കരീമിന്റെ ബിസിനെസ്സ് മനോഭാവത്തിന്റെ അഭാവത്തിലാണ് എന്ന് പറയുന്നത് നായകന്‍ കണ്ടു പരിചയിച്ച കച്ചവട ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്.

  മനോഹരമായ പശ്ചാത്തല സംഗീതം ചിത്രത്തില്‍ ഉടനീളം നമ്മെ പിന്തുടരുന്നു.കോഴിക്കോടിന്റെ തനതായ ഭക്ഷണപ്രിയവും സംഗീത പ്രേമവും നന്നായി ഈ സിനിമയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.അതിസുന്ദരമാണ് പ്രണയരംഗങ്ങള്‍.ചുംബനങ്ങളും  വര്‍ണ പകിട്ടേറിയ പശ്ചാതലവും കൂടാതെയും ഹ്ര്യ്ദ്യമായ പ്രണയരംഗങ്ങള്‍ അവതരിപ്പിക്കാം  എന്ന് ഈ പടം കാട്ടിത്തന്നു.
എഴുതുമ്പോള്‍ തിരകഥകൃത്ത് എന്താണോ മനസ്സില്‍ കാണുന്നത് അത് അതേപടി പകര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല.എന്നാല്‍ ഈ സിനിമയില്‍ സംവിധായകനും ക്യാമറമാനും തിരകഥകൃത്തും ഒരേ മനസോടെയാവണം പ്രവര്‍ത്തിച്ചത്. അല്ലെങ്കില്‍ ഇത്രത്തോളം മിഴിവ് ആ രംഗങ്ങള്‍ക്ക് വരില്ല.തീര്‍ച്ച . അതിലും രസകരം അത് നായികാനായക പ്രണയ രംഗങ്ങള്‍ അല്ല എന്നുള്ളത് ആണ്.പിനെന്തു എന്ന ചോദ്യത്തിന് സിനിമ കാണൂ എന്നെ ഞാന്‍ പറയൂ.

ഭക്ഷണത്തിന്റെ ധാരാളിത്തം എടുത്തുകാണിക്കുന്ന  നിരവധി രംഗങ്ങള്‍ ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കാണാം. ഭക്ഷണം കഴിക്കുക എന്നത് ഒരാഘോഷമാക്കി മാറ്റുന്ന കാലത്തിന്റെ നേര്‍കാഴ്ചകളാണ് fusion  ഫുഡ് ഫെസ്ടിവല്‍ കൊണ്ട് സിനിമ പറയാന്‍ ശ്രമിക്കുന്നത്. വയറു നിറപ്പിക്കാന്‍ ആരെകൊണ്ടും കഴിയും എന്നാല്‍ കഴിക്കുന്നവന്റെ  മനസ് നിറയ്ക്കല്‍ ആണ് പ്രധാനം എന്ന് വിശ്വസിക്കുന്ന കരീമിക്ക ജീവിതത്തെ വേറിട്ട കാഴ്ചപ്പാടിലൂടെ കാണുന്ന ആളാണ് .എക്സിക്യൂട്ടീവ് ഷെഫ് ആകാന്‍ കൊതിക്കുന്ന ഫൈസിയില്‍ നിന്നും ഏറെ വ്യത്യസ്തനാണ് വെപ്പുകാരന്‍ കരീം.

ആദര്‍ശങ്ങളില്‍ ഊന്നി ജീവിക്കുന്ന മനുഷ്യര്‍ മറ്റുള്ളവരുടെ കണ്ണില്‍ വെറും പരാജിത ജീവിതങ്ങളാണ്.സ്വന്തം മകനായ റസാഖ് പോലും കരീം എന്ന കിഴവനെ കാണുന്നത് അങ്ങനെയാണ്.എന്നാല്‍ സിനിമയുടെ അന്ത്യത്തില്‍ വിജയിയായ ഒരു മനുഷ്യനായി കരീം നടന്നു പോകുന്നുണ്ട്.ആദ്യ പകുതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭൂമികയിലെക്കാണ് രണ്ടാംപകുതി നമ്മെ കൊണ്ടുപോകുന്നത്.നാരായണ്‍ കൃഷ്ണന്‍ എന്ന മഹാനായ മനുഷ്യനെ സിനിമ പരിചയപ്പെടുത്തുന്നുണ്ട്.(അദ്ദേഹറെ പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് 2011  ല്‍ ആണ്. കുടുതല്‍ അറിയാന്‍ ഗൂഗിള്‍ സഹായിക്കും ).സിനിമ എന്ന ശക്തമായ മാധ്യമത്തിലൂടെ ഒരു ഒരു സാമൂഹിക പ്രവര്‍ത്തകനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉസ്താദ് ഹോട്ടല്‍ ന് കഴിയുന്നുണ്ട്. വിശക്കുന്നവര്‍ക്ക്, എനിക്ക് വിശക്കുന്നു എന്ന് പോലും പറയാന്‍ കഴിയാത്തവര്‍ക്ക് ആഹാരവും ആശ്വാസവുമായെത്തുന്ന നാരായണ്‍ കൃഷ്ണന്‍ ഈ സിനിമയില്‍  പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്.കാരണം ഈ സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന ആഹാരം എന്നത് ചില്ലറ വിഷയമല്ല.ഒരു സീനില്‍ പാചകക്കാരനായ(ക്ഷമിക്കണം ഷെഫ് )നായകന്‍ ഒരു കേക്കില്‍ പൂത്തിരി കത്തിച്ചു വെയ്ക്കുന്നു.കേക്ക് പൊട്ടിത്തെറിച് അതിഥികളുടെ മുഖത്ത് വീഴുന്നു,എല്ലാരും ആര്‍ത്തു ചിരിക്കുന്നു. അവിടെ ആഹാരം എന്നത് കഴിക്കാനുള്ളത് എന്നതിലുപരി ആഘോഷത്തിനുള്ള ഒരു ഉപകരണമായി മാറുകയാണ്‌.അവിടെയാണ് സ്വന്തം വിസര്‍ജ്യം ഭക്ഷിച്ചു വിശപ്പടക്കേണ്ടി     വരുന്നവന്റെ ഗതികെടിലേക്ക് നോക്കി പരിവര്‍ത്തനം സംഭവിക്കപ്പെടുന്ന നാരായണ്‍ എന്ന മനുഷ്യന്റെ വില നാം അറിഞ്ഞു തുടങ്ങുന്നത്.

നമ്മുടെ മാത്രം വിശപ്പ്,രുചിഭേദങ്ങള്‍ എന്നിവയെ പറ്റി ചിന്തിക്കുന്ന ഞാനും കൂടി ഉള്‍പ്പെടുന്ന സമൂഹത്തിനു ചിന്തിക്കാന്‍ ഏറെ വക നല്‍കുന്ന രചനയാണ് ഉസ്താദ് ഹോട്ടല്‍.വ്യ്കല്യം ബാധിച്ച കുഞ്ഞുങ്ങള്‍ക്കായി ബിരിയാണി തയാറാക്കുന്ന ഫൈസി പറയുന്നുണ്ട് ഇത്രയും നല്ല ഭക്ഷണം തന്‍ ഒരുക്കിയിട്ടില്ല എന്ന്.ആഹാരം എന്നത് രുചിപരീക്ഷനതിനുള്ള ഉപാധി എന്നതില്‍ കൂടുതല്‍ വിശപ്പടക്കാനുള്ള ഒന്നാണ് എന്ന വിലയേറിയ സത്യം ഫൈസി മനസിലാക്കുന്നു.

ആദ്യ പകുതിയിലെ പാചക സീനുകള്‍ കണ്ടു രസിച്ചിരുന്ന നമ്മെ ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണ് രണ്ടാം പകുതി സമ്മാനിക്കുന്നത്.സിനിമ എന്നത് വെറും വിനോദത്തിനു മാത്രമുള്ള ഒന്നല്ല എന്നും മറിച്ചു അത് ചില ഒര്മപ്പെടുതലുകല്കും തക്ക മാധ്യമമാണ് എന്ന് വിളിച്ചു പറയുന്നുണ്ട് ഉസ്താദ് ഹോട്ടല്‍ .കാലിക പ്രാധാന്യം ഏറെയുള്ള ഒരു വിഷയം ഒട്ടും ഇഴയാതെ തനിമ ചോരാതെ അവതരിപ്പിക്കാന്‍ കരുത്തുറ്റ ഒരു തൂലികയ്ക്കേ കഴിയൂ.അഞ്ജലി മേനോന്‍ മലയാളിക്ക് അഭിമാനിക്കന്ന ഒരു എഴുത്തുകാരിയായി മാറും എന്നതില്‍  സംശയമേ ഇല്ല.

എല്ലാതരം പ്രേക്ഷകരെയും ഒരേ പോലെ ആകര്‍ഷിക്കത്തക്ക രീതിയിലാണ്‌ ഉസ്താദ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഇഷ്ട്ടപ്പെടാതതായി എന്തെന്കിലുമുന്ദെന്കില് അത് നായികാ തെരെഞ്ഞെടുപ്പും ആടും ആടലോടകവും പോലെയുള്ള പാട്ടുമാണ്‌(appengalempadum ..........). ഒരു തരം നിര്‍ജീവമായ അഭിനയമാണ് നിത്യ ഇതില്‍ കാഴ്ച വെയ്ക്കുന്നത്.,പോരാത്തതിനു  മോശം ഭാഷയും.അതിനൊരു ന്യായീകരണമായി  banglore  പഠനം പറയുന്നുണ്ടെങ്കിലും വിഴുങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്.
കരീമിക്ക ആശുപത്രിയില്‍ കിടക്കുന്ന രംഗത്ത് നായികയുടെ മുഖത്ത് ഒരു നിര്‍വികാരതയാണ്‌.കുറ സീനുകളില്‍ നായിക പശ്ചാത്തലത്തില്‍ ആണെങ്കില്‍ കൂടി camarayileku  വെറുതെ നോക്കി നിക്കുന്നത് കണ്ടാല്‍ കഷ്ടം തോന്നും.മറ്റെല്ലാവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെയ്ക്കുന്നത്.വാതിലില്‍ എന്ന് തുടങ്ങുന്ന പാട്ട് ആണ് എനിക്കും കൂടുതല്‍ ഇഷ്ടമായത്.മൊത്തത്തില്‍ ഫലവത്തായ ഒരു പ്രയത്നം ആണ് ഈ പടം .

കൊട്ടക വിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ ഇത്ര മാത്രം "സിനിമ കാണിക്കുവാന്‍ ആര്‍കും കഴിയും എന്നാല്‍ കണ്ടിരിക്കുന്നവനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന സിനിമ, അതൊരു കലയാണ് .ഒക്കെ ഒരു കിസ്മത്താണ് ".

ഈ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്ന്റെ അഭിനന്ദനങ്ങള്‍.
ഈ സിനിമ നീ കണ്ടേ പറ്റൂ എന്ന് നിര്‍ബന്ധിച്ച മന്‍സൂര്‍ ഇക്കയ്ക്ക് പ്രത്യേകം നന്ദി .

Friday, October 28, 2011

യാത്ര

വഴിയമ്പലങ്ങളില്‍ കണ്ണുടക്കരുത്
കണ്ണുടക്കിയാല്‍ കാലിടറും.
തിളച്ചു പൊന്തേണ്ട    യൌവനം  മഞ്ഞു
പോലെയുരുകി മാറും നേരം
ദിശാസൂചികള്‍ തിരിച്ചു വെയ്ക്കുക .
നിയതമാം വഴികളി ലൂടൊരു പുഴയും പായാറില്ല
തെറ്റിയും തെറിച്ചും പരിധിക ളുയര്തിയും
പരിമിതികളൊതുക്കിയും മുന്നോട്ട്.
അര്‍ദ്ധ വിരാമം കഴിഞ്ഞിനി യാത്ര തുടരാം

Saturday, June 25, 2011

കംഗാരുക്കളുടെ നാട്

ഏഴാം ക്ലാസ്സു മുതലാണ് ഓസ്ട്രേലിയയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയത്.അന്നാണ് സന്തോഷിന്റെ അച്ഛന്‍ ഓസ്ട്രേലിയയിലാണെന്ന് ഞാനറിഞ്ഞത്.
അന്നാകെ എനിക്കറിയാവുന്ന വിദേശരാജ്യം ആകാശത്തുള്ള ഗള്‍ഫാണ്
.പലരും വിമാനം കയറി അങ്ങോട്ട്‌ പോകുന്നത് ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു. എന്റെ അച്ഛനും പോകാറുണ്ട്, അടുത്തുള്ള ഫാക്ടരിയിലനെന്നു  മാത്രം.
ക്ലാസ്സില്‍ വെച്ച് ഞാനെപ്പോഴും സന്തോഷിനെ നോക്കും.
ആരോടും മിണ്ടാത്ത ഗമക്കാരന്‍. അവന്റെ അമ്മയ്ക്കും ജോലിയുണ്ടത്രേ.
 പക്ഷെ നാട്ടിലാണ് എന്നറിഞ്ഞപ്പോള്‍ എനിക്കല്പം ആശ്വാസം തോന്നി.
ഒരിക്കല്‍ ഞാനവനോട്

ഓസ്ട്രല്യന്‍ വിശേഷങ്ങള്‍ തിരക്കാന്‍ ചെന്നു.അവനാകട്ടെ എന്നെ തീര്‍ത്തും അവഗണിച്ചു. ആ നിമിഷം ഞാന്‍ തീരുമാനിച്ചു. വലുതായാല്‍ ഞാനും പോകും ഒസ്ട്രലിയയക്ക്.
 
പക്ഷെ...... പക്ഷെ ഇപ്പൊ ഞാനവന്റെ മുന്‍പില്‍ തോറ്റല്ലോ!

അന്ന് വയ്കുന്നേരം എന്നെ വീട്ടില്‍ കണ്ടപ്പോള്‍ മധുസാര് ശരിക്കും അമ്പരന്നു.അദ്ദേഹം എന്റെ സ്ക്കൂളിലല്ല ‍പഠിപ്പികുന്നതെങ്കിലും ഞങ്ങള്‍ അയല്‍ക്കാരായിരുന്നു.


"എനിക്ക് ആസ്ട്രേലിയയെ പറ്റി കുറച്ചു പറഞ്ഞു തരാമോ? "
എന്റെ ചോദ്യം സാറിനെ ഞെട്ടിച്ചുവെന്നത് ഉറപ്പാണ്‌.

ഇന്ന് വരെ ഒരു പൊട്ട സംശയം പോലും ചോദിക്കാത്ത ഞാനാണീ ഉഗ്രന്‍ സംശയം ചോദിച്ചത്.

സാറിന്റെ മുഖത്തു ഒരു ചെറു ചിരി വിരിഞ്ഞോ?

എന്റെ മുഖം വാടി. അത് കണ്ടാവണം സാര്‍ പറഞ്ഞു

"ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്നത് ബുദ്ധിയുടെ ലക്ഷണമാണ് "

അത് ഒരു സമാശ്വാസ സമ്മാനമാണ്.

"സുമെഷിനെന്തിനാ ആസ്ട്രേലിയ?"

സത്യം പറയല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നെനിക്കു പണ്ടേ അറിയാം. ഞാനൊന്നും മിണ്ടിയില്ല.

"ശരി, അതെന്തുമായിക്കൊള്ളട്ടെ. ആസ്ട്രേലിയ എന്നത് ദക്ഷിണായന രേഖയ്ക്ക് തെക്കുമാറി.............."

"അയ്യോ! അതൊന്നും വേണ്ട! വേറെ എന്തെങ്കിലും "

സാറിന്‍റെ ക്ലാസ് മുറിച്ചാണ് ഞാന്‍ പറഞ്ഞത്.കാര്യം പിടികിട്ടിയ മട്ടില്‍ തലകുലുക്കിക്കൊണ്ട് മധു സാര്‍ അകത്തേക്ക് പോയി.തിരികെ വന്നപ്പോള്‍ കൈയിലൊരു എമണ്ടന്‍ പുസ്തകവുമുണ്ടായിരുന്നു.

"ഇതാണ് സുമേഷ് വിശ്വ വിജ്ഞാന കോശം.ഇതില്‍ നിനക്ക് വേണ്ടതുണ്ട്"
ആ തടിമാടന്‍ പുസ്തകം എന്റെ കൈകളിലേക്ക് വെച്ച് കൊണ്ട്സാര്‍ പറഞ്ഞു
"പിന്നെ തിരിച്ചു തന്നാല്‍ മതി"
ഞാന്‍ ഞെട്ടി നില്‍ക്കുകയാണ്. നേരെ ചൊവ്വേ പുസ്തകം വായിക്കാതെ ബാലരമയും വായിച്ചു നടക്കുന്ന ഞാന്‍ ഞെട്ടാതിരിക്കുമോ?
"സാരമില്ല ,സന്തോഷിനെ തോല്പ്പിക്കാനല്ലേ? അതിനു ഞാന്‍ എന്തും ചെയ്യും"

എന്‍റെ മനസിനെ ഞാന്‍ തന്നെ ആശ്വസിപ്പിച്ചു.
അന്ന് രാത്രി ഞാന്‍ വളരെ വൈകിയാണ് കിടന്നത്.സാധാരണ സ്വപ്നത്തില്‍ കടന്നു വരാറ് കണക്കു പഠിപ്പിക്കുന്ന രമണി ടീച്ചറും പിന്നെ ഷംനയും ഒക്കെയാണ്.

പക്ഷെ അന്ന് സ്വപ്നത്തില്‍ നിറഞ്ഞു നിന്നത് പച്ച വിരിച്ച ഓസിസ് പുല്‍മേടുകളും ചാടിച്ചാടി നടക്കുന്ന കംഗാരുക്കുഞ്ഞുങ്ങളുമൊക്കെയായിരുന്നu


ഒരു ദിവസം ഇന്റെര്‍വെല്ലിനു ഞാനുറക്കെ ഹമീദിനോട് ചോദിച്ചു
"നിനക്കറിയാമോ ഓസ്ട്രേലിയ ഒരേ സമയം ഒരു ഭൂഖണ്ഡവും ഒരു രാജ്യവുമാണ്"
അത്ഭുതത്തോടെ ഹമീദ് എന്നെ നോക്കി.
പതിയെ പതിയെ ആരാധനാ ഭാവം മുറ്റി നില്‍ക്കുന്ന കണ്ണുകളുമായി കുട്ടികള്‍ ഓരോരുത്തരും എനിക്ക് ചുറ്റും കൂടി, അവനൊഴികെ.


പിറ്റേന്നും എന്‍റെ ഓസിസ് വിശേഷങ്ങള്‍ കേള്‍ക്കാന്‍ കൂട്ടുകാര്‍ കൂടി.

അന്നെന്നെ ആവേശം കൊള്ളിച്ചത് ഷംനയുടെ ആരാധന കലര്‍ന്ന നോട്ടമല്ല മറിച്ച് തലയല്‍പം ചരിച്ചു എന്നാല്‍ എന്നെ നോക്കുന്നില്ല എന്ന മട്ടില്‍ അവന്‍ എന്നെ നോക്കിയതാണ്.

 ഹാവൂ ! ആദ്യ ജയം!


രാത്രികളെ പകലുകളാക്കി ഞാന്‍ ഓപെറ ഹൌസിനു ചുറ്റും അലഞ്ഞു.
അത് കൊണ്ട് തന്നെ ചില പകലുകള്‍ രാത്രിയാക്കേണ്ടിയും വന്നു.
ഒരിക്കല്‍ രമണി ടീച്ചറിന്റെ കണക്കു ക്ലാസ്സിലിരുന്നു ഉറങ്ങിയതിനു നല്ല രണ്ടടിയും കിട്ടി. അടിയേക്കാള്‍ എന്നെ നോവിച്ചത് അടിക്കുന്നത് ഷംന കണ്ടല്ലോ എന്നതാണ് .
ദിവസങ്ങള്‍ കഴിയും തോറും മധു സാറിന്‍റെ കൈവശമുള്ള സകല ഓസ്ട്രെലിയന്‍ വിവരങ്ങളും എന്‍റെ തലമണ്ടയിലായി.
പത്രങ്ങളില്‍ വരുന്ന(പത്രം എന്നൊരു സാധനം ഉണ്ടെന്നറിഞ്ഞതും annanu ) ഓസ്ട്രലിയാന്‍ വാര്‍ത്തകളും സാര്‍ അടിവരയിട്ടു തരും.ഞാന്‍ അതെല്ലാം ആര്‍ത്തിയോടെ വായിക്കും.
എന്‍റെ ഈ ആവേശം കണ്ടാണ്‌ ദൈവം ഒരു കളി കളിച്ചത്, സിഡ്നി ഒളിമ്പിക്സ്.


ഞാന്‍ കൂടുതല്‍ ആരാധകരെ സൃഷ്ട്ടിച്ചു.
മലയാള പത്രങ്ങളില്‍ വന്നതിലേറെ ഓസിസ് വിശേഷങ്ങള്‍ ഞാന്‍ അതിനോടകം കൂട്ടുകാര്‍ക്കു പറഞ്ഞു കൊടുത്തു കഴിഞ്ഞിരുന്നു.

ഇംഗ്ലിഷ് പത്രത്തിലെ ഓസിസ് സുന്ദരിമാരുടെ പടം ഞാന്‍ വെട്ടിയെടുത്തു സൂക്ഷിച്ചു (അതിനു വേറൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു കേട്ടോ).

സ്കൂളില്‍ ഞാനൊരു ഹീറോ ആയിമാറി. ഓസട്രലിയിലെ മോഷ്ടിക്കപ്പെട്ട തലമുറകളെ പറ്റി വികാര ഭരിതനായി ഞാന്‍ പറയുമ്പോള്‍ ഷംനയടക്കമുള്ള സുന്ദരിമാരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.



ഹോ ! അതൊക്കെ ഒരു കാലം!

സന്തോഷ്‌ എന്നോട് ചങ്ങാത്തം കൂടാന്‍ വരുന്നത് ഒരു കണക്കു ക്ലാസ്സിലാണ്. എന്‍റെ കണക്കു കൂട്ടലുകള്‍ എന്നും തെറ്റിയിട്ടേ ഉള്ളൂ.


രമണി ടീച്ചര്‍ ഇട്ടു തന്ന കണക്കിന്റെ ഉത്തരം ഈ ഭൂ ഗോളത്തിന്റെ ഏതറ്റത്തായിരിക്കുമെന്നു ഞാനമ്പരന്നിരിക്കെ സന്തോഷ്‌ അവന്റെ ബുക്ക്‌ എനിക്ക് നേരെ നീട്ടി.


ഗതികെട്ടവന്റെ മുന്നില്‍ പുല്ലിട്ടും ദൈവം പരീക്ഷിക്കുമല്ലോ!.
ആദര്‍ശങ്ങളെ ഓസ്ട്രളിയയിലേക്കയച്ചു ഞാനത് കോപ്പിയെടുത്തു.

eന്നാലും അവന്‍ കൂടുതല്‍ അടുത്തില്ല, ഞാനും.


എനികതിന്റെ ആവശ്യം ഇപ്പോഴില്ലല്ലോ!


ഒരിക്കല്‍ "ഓസട്രലിയയില്‍ 13254898245815 പേരധിവസിക്കുന്നു" എന്ന് പറഞ്ഞു കൊണ്ടിരിക്കെ അവന്‍ കയറി വന്നു.എന്‍റെ വാചകം അവന്റെ മുഖത്തൊരു വളവുണ്ടാക്കി.



അതിന്റെ പേരാണ് മുഖം ചുളിക്കല്‍ എന്ന് പിറ്റേന്നും അവനാ ആന്ഗ്യം കാണിച്ചപ്പോഴാണ്‌ എനിക്ക് മനസിലായത്. ‍
ഒരു ദിവസം ഉച്ചയ്ക്ക് അവനെന്റെ അരികിലേക്ക് വന്നു.എന്‍റെ കൈ പിടിച്ചു കൊണ്ടവന്‍ നടക്കാന്‍ തുടങ്ങി.
കൈ വിടുവിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല.കാരണം ഞങ്ങള്‍ നടന്നത് പട്ടാളം മാധവന്റെ കടയിലേക്കായിരുന്നു.
 അവനെനിക്ക് നാരങ്ങ വെള്ളവും കപ്പലണ്ടി മുട്ടായിയും വാങ്ങി തന്നു.
ഹോ! ത്യാഗത്തിന്റെ പ്രതിഫലം!.


ഒടുവില്‍ അവനെന്നെ അംഗീകരിച്ചിരിക്കുന്നു.!


ഞാനവനോട് ഓസ്ട്രലിയന്‍ നാടോടിക്കഥകള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി.പറഞ്ഞതെല്ലാം തല കുലുക്കി കേട്ടതല്ലാതെ അവനൊന്നും മിണ്ടിയില്ല.
പിറ്റേന്നും ഈ കളി ആവര്‍ത്തിച്ചു.ഇതിന്റെ പേരാണ് കൈക്കൂലി എന്ന് ഒരു സര്‍ക്കാര്‍ ജീവനക്കാരനായ ശേഷമാണു എനിക്ക് പിടികിട്ടിയത്.
എന്നും എനിക്ക് കൈക്കൂലി കിട്ടികൊണ്ടിരുന്നു.പകരം ഞാന്‍ ക്ലാസില്‍ നിശബ്ദനായി.
പക്ഷെ തീര്‍ത്തും അടങ്ങിയിരിക്കാനെനിക്ക് കഴിയില്ലല്ലോ ?

കഥകള്‍ ഞാനവനോട് പറഞ്ഞു കൊണ്ടിരുന്നു.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു

"ഓസ്ട്രലിയയില്‍ എത്ര പക്ഷികള്‍ ഉണ്ടെന്നു നിനകറിയാമോ?"

ഒരു തലയാട്ടല്‍ .

"എത്ര സ്ത്രീകള്‍ ഉണ്ടെന്നു?"

"എത്ര ജോലിക്കാര്‍?"

തുടരെ തുടരെ ഞാന്‍ ജയിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയല്ലേ?.

അടുത്ത ചോദ്യത്തിനായി ഞാന്‍ വാ തുറക്കാന്‍ പോയപ്പോഴേക്കും അവന്‍ അലറി

"നിറുത്തെടാ!!!!"

എനിക്ക് ചിരിയാണ് വന്നത്

ഒരു പരാജിതന്റെ കോപം.

പൊടുന്നനെ അവന്‍ ചോദിച്ചു.

"ഓസട്രലിയയില്‍ എത്ര തടവുകാര്‍ ഉണ്ടെന്നു നിനക്കറിയാമോ? "

ഞാന്‍ നൂറു വട്ടം ഞെട്ടിപ്പോയി.

മാസങ്ങളായുള്ള എന്‍റെ പരിശ്രമം, കഷ്ടപ്പാട്, എല്ലാമെല്ലാം വെള്ളത്തിലായി........

ഓസ്ട്രെലിയന്‍ തടവുകാരെ പറ്റി എനികൊന്നുമറിഞ്ഞു കൂടാ!

വിജ്ഞാന കോശത്തിലോ, പത്രങ്ങളിലോ ഞാനവരെ കണ്ടില്ലല്ലോ ?

"ദൈവമേ! നീയെന്നെ വീണ്ടും വീണ്ടും തോല്പ്പിക്കുകയാണോ ?"

അവന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല.

നാണക്കേടിന്റെ പടുകുഴിയില്‍ കിടന്നു ഞാന്‍ സന്തോഷിന്റെ പൊട്ടിച്ചിരിക്ക് കാത്തു.

പക്ഷെ ..പക്ഷെ...........അതൊന്നുമല്ല സംഭവിച്ചത്,

അവന്‍ പതിയെ പറഞ്ഞു

"എത്രയുണ്ടെന്ന് എനിക്കുമറിയില്ല , "

ഒന്ന് നിറുത്തിയിട്ടു അവന്‍ തുടര്‍ന്നു

"പക്ഷെ ഒന്നറിയാം അതിലൊരാള്‍ എന്‍റെ അച്ഛനാണെന്ന് ! അത് പറഞ്ഞു ഞാന്‍ ഗമ നടിക്കണോ? "

"നടിക്കണോ?" ഞാനും എന്നോടു തന്നെ ചോദിച്ചു,ഒന്നല്ല orayiram thavana

അത് പറഞ്ഞു niruthumpolavante  mukhathundaya വികാരമെന്തെന്നു വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും എനിക്കറിഞ്ഞു കൂടാ.സത്യമായിട്ടും അറിഞ്ഞു കൂടാ!!!!!!!!!!!!!!

















Sunday, November 28, 2010

വിശുദ്ധ യുദ്ധം

അയാളുടെ കൈകള്‍ വിറച്ചു.
കാതുകളില്‍ ഒരു കിളി നാദം

"മാമ പൂച്ചയെ കൊന്നിട്ടുണ്ടോ?
സലിം കൈകള്‍ക്ക് ബലം കൊടുത്തു .ഹിലാലിന്റെ അരികിലേക്ക് ആയിഷയെ കിടത്തി .വളരെ മൃദുവായി അവളുടെ മുഖം തലോടി.
കണ്ണീരു തന്റെ കാഴ്ചയെ മറയ്കുന്നുണ്ടോ?
അതോ അവള്‍ പുഞ്ചിരിക്കുകയാണോ?
ഇവിടെ കനപ്പിച്ചു കെട്ടിയ മുഖങ്ങള്‍ക്കിടയില്‍ വിടര്‍ന്ന ഒരു പൂവ് അവള്‍ മാത്രമായിരുന്നു.
അകലത്തെവിടെയോ ഒരു പോര്‍വിമാനത്തിന്റെ ഇരമ്പല്‍.
"സലിം എവിടെ ?"
ആരോ അന്വേഷിക്കുന്നു.പതറുന്ന ചവിട്ടടികളോടെ സലിം തിരിഞ്ഞു നടന്നു.
തൊട്ടടുത്ത മണല്ക്കൂനയ്കരികില്‍ ഹാഷിം നില്‍ക്കുന്നു.. ഹിലാലിന്റെ കളിക്കൂട്ടുകാരന്‍. അവന്റെ കണ്ണുകളില്‍ ഒരു പകപ്പ്.
ഇനി നിന്റെ ഊഴം എന്നാരോ അവനോടു മന്ത്രിച്ച പോലെ.
അവന്റെ പോക്കറ്റിലും കല്ലുകള്‍ മുഴച്ചിരിപ്പുണ്ടോ? സലിം നോക്കി.
ഇല്ല.പ്രിയ ചങ്ങാതിക്കായി


 ഒരു പിടി മണ്ണ് മാത്രമേ അവന്റെ കൈകളിലുള്ളൂ

*****************************************************************************************************************************

ഗാസ എന്നാണ് ഗാസയല്ലാതെയായി മാറിയത്?

സലിം ആലോചിച്ചു .ചെറുപ്പത്തില്‍ വിശുദ്ധ നാടിന്‍റെ മണല്തരികളിലൂടെ നടന്നപ്പോഴൊന്നും ആത്മാവില്‍ ഇന്നുള്ള പോലെ ഭയമുണ്ടായിരുന്നില്ല.

ഭയം തന്നെക്കുറിച് അല്ല. തനിക്ക് താഴെയുള്ളവരെക്കുറിച്ചായിരുന്നു.

അതിരുകളും വാഗ്ദത്ത ഭൂമികളും പൊട്ടിമുളയ്ക്കും മുന്പ് സൈനയുടെ കൈയും പിടിച്ചു അവളുടെ ബാപ്പ കാണാതെ ഗാസ തെരുവിലൂടെ അലഞ്ഞത് അയാളോര്‍ത്തു.

 അന്ന് ഭയം അവള്‍ക്കായിരുന്നു.

ഇന്ന് ഭയമില്ലത്തവര്‍ ആരും തന്നെയില്ല.
കുടിയേറ്റക്കാരും കൈയേറ്റക്കാരുമായി ജൂതരെത്തിയപ്പോള്‍ അവളുടെ പേടി ഇരട്ടിച്ചു.
അവളുടെ ഭയം സത്യമായിരുന്നു .

******************************* *************************** *************
"ഹിലാല്‍ നീ വരുന്നുണ്ടോ? "
" സ്കൂളിലേക്ക് ഞാനില്ല "

മണലില്‍ കൂര്‍ത്ത കല്ലുകള്‍ തേടി നടക്കവേ ഹിലാല്‍ പറഞ്ഞു.

" ബാപ്പ പറഞ്ഞതോര്‍മയില്ലേ നിനക്ക് ? എന്തു വന്നാലും സ്കൂളില്‍


പോക്കു മുടക്കരുതെന്ന്? "

ആ വാക്കുകള്‍ ഹിലാലിനെ നോവിച്ചു. അവന്‍ മെല്ലെ മുഖമുയര്‍ത്തി.

ആയിഷയും നിശബ്ദയായി.

ഹിലാല്‍ ബാപ്പയെക്കുറിച്ച് ഓര്‍ത്തു .ഉമ്മയേയും വീടിനെയും ഓര്‍ത്തു.
ഓര്‍മ്മകള്‍ മാത്രമേ അവര്‍ക്കുള്ളൂ .

സ്കൂളില്‍ പോകാതെ മടിച്ചു നില്‍ക്കുമ്പോള്‍ ബാപ്പ പറയും

" ഹിലാല്‍, ജീവിതത്തില്‍ തോല്‍ക്കാതിരിക്കണമെങ്കില്‍ പഠിക്കണം .നീയോര്‍ക്കുന്നില്ലേ കഴിഞ്ഞ കുറെ മാസങ്ങളില്‍ അവര്‍ നമുക്ക് വൈദ്യുതി നിഷേധിച്ചത് ?അവര്‍ നമ്മെ ഇരുട്ടിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണ്. "

"നിങ്ങളുടെ പരീക്ഷക്കാലത്തുതന്നെ അവരത് ചെയ്തില്ലേ?  അവര്‍ ബുദ്ധിമാന്മാരാണ് "

പെട്ടെന്ന് തന്നെ ബാപ്പ തിരുത്തി

"അല്ല, സൂത്രശാലികള്‍ ആണ്. ബുദ്ധിമാന്മാരുടെ ഹൃദയം വിശാലവും കരുണ നിറഞ്ഞതുമാണ് "

പണ്ടൊക്കെ ഹിലാല്‍ .ക്ലാസ്സില്‍ ഒന്നാമനായിരുന്നു .അന്‍വര്‍നെയും ബാഷിതിനെയും ഹാഷിമിനെയുമൊക്കെ പിന്നിലാക്കാനുള്ള ആവേശം.

ഇന്ന് ക്ലാസ്സിലാകെയുള്ള ആണ്‍കുട്ടികള്‍ ഹിലാലും ഹാഷിമും മാത്രം.അവരും ഇപ്പോള്‍ പോകാറില്ല .

ഓര്‍മകളില്‍ അവന്‍ പുളഞ്ഞു.

കൂടുതല്‍ കൂര്‍ത്ത കല്ല്‌ തേടി അവന്‍ മുന്നോട്ട് നടന്നു .

"ഞാന്‍ മാമയോടു പറയും "

ഹിലാല്‍ തിരിഞ്ഞു കൂടെ നോക്കിയില്ല .

അവനറിയാം മാമ പഴയതുപോലെ അവനെ ശാസിക്കില്ല .

ആയിഷ അല്പം കൂടി കാത്തു .എന്നിട്ട് ടീച്ചര്‍ ഇന്നലെ പകുതിക്ക് നിര്‍ത്തിയ 'സന്തോഷവാനായ രാജകുമാരന്റെ 'കഥ കേള്‍ക്കാനായി സ്കൂളിലേക്ക് നടന്നു .

************** ********** ********** *********** *********** *
സലിം വെറുതെ മുറ്റത്തേക്ക് നോക്കിയിരുന്നു.   നാളെ അല്ലെങ്കില്‍ അതിനടുത്ത ഒരു ദിവസം ഇവിടെയും കുടിയേറ്റ ക്യാമ്പുകള്‍ ഉയരും. താനപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമോ?

സൈന തന്നോടൊപ്പം ഓടിക്കളിച്ചതും ഒടുവില്‍ വംശ വെറിയുടെ ഇരയായി നിശ്ചേഷ്ടയായി കിടന്നതും ഇവിടെത്തന്നെ.

അന്ന് എല്ലാത്തിനോടും പകയായിരുന്നു.  ഇസ്രായേലിനോട്, ഒട്ടകത്തിനു സ്ഥലം കൊടുത്ത സ്വന്തം ജനതയോട്,  പിന്നെ മുഖമില്ലാത്ത ആരോടൊക്കെയോ.  പിന്നെ അറിഞ്ഞു പൊളിറ്റിക്കല്‍ സയന്‍സിലെ എമ്ഫില്ലിനോ ഓസ്ലോ കരാറിനോ എണ്ണിയാലോടുങ്ങാത്ത പ്രതിഷേധസ്വരങ്ങള്‍ക്കോ ഒന്നും ചെയ്യാനാവില്ലെന്ന്.

തുടച്ചു നീക്കപ്പെടേണ്ട ഒരു ജനതയാണ് തങ്ങളുടെതെന്ന്. ആ തിരിച്ചറിവിന്റെ ആഘാതത്തിലാണ്‌ ഹിലാലിന്റെ ബാപ്പ മരിച്ചത്.

പൊരിവെയില്‍ പണിയെടുത്തു കെട്ടിപ്പടുക്കുന്ന വീടിനു പുത്തന്‍ അവകാശികള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുമ്പോള്‍ ആരാണ് ഞെട്ടാത്തത്?


ഏതൊരു പാലസ്തീനിയെയും പോലെ ഇക്കയും നിശബ്ദനായി, ആത്യന്തികമായി .
അതോടെ ഹിലാലും ആയിഷയും തന്റേതു മാത്രമായി.                   അന്നൊക്കെ ആയിഷ കുസൃതി കാട്ടുമ്പോള്‍ ദേഷ്യം പിടിച്ച് അവളെ അടിക്കാനൊരുങ്ങും.

അവളുടെ പേടിച്ചരണ്ട മുഖം കാണുമ്പോള്‍ സൈനയെ ഓര്‍ക്കും


. അവളും പേടിച്ചിരിക്കുമോ? അതോ തന്നോടടുക്കുന്ന പട്ടാളക്കാരന്റെ മുഖത്തേക്ക് നിസ്സഹായയായി നോക്കി നിന്നിരിക്കുമോ ?


അതോടെ അയാളുടെ കൈ വിറയ്ക്കും .

"മാമ പൂച്ചേ കൊന്നിട്ടുണ്ട് അതാ കൈ വിറയ്ക്കുന്നത് "

പേടി മാറി തന്റെ പതിവ് കുസൃതിത്തരതിലേക്ക് ആയിഷ എത്തി . അടിച്ചില്ല .പിന്നീടൊരിക്കലും അടിച്ചിട്ടുമില്ല.

അവര്‍ക്ക് സൈനയെ അറിയാം .അതില്‍ക്കൂടുതലൊന്നും അവര്‍ അറിയാതിരിക്കട്ടെ
********** **************** ***************** ******************** *************
മണലില്‍ പരതി നടക്കുമ്പോള്‍ ഹിലാല്‍ മന്ത്രിച്ചു ." അവള്‍ പഠിക്കട്ടെ , ബാപ്പ പറഞ്ഞത് പോലെ തോല്‍ക്കാതിരിക്കാന്‍ "

" കിട്ടിയോ ഹിലാല്‍ ? "

ഹാഷിമിന്റെ വിളി കേട്ട് ഹിലാല്‍ തിരിഞ്ഞു നോക്കി .അവന്റെ പഴഞ്ചന്‍ നിക്കറിന്റെ രണ്ടു പോക്കറ്റുകളിലും കല്ലുകള്‍ മുഴച്ചിരിക്കുന്നു. തന്റെ കൈയിലുള്ള കല്ലുകള്‍ ഹിലാല്‍ ഉയര്‍ത്തിക്കാട്ടി.

അവരുടെ ആകെയുള്ള പ്രതിരോധമാണത്.

മഴ പോലെ വര്‍ഷിക്കുന്ന ബുള്ളറ്റുകള്‍ക്കും മിസൈല്കള്‍ക്കും ഒരു പ്രതിയോഗി.
പലപ്പോഴും ലക്ഷ്യത്തിലെത്താറില്ലെങ്കിലും


 അവ എറിയുന്ന കൈയുകളുടെ ആവേശം ഏറ്റു പിടിക്കും.
 
ഒരു ബോംബര്‍ വിമാനം അവരുടെ തലയ്ക്ക് മുകളിലൂടെ പാഞ്ഞു.
 "നമ്മുടെ കല്ലുകള്‍ ഒരു നാള്‍ ആ വിമാനങ്ങളേയും വീഴ്ത്തും .അപ്പൊ നമുക്കും സ്വസ്ഥമായി ഉറങ്ങാം " ഹാഷിം പറഞ്ഞു .

mekha കീറുകളെ ചതച്ചരച്ചു കൊണ്ട് വിമാനം പാഞ്ഞു .

ആയിഷയുടെ സ്കൂള് തേടി ........................................

***************** ***************** ****************** *************** ***********

കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങല്‍ക്കിടയിലൂടെ അയാളുടെ കണ്ണുകള്‍ പാഞ്ഞു . ആയിഷ അതിനടിയില്‍ ഉണ്ടാകരുതേ എന്നയാള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു .

പ്രാര്‍ത്ഥനകള്‍ക്കും മുന്‍പേ ആയിഷ അങ്ങെത്തിയിരുന്നു.     

കഥകളുടേയും സന്തോഷങ്ങളുടെയും ലോകത്ത്.
സലിമിന്റെ ഹൃദയം പൊടിഞ്ഞു തകരുകയായിരുന്നു.

ഇനിയും അടങ്ങിയിട്ടില്ലാത്ത പുകപടലങ്ങല്‍ക്കിടയിലൂടെ അയാള്‍ ഭ്രാന്തനെപ്പോലെ നടന്നു.

ആരോ ഒരാള്‍ സലിമിന്റെ ചുമലില്‍ പിടിച്ചു അകലേക്ക്‌ ചൂണ്ടിപ്പറഞ്ഞു "അവിടെ ".

സലിം ഒറ്റതവണ മാത്രമേ അങ്ങോട്ട്‌ നോക്കിയുള്ളൂ.

അയാള്‍ അലറിച്ചോദിച്ചു " ഹിലാലെവിടെ ? "

ചുറ്റിനുമുയരുന്ന അലമുറക്കള്‍ക്കിടയില്‍ ആ ചോദ്യം മുങ്ങിപ്പോയി.


**************************** ********************** ****************
ഹിലാല്‍ ഓടുകയായിരുന്നില്ല പറക്കുകയായിരുന്നു . avanoppametthaan ഹാഷിം പരമാവധി ശ്രമിച്ചു .കഴിയുന്നില്ല അത്ര വേഗമാണ് അവന്‍ അതിനു പിന്നാലെയോടുന്നത് 
കല്ലുകള്‍ തേടിയാണ് ഹാഷിം സ്കൂള്‍ പരിസരത്തേക്കു പോയത്.

പക്ഷെ .......കണ്ടത് വല്ലാത്തൊരു കാഴ്ച തന്നെ.
ഹോ! വയ്യ!
ആ കാഴ്ച കണ്ണില്‍ നിന്ന് ഒന്ന് മറഞ്ഞിരുന്നെങ്കില്‍!
മരണങ്ങള്‍ പാലസ്തീനില്‍ പുതുമയല്ല.

ഹാഷിമത് എത്രയോ തവണ കണ്ടിരിക്കുന്നു.
 ഇത് പക്ഷേ തന്റെ സഹപാഠികളാണ് ,ടീച്ചര്‍മാരാണ്,കുഞ്ഞനിയന്മാരാണ്.

തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ആയിഷ തന്നെ നോക്കുന്നുണ്ടോ?'     അതോ അവള്‍ കഥ കേള്‍ക്കുകയാണോ ?

പിന്നെ നിന്നില്ല .ഹിലാലിന്റെ അരികിലേക്കോടി.കിതപ്പാറ്റി അവനോടു പറയനോരുങ്ങുപ്പോഴേക്കും അവന്റെ മുഖം ചുവന്നു.

അവനറിയാം ബോംബര്‍ വിമാനങ്ങള്‍ക്ക് പറയാനുള്ള കഥ

************ *************** *************** *************
ഉയരെ പറക്കുകയാണ് ആ വിമാനം.
തീവ്രവാദികളെ തുടച്ചുനീക്കിയതിന്റെ ആഹ്ലാദത്തില്‍ അത് ആകാശത്തില്‍ പാറിക്കളിച്ചു. 
ഹിലാല്‍ സര്‍വശക്തിയുമെടുത്ത് കല്ലെറിഞ്ഞു.
എത്തുന്നില്ല, ഒരു കല്ലിനു പോലും അതിനെ തൊടാനാവുന്നില്ല.

വിമാനം അകലേക്ക്‌ പാഞ്ഞു.

 അവന്റെ കണ്ണുകളില്‍ നിരാശയും ദേഷ്യവും വേദനയും നിറഞ്ഞു.
പേശികള്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.

അകലെ നിന്നും ഒരു പാറ്റന്‍ ടാങ്ക് വരുന്നതവന്‍ കണ്ടു.

തകര്‍ക്കണം ,ഒറ്റയേറിനു തകര്‍ക്കണം .
കൈയിലിരുന്ന കല്ലും അവനോടു മന്ത്രിച്ചു.

വെട്ടിപ്പിടിച്ച വാഗ്ദത്ത ഭൂമിയളന്നുകൊണ്ട് പാറ്റന്‍ ടാങ്ക് മുന്നോട്ട് കുതിച്ചു.

ചക്രങ്ങളുടെ ഗതിവേഗം അവന്റെ കണ്ണുകളെ വിഭ്രമിപ്പിച്ചു.

ചക്രങ്ങള്‍ക്ക് താഴെ വിശുദ്ധ നാട് ഞെരിഞ്ഞമര്‍ന്നു.

തനിക്കു ചുറ്റും ആരൊക്കെയോ നില്‍ക്കുന്നതായി അവനു തോന്നി.

ബാപ്പ ,അന്‍വര്‍ ,ബാഷിത്, മാമയുടെ പ്രിയ സൈന,എണ്ണിയാല്‍ ഒടുങ്ങാത്ത തന്റെ നാട്ടുകാര്‍ ,പിന്നെ ...പിന്നെ... ആയിഷയും.

അവന്റെ തലച്ചോറില്‍ ആവേഗങ്ങള്‍ തിരമാലകള്‍ സൃഷ്ട്ടിച്ചു.

അവ പേശികളിലേക്ക് ഉത്തേജനം പകര്‍ന്നു.

അന്നുവരെയില്ലാത്ത ആവേശത്തോടെ അവന്‍ കല്ലില്‍ മുറുകെ പിടിച്ചു.

 ഇപ്പോള്‍ കണ്മുന്നില്‍ ശത്രു മാത്രം.

കല്ല്‌ ലക്ഷ്യത്തിലേക്ക് കുതിച്ചു.

ടാങ്ക് ചിരിച്ചു
ഹിലാല്‍ കരഞ്ഞില്ല

*************** *************** ***************** *********************
" നിന്നില്‍ നിന്നും വരുന്നു ,നിന്നിലേക്ക്‌ മടങ്ങുന്നു ."
പള്ളിയില്‍ നിന്നും പ്രാര്‍ത്ഥയുയര്‍ന്നു.

" ഞങ്ങളില്‍ ഓര്‍മ്മകള്‍ ബാക്കിയാക്കിട്ട്"
സലിം ആരോടെന്നില്ലാതെ പറഞ്ഞു.

ഹിലാലിന്റെയും ആയിഷയുടെയും പിന്നെ കുറേയേറെ കുഞ്ഞുങ്ങളുടേയും ഖബറിടത്തില്‍ നിന്നു തിരിഞ്ഞു നടക്കുമ്പോള്‍ ഖാലിദ്‌ ചോദിച്ചു ." അവരെന്തിനാണ് ഈ കുഞ്ഞുങ്ങളെ ? "
വൃദ്ധനായ


 ഹംസ പറഞ്ഞു. " അവര്‍ക്ക് വേണ്ടത് അന്ത്യമടുത്ത കിഴവന്മാരെയല്ല. നമ്മുടെ ഭാവി തലമുറകളെയാണ്‌. സ്കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെടുമ്പ്പോള്‍ നമുക്കു പിന്ഗാമികളാകേന്ടവര്‍ നമുക്കു മുന്‍പേ പോകുന്നു "
ആ വാക്കുകളുടെ മുഴക്കത്തില്‍ എല്ലാവരും നിശബ്ദരായി.

ഹാഷിം ഹിലാലിന്റെ ഖബറിടത്തിനരികില്‍ ചിന്തയിലാണ്ടു നില്‍ക്കുകയായിരുന്നു.
 കണ്ണീരടക്കി നില്‍ക്കാന്‍ അവനും ശീലിച്ചിരുന്നു.
എങ്കിലും ഉള്ളിലെന്തോ..........................


ഇത് എത്രാമത്തെ തവണയാണ് ഇവിടെ നില്‍ക്കുന്നത്?

ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഹാഷിം തിരിഞ്ഞു നടന്നു . 
അവന്റെ കാലുകള്‍ ഒരു കല്ലില്‍ത്തട്ടി.

 ഹാഷിം അത് കുനിഞ്ഞെടുത്തു.എന്നിട്ട് വഴിയരികിലേക്കു മാറ്റിയിട്ടു.

ഹാഷിമിനെ നോക്കി തിരിഞ്ഞു നിന്ന സലിം അതു കണ്ടപ്പോള്‍ നിസ്സഹായതയോടെ ഓര്‍ത്തു

പ്രതീക്ഷകളസ്തമിക്കുമ്പ്പോള്‍ പ്രതിരോധവും നിലയ്ക്കുന്നു.

Thursday, November 4, 2010

ദീപാവലി

എല്ലാവര്ക്കും എന്റെ ദീപാവലി ആശംസകള്‍ .നമ്മുടെ മനസുകളിലും പ്രകാശം പരക്കട്ടെ