"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Monday, August 26, 2019

ബൈപ്പാസ്


ബൈപ്പാസ്
വാഹനവേഗമാപിനികളിലെ
ചുവന്ന സൂചികൾ തുള്ളിവിറച്ച്
പായുന്നിടമാണ്.

കാക്കച്ചിറകിൻ നിഴൽ പോലു-
മറിയാതെ ടാർ റോഡുകൾ
ചോലമരങ്ങളുടെ ഓർമ്മയിൽ
പൊള്ളിത്തിളയ്ക്കുന്നിടമാണ്.

നഗരത്തിന്റെ കുറുക്കുവഴിയാണത്.
മുഷിപ്പിക്കുന്ന നഗരത്തിരക്കിനെ
മിടുക്കിനാൽ മറികടക്കുന്നയിടം.

അത്
നഗരത്തിന്റെ കുപ്പയാണ്
നാറുന്ന നഗരപാപങ്ങൾ
എറിഞ്ഞുകളയാനൊരിടം
വ്രണം പേറുന്ന നായ്ക്കൾ
വെറുതേ അലയുന്നിടം.

Saturday, August 17, 2019

അഭയാർത്ഥിയുടെ ഗീതം

ദശലക്ഷമാണത്രെ നഗരജനസംഖ്യ

മാളികകളിലുറങ്ങുന്നു ചിലർ,

അഴുക്കുചാലുകളിൽ പിന്നെയും ചിലർ

എന്നിട്ടുമില്ല 

നമുക്കു തലചായ്ക്കാനൊരിടം പ്രിയേ

എന്നിട്ടുമില്ല

നമുക്കു തലചായ്ക്കാനൊരിടം.

നമുക്കുണ്ടായിരുന്നു സുന്ദരമാമൊരു ദേശം

ഭൂപടങ്ങളിലതിപ്പോഴുമവിടെയുണ്ട്.

ആവില്ലിനി നമുക്കവിടെയെത്തുവാൻ

 പ്രിയേ

ആവില്ലിനി നമുക്കവിടെയെത്തുവാൻ.

പള്ളിമുറ്റത്തെയാപ്പഴയ യൂ മരം

പൂക്കാറുണ്ടോരോ വസന്തത്തിലും.

പഴയ പാസ്പോർട്ടുകൾക്കതാവില്ല പ്രിയേ

പഴയ പാസ്പോർട്ടുകൾകതാവില്ല.

നയതന്ത്ര മേധാവി മേശയിലിടിച്ചലറി

" പാസ്പോർട്ടില്ലെങ്കിലിനി രേഖകളിൽ

മൃതരാണു നിങ്ങളോർത്തു കൊള്ളൂ"

പക്ഷേ, ജീവിച്ചിരിക്കുന്നു നാമിപ്പോഴും പ്രിയേ,

ജീവിച്ചിരിക്കുന്നു നാമിപ്പോഴും.

സമിതിയൊന്നിൽ ചെന്നു ഞാൻ

കസേരയൊന്നു നൽകിയവരും

ഭവ്യത ചോരാതെയോതി

"വർഷമൊന്നു കഴിഞ്ഞു വരൂ"

പക്ഷേ, എവിടെപ്പോകുമിന്നു നാം പ്രിയേ?

എവിടെപ്പോകുമിന്നു നാം?

പൊതുയോഗമതിലൊരുവൻ

ഉറക്കെയുദ്ഘോഷിച്ചിങ്ങനെ

"അവർ, നമ്മുടെ ഉപജീവനം

കവർന്നെടുക്കാൻ കടന്നു വന്നിടും"

അയാൾ പറഞ്ഞതെന്നെയും നിന്നെയുമാണ് പ്രിയേ

എന്നെയും നിന്നെയുമാണ്

ഇടിമുഴക്കമാണെന്നെനിക്കു തോന്നിയത്,

വധിക്കപ്പെടേണ്ടവരിവരെന്ന

ഹിറ്റ്ലറിൻ ആക്രോശം.

ഓ, നാമുണ്ടായിരുന്നയാളുടെ 

നിദ്രാജാഗരങ്ങളിൽ പ്രിയേ,

നാമുണ്ടായിരുന്നയാളുടെ 

നിദ്രാജാഗരങ്ങളിൽ

പട്ടിക്കുഞ്ഞിനുമിവിടെ പട്ടുകുപ്പായങ്ങൽ തുന്നുന്നു,

മാർജാരനു വേണ്ടിയുപചാരമൊരുങ്ങുന്നു

പക്ഷേ അവരൊന്നും ജർമ്മൻ ജൂതരല്ല പ്രിയേ,

അവരൊന്നും ജർമ്മൻ ജൂതരല്ല.

തുറമുഖത്തെത്തവേ കണ്ടു ഞാനൊരു കാഴ്ച

സ്വതന്ത്രമലസം നീന്തുന്ന മീനുകൾ

വെറും പത്തടി മാത്രമകലെ പ്രിയേ,

വെറും പത്തടി മാത്രമകലെ.

കാനനത്തിൽപ്പാടുന്ന കിളികളെ കണ്ടു ഞാൻ

ഇല്ലവർക്കു കപട നേതാക്കളാരും,

മാനവജാതിയുമല്ലവർ പ്രിയേ,

മാനവജാതിയുമല്ലവർ.

സ്വപ്നത്തിൽ ഞാനൊരു വീടു കണ്ട-

തിനായിരം മുറികൾ,വാതിലുകൾ

ജാലകങ്ങളുമായിരം.

അതിലൊന്നുപോലും നമ്മുടേതല്ല പ്രിയേ

അതിലൊന്നു പോലും നമ്മുടേതല്ല.

മഞ്ഞു വീണുറഞ്ഞ സമതലങ്ങളിൽ

അസ്ഥികോച്ചും തണുപ്പിലും

റോന്തുചുറ്റുന്നായിരം സൈനികർ

അവർ തിരയുന്നതെന്നെയും നിന്നെയുമാണ് പ്രിയേ,

അവർ തിരയുന്നതെന്നെയും നിന്നെയുമാണ്!!!!!





അവർ കണ്ടുമുട്ടുമ്പോൾ

ഒരാമയും ഒരൊച്ചും
കണ്ടുമുട്ടുന്നെന്നു വെക്കൂ
അവരെന്താകും
പരസ്പരം പങ്കുവെയ്ക്കുക??

ഓട്ടമത്സരങ്ങളിലെന്നും
ഒടുവിലാകുന്നതിന്റെ വ്യഥയാകുമോ?
മത്സരങ്ങളിലെന്നേലും
മുന്നിലെത്തുന്ന സ്വപ്നങ്ങളാകുമോ?
ആവാൻ വഴിയില്ല

അവരുടെ കഥകൾ
വഴിയോരക്കാഴ്ചകളെക്കുറിച്ചാകും,
മെല്ലെ നീങ്ങുമ്പോൾ മാത്രം
മുന്നിലെത്തുന്ന വർണ്ണക്കാഴ്ചകൾ.
അറിഞ്ഞാസ്വദിച്ചോരോ ചുവടും
പിന്നിടുന്നതിന്റെ ഗൂഢസന്തോഷങ്ങൾ

സമയ കാലബോധങ്ങളിൽ
വേവലാതിപൂണ്ടിടറിയോടാതെ
ജീവിതം മെല്ലെ നുണഞ്ഞ്
നീങ്ങുന്നവർ,

ഇളവെയിലിൽ ചൂടോർമ്മയിലാമ,
ഒച്ചിനുള്ളതാത്മാവിലേക്കരിച്ചിറങ്ങും
തണുപ്പോർമ്മ
ഇരുവർക്കുമിടയിലൊരു
ധ്യാന ജീവിതം

അവർ
വിട്ടു പിരിയാൻ വയ്യാഞ്ഞിട്ട്
വീടു കൂടെ കൂട്ടുന്നവർ,
ഏകാന്തതയുടെ കാടു തേടുന്നവർ
അവരേറെ ഉള്ളിൽ പേറുന്നവർ
കഥകളേറെ കാത്തുവെക്കുന്നവർ

അവരുടെ രാത്രികൾക്ക്
ജീവിതത്തോളം നീളം,
പകലുകൾക്കുമതേ ദൈർഘ്യം.

തമ്മിലൊന്നു കാണാൻ തന്നെ
പാതയെത്രയവർ താണ്ടണം???

Wednesday, July 31, 2019

തർപ്പണം

നിന്റെ ഓർമ്മകൾക്കൊരു
തർപ്പണം ചെയ്യാനാലോചിക്കാറുണ്ടിടയ്ക്ക്
പിന്നെ, വേണ്ടെന്നു വെയ്ക്കും.

കടലെടുക്കുന്നത്
കണ്ടുനിൽക്കാൻ വയ്യ
കാക്കയ്ക്കും പൂച്ചയ്ക്കും
നൽകാനും വയ്യ
വഴിയരികിൽ, വെയിലിൽ
വാഴയിലയിൽ ,ഒരിളനീർ
നിനക്കായുപേക്ഷിച്ചു
നടന്നു മറയാൻ
എനിക്കിനിയുമായിട്ടില്ല...

Saturday, May 11, 2019

ഹാരി പോട്ടറും ഞാനും


--------------------------------------------

ആറിലോ ഏഴിലോ പഠിക്കുകയാണ്. ഒരു ക്വിസ് മത്സരത്തിന്ടെ അവസാന റൗണ്ട്.ഞാനും വേറേതോ സ്ക്കൂളിലെ ഒരു പെൺകുട്ടിയും തുല്യപോയിന്റിൽ. ടൈ ബ്രേക്കർ ചോദ്യം.
ഹാരി പോട്ടർ നോവലിലെ നാലു ഹൗസുകൾ ഏതെല്ലാം???

ഹാരിപോട്ടർ നോവൽ എഴുതിയത് J K Rowling ആണെന്നല്ലാതെ വേറെ ഒന്നും അറിയാത്ത ഞാൻ തോറ്റു. ആ CBSE പെൺകുട്ടി പുഷ്പം പോലെ ജയിച്ചു.സാധാരണ ക്വിസിൽ തോറ്റാലും വലിയ വിഷമമൊന്നും കാണില്ല. പക്ഷേ ഈ തോൽവി എന്നെ കരയിച്ചു,വേട്ടയാടി. അക്കാലത്ത് ആർത്തിയോടെ പുസ്തകങ്ങൾ വായിക്കുമായിരുന്ന എന്ടെ ഈഗോ മുറിപ്പെട്ടു. ഹാരി പോട്ടർ പുസ്തകങ്ങൾ ലോകമെമ്പാടുമുള്ള കുട്ടികൾ ഹരം പിടിച്ചു വായിക്കുന്നത് വാർത്തകളിൽ കണ്ട് നിശബ്ദനായി നിൽക്കാനേ പറ്റിയുള്ളൂ,കാരണം ഹാരി പോട്ടർ ഇംഗ്ളീഷ് ബുക്കാണ്. നാലാം ക്ളാസിൽ ആദ്യമായി A B C D കാണുന്ന നമ്മളെങ്ങനെയാണീ ഇംഗ്ളീഷ് പുസ്തകമൊക്കെ വായിക്കുക?. ഏത് ഹാരി പോട്ടറാണേലും പഞ്ചതന്ത്രത്തിന്ടെ അടുത്തൊന്നും വരൂല്ല എന്ന് സ്വയം സമാശ്വസിപ്പിച്ച്  ഞാൻ വളർന്നു.

അപ്പോഴേക്കും ഹാരിപോട്ടർ സീരീസ് സിനിമ ഒക്കെ ആയി.താത്പര്യം തോന്നിയില്ല,കാരണം തോന്നിയിട്ടും കാര്യമില്ല.ആകെ കാണുന്നത് DD യും പിന്നെ ഏഷ്യാനെറ്റും.അതും ആരുടേലും കാരുണ്യത്താൽ. ദൃശ്യമാധ്യമങ്ങൾ വായനയെ തളർത്തുമെന്ന് പിന്നേം സ്വയം സമാധാനിപ്പിച്ച് ഞാൻ degree ആയി.

M S M കോളേജിലെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം അന്നും ഇന്നും ലൈബ്രറിയാണ്. അവിടെ പോയി മലയാളം നോവലുകളൊക്കെ എടുത്ത് സ്വസ്ഥമായി ജീവിച്ചു വരികെ ഒരദ്ഭുതം സംഭവിച്ചു.ഞങ്ങടെ രാജരാജ വർമ്മ ഗ്രന്ഥശാലയിൽ ഹാരിപോട്ടർ പുസ്തകം മലയാളത്തിലുള്ളത് വന്നു. Philosophers stone രസായനക്കല്ല് എന്ന പേരിൽ. ആദ്യം തന്നെ പുസ്തകം ചാടിയെടുത്ത് വായിച്ചു.അതൊരു വല്ലാത്ത ഫീൽ ആയിരുന്നു. സ്ളിതറിൻ,ഹഫിൾപഫ് എന്നൊക്കെ കേട്ടപ്പോൾ UP ക്ളാസിലെ ആ ക്വിസിൽ എന്നെ തോൽപ്പിച്ച പെൺകുട്ടിയെ ഓർമ്മ വന്നു. വായിച്ചു തീർന്നപ്പോഴാണ് അടുത്ത പ്രതിസന്ധി. എനിക്ക് ബാക്കി വായിക്കണം. ബാക്കിയുള്ള ഭാഗങ്ങളുടെ മലയാള
വിവർത്തനം  ആരും ഇറക്കുന്നതുമില്ല. ആകെപ്പാടെ എരിപൊരി സഞ്ചാരം.

രസായനക്കല്ല് വായിച്ച ശേഷം സിനിമയിലെ കഥാപാത്രങ്ങളായി അഭിനയിച്ചവരെ ഒക്കെ മനസിലായി. ഹെർമയോണി  എന്നു വായിക്കുമ്പോഴൊക്കെ എനിക്കാ സിനിമേലെ പഠിപ്പിസ്റ്റ് കൊച്ചിനെ മാത്രേ ഓർമ്മ വരൂ(ഇപ്പോഴും പുള്ളിക്കാരി എനിക്ക് ഹെർമയോണി ആണ്).

ഇംഗ്ളീഷിലെ അർഷദ്  എന്നോട് ഇംഗ്ളീഷ് പുസ്തകങ്ങൾ വായിച്ചു കൂടേ എന്നു ചോദിക്കും(ഈ അർഷാദിപ്പൊ അതേ കോളേജിലെ ഇംഗ്ളീഷദ്ധാപകനാണ്).നമ്മളില്ലേ,എന്നു പറഞ്ഞ് ഞാൻ ഒഴിയും. പക്ഷേ വിധി മറ്റൊന്നായിരുന്നു.  വായനശാലയിൽ ഹാരിപോട്ടർ മലയാളം വരാൻ കാത്തിരുന്നാൽ അങ്ങനെ ഇരിക്കുകേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ് ഞാൻ കോളേജ് ലൈബ്രറിയിലേക്ക് പേടിയോടെ ചെന്നു. പുസ്തകങ്ങൾ കേറി ചെന്ന് എടുക്കാൻ പറ്റില്ല,ഏതു വേണം എന്നു പറയണം അവരെടുത്ത് തരും(വ്യക്തിപരമായി വിയോജിപ്പുള്ള സിസ്റ്റമാണ് എനിക്കത്). Chamber of secret വേണം എന്ന് പറയാനുള്ള ധൈര്യം ഒന്നും ഇല്ല.ഒരു സിനിമേൽ  ശ്രീനിവാസൻ ഷാപ്പിൽ ചെന്നിട്ട് ഒരു ഗ്ളാസ് ബ്രാണ്ടി എന്നു പറയുന്ന സീൻ ഇല്ലേ,അതാണന്നു ഞാൻ,ഡിഗ്രി രണ്ടാം വർഷമാണ്,പക്ഷേ ഇംഗ്ളീഷിനോടുള്ള ബഹുമാനം/പേടി/അപകർഷത  സകലതും ഉണ്ട്. Chamber of secret ചോദിച്ചില്ല,ആ ടേബിളിൽ ആരോ മടക്കിക്കൊണ്ടുവന്ന half blood prince ചൂണ്ടി ദോ അത് എന്ന് വിറയാർന്ന സ്വരത്തിൽ പറഞ്ഞു. ക്ളാസിലാരേലും കണ്ടാലുറപ്പായും കളിയാക്കും എന്നറിയാവുന്നത് കൊണ്ട് ഓടിക്കൊണ്ടു വന്ന് ബാഗിൽ വെച്ചു. വീട്ടിലെത്തി.  ഒരു ഡിക്ഷ്ണറി എടുത്ത് നോവലും വിടർത്തി വായന തുടങ്ങി. മലയാളം പുസ്തകങ്ങൾ നല്ല വേഗതയിൽ വായിക്കുന്ന ഞാൻ ഈ പുസ്തകത്തിന്ടെ ആദ്യ അധ്യായത്തിൽ തപ്പിത്തടഞ്ഞ് നിന്നു.ഓരോ വാചകത്തിനും നിഘണ്ടു മറിച്ചു. Reckon എന്ന വാക്കാണ് ഞാൻ harry pottter ൽ നിന്ന് ആദ്യമായി പഠിച്ചത്. ആ വാക്ക് കുറേയിടത്ത് ആവർത്തിച്ചപ്പൊ ഒരു സന്തോഷം.  വായനയും നിഘണ്ടു നോക്കലും ഒരു പോലെ നടക്കില്ലെന്നു മെല്ലെ മനസിലായി. കഥയിൽ രസം കേറിത്തുടങ്ങിയപ്പൊ മെല്ലെ നിഘണ്ടു മാറ്റി വെച്ച്. വാക്കുകളുടെ അർത്ഥമൊക്കെ ഊഹിച്ചങ്ങ് വായിച്ച്. കഥ മനസിലായാൽ മതിയല്ലോ. ഒരാഴ്ച എടുത്ത് വായിക്കാൻ,പക്ഷേ വായിച്ചു തീർന്നപ്പോ ഒരു ആത്മവിശ്വാസമുണ്ടായി. ഇനീം വായിക്കാമെന്ന്. ഓടിപ്പോയി അടുത്ത ബുക്ക് ചോദിച്ചു. അപ്പോൾ കിട്ടിയത് order of pheonix ആണ്.  കൃത്യമായ ക്രമത്തിൽ വായിക്കണം എന്നൊന്നും തോന്നിയില്ല, എല്ലാം പെട്ടെന്ന് തീർക്കണം എന്നു തോന്നി. ആ പുസ്തകം 5 ദിവസം കൊണ്ട് തീർത്തു.  ഇംഗ്ളീഷിനോടുള്ള ഭയം മെല്ലെ അവസാനിക്കുകയായിരുന്നു. 
ഹാരി പോട്ടറും ഹെർമയോണിയും വോൾഡമോർട്ടും ഡംബിൾഡോറുമെല്ലാം ആ പഴയസ്റ്റേറ്റ് സിലബസുകാരനോട് സൗഹൃദത്തിലായി. രസകരമായ ഒരോർമ്മയുണ്ട്.

ഫിസിക്സ് പഠിപ്പിക്കുന്ന ഭദ്ര ടീച്ചർ ഒരിക്കലെന്നെ ലൈബ്രറിയിൽ വെച്ച്  കണ്ടു.എന്ടെ കൈയിൽ തടിച്ച ഒരു പുസ്തകോം. ക്ളാസിലെ നിരുപദ്രവകാരിയും നിർഗുണ പരബ്രഹ്മവുമായ ചെക്കൻ ലൈബ്രറി  സന്ദർശിച്ചത് കണ്ട ടീച്ചർ ഞെട്ടിക്കാണും.(സയൻസ് ബ്ളോക്കിൽ നിന്ന് ഏറെ അകലെയാണ് ലൈബ്രറി. അതും കുറേ നടന്ന് പടി ചവിട്ടി വേണം കേറാൻ, ഞാനും ലക്ഷ്മിപ്രിയേം പിന്നെ ബോട്ടണിയിലെ ആ മൂക്കുത്തിയിട്ട കുട്ടിയുമേ സ്ഥിരമായി ലൈബ്രറി പുസ്തകങ്ങൾ എടുക്കാറുള്ളായിരുന്നു. അവർ അക്കാഡമിക്,ഞാൻ വല്്ല കഥയോ നോവലും). നിശബ്ദനായ ഒരു പഠിപ്പിസ്ററിനെ തിരിച്ചറിയാതെ പോയ അമ്പരപ്പോടെ ഭദ്ര ടീച്ചർ
  "താൻ ലൈബ്രറിപുസ്തകങ്ങൾ ഒക്കെ എടുക്കാൻ വരാറുണ്ടോ?"

മറുപടി ഞാനല്ല,അവിടുത്തെ ലൈബ്രറി സ്റ്റാഫാണ് നൽകിയത്.

"പണ്ട് മലയാളം നോവലായിരുന്നു,ഇപ്പൊ  മെച്ചപ്പെട്ട്, ഇംഗ്ളീഷ് നോവലാ എടുക്കുന്നേ"

നശിപ്പിച്ച്!!!!!

ഭദ്ര ടീച്ചർ ഇംപ്രസ്ഡ് ആകുന്നതും ഇൻറ്റേണലിനുഫുള്ളു കിട്ടുന്നതുമൊക്കെ സ്വപ്നം കണ്ടത് ഖുദാ ഗവാ.

കഥയിലേക്ക് വരാം.  വായനയിൽ രസം പിടിച്ച് പിടിച്ച് ഞാനൊരു ദിവസം കോളേജിൽ പോയില്ല(എന്നും കൃത്യമായി ക്ളാസിൽ കേറുമായിരുന്നു എന്നല്ല,വായിക്കാൻ വേണ്ടി മാത്രം പോകാതിരുന്ന അവസരം അതായിരുന്നു).ഡംബിൾഡോറു മരിക്കുന്നതാണോ, സെക്കൻഡിയറിലെ വിരസമായ ഓർഗാനിക് കെമസ്ട്രിയാണോ പ്രധാനം എന്നു ഞാനെന്നോടു ചോദിച്ചു.  ഞാൻ ഡംബിൾഡോറിനൊപ്പം നിന്നു.

തേർഡ് ഇയറായപ്പോഴേക്കും  ഹാരിപോട്ടർ സീരീസ് കലാശക്കൊട്ടിലേക്കെത്തി.Deathly Hallows  ഇറങ്ങാൻ നേരം ഉത്സവ പ്രതീതി ആയിരുന്നു. അപ്പോഴും അടുത്ത പ്രശ്നം. ഉടനേ കിട്ടൂല. നേരത്തേ ബുക്കു  ചെയ്താലേ കിട്ടൂ.അതും  വിദേശത്ത് വരെ വൻ ക്യൂ. എനിക്കാണേൽ എന്താകുംഎന്നറിയാനുള്ള ജിജ്ഞാസ കൂടിക്കൂടി വന്നു.  പുസ്തകമിറങ്ങി.  കിട്ടണമെങ്കിൽ അത് കോളേജ് ലൈബ്രറിയിൽ വരണം,അത് മിനിമം ഒരു വർഷമെടുക്കും. കാശു കൊടുത്ത് മേടിക്കാനുള്ള പാങ്ങുമില്ല,പണവുമില്ല.
പക്ഷേ, എന്ടെ ആവേശം തൊട്ടറിഞ്ഞ് ഒരു ദിവസം പാർവതിക്കുട്ടി എനിക്ക്  ഒരു പുസ്തകം വെച്ചു നീട്ടി. പുതുപുത്തൻ Harry potter And deathly hallows.
പുസ്തകം ബ്രിട്ടനിലിറങ്ങിയിട്ട് രണ്ട് മാസമേ ആകുന്നുള്ളൂ,അതിനുള്ളിൽ എനിക്കും വായിക്കാൻ കിട്ടി.(Amazon,flipcart കാലത്ത് അതൊരു അദ്ഭുതമേ അല്ലായിരിക്കും). പാർവതിയുടെഏതോ ബന്ധു എവിടുന്നോ വാങ്ങി നൽകിയതായിരുന്നു. മൂന്നൂ ദിവസം കൊണ്ട് കുത്തിയിരുന്ന് വായിച്ചു തീർത്ത് കഴിഞ്ഞപ്പോ ഞാൻ മറ്റൊരാളായിരുന്നു.  ഏഴു പുസ്തകങ്ങൾ(factually ആറ്.രസായനക്കല്ലിന്ടെ ഇംഗ്ളീഷ് ഞാൻ വായിച്ചിട്ടില്ല,വായിക്കണമെന്നുമില്ല.രസായനക്കല്ല് സൃഷ്ടിച്ച ലോകം അതേപടി നിൽക്കട്ടെ.)

ഇംഗ്ളീഷ് പുസ്തകങ്ങൾ വായിക്കാനുള്ള ആത്മവിശ്വാസം ഞാൻ നേടി.വായിക്കുമ്പോൾ എല്ലാ വാക്കിന്ടേയും അർത്ഥമൊന്നുംഅറിഞ്ഞില്ലേലും മെല്ലെ മെല്ലെ അത് നമ്മൾ മനസിലാക്കുമെന്നും അതിയായ താത്പര്യമുണ്ടേേൽ എന്തും സാദ്ധ്യമാക്കാമെന്നും എന്നെ പഠിപ്പിച്ചത് harry potter ആണ്.

ഇംഗ്ളീഷിനോട് പേടിയുള്ളവർ, എന്നാൽ വായിക്കാനാഗ്രമുള്ളവർ
കാഫ്കയിലും കാമുവിലും ഓർഹൻ പാമുക്കിലുമൊന്നുമല്ല വായന തുടങ്ങേണ്ടത്.  നമുക്ക് വായിക്കണമെന്നത്രയേറെ ആഗ്രഹമുള്ള പുസ്തകത്തിൽ തുടങ്ങണം. Detective, thriller, childrens books ഇതൊക്കെയാണ് സ്ഥിരമായി ഞാൻ നിർദ്ദേശിക്കാറ്‌.

നമുക്കിതു പറ്റുമോ,ഗ്രാമറൊന്നും അറിഞ്ഞൂട, വായന പതിയെയാകും, എന്നൊക്കെ ആശങ്കപ്പെട്ട് ഇംഗ്ളീഷ് വായിക്കാതെ ഒഴിവാകുന്ന കുറേ നല്ല വായനക്കാരുണ്ട്. അവർ അറിയാതെ വായനയുടെ വിശാലമായ പ്രപഞ്ചമാണ് ഒഴിവാക്കുന്നത്. ചിലപ്പൊ വായന മെല്ലെയാകും, നിന്നു പോകും പക്ഷെ നാം നടക്കാൻ പഠിക്കുമ്പോ വീഴാറില്ലേ?, പിന്നെയും നാം നടക്കാറില്ലേ, അതു പോലെയുള്ളൂ.

നമ്മുടെ സ്വന്തം ഭാഷയ്ക്കു പുറത്തും നാം വായിക്കേണ്ടതുണ്ട്. ഇംഗ്ളീഷ് പഠിച്ചിട്ട് വേണം വായിക്കാൻ എന്നു കരുതരുത്. വായിച്ചു വായിച്ച് നാം പഠിച്ചോളും.

ഒരു പക്ഷേ ഹാരിപോട്ടറില്ലായിരുന്നെങ്കിൽ ഇംഗ്ളീഷ് വായനയിലേക്കെത്തുമായിരുന്നോ ഞാൻ?? ഹാരി പോട്ടർ ഉദാത്ത സാഹിത്യം ആണെന്നൊന്നും ഞാൻ അവകാശപ്പെടില്ല. പക്ഷേ എന്റെ വായനാ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഹാരി പോട്ടർ.

"one day i read a book and my whole life was changed" എന്ന് ഓർഹൻ പാമുക്ക് പറഞ്ഞിട്ടുണ്ട്.

ശരിയായ പുസ്തകത്തിലേക്കെത്താത്തതു കൊണ്ടാണ് ഒരാൾ വായനക്കാരനാകത്തത് എന്നും ഒരു പറച്ചിലുണ്ട്.

ഒരു പക്ഷേ,ആ പുസ്തകം നിങ്ങളെ തേടുകയാകും, നിങ്ങളതിനെ അന്വേഷിക്കുന്നുണ്ടോ???

അന്വേഷിക്കൂ, ഭാഷ ഒരു തടസമാകാതിരിക്കട്ടെ, ആവേശമുള്ള ഒരു വായനക്കാരനു മുന്നിൽ തുറക്കാത്ത ഏതു ഭാഷയാണുള്ളത്?

സൂസന്നയുടെ ഗ്രന്ഥപ്പുര-വായന

വായിക്കുന്ന എല്ലാ പുസ്തകങ്ങളേക്കുറിച്ചും എഴുതാൻ കഴിയാറില്ല. കാരണം എഴുതുമ്പോൾ പുസ്തകത്തേക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ മാത്രമല്ല എഴുതുന്നത്. വ്യക്തിപരമായ അനുഭവങ്ങളും ചിന്തകളുമൊക്കെ കേറിവരും. അത് പുസ്തകത്തെ വിലയിരുത്തുന്ന എഴുത്തിൽ വരേണ്ടതില്ലല്ലോ എന്നു കരുതി ആ എഴുതാൻ വന്നതപ്പാടെ ഉപേക്ഷിക്കും. ഇത്തവണ അതിനാകില്ല,കാരണം ഇതെന്റെ കൂടി പുസ്തകമാകുന്നു. ഒരു വായനക്കാരനെന്ന നിലയിൽ ഞാൻ കൂടി കടന്നു പോകുന്ന, ഒരു പക്ഷേ എല്ലാ വായനക്കാരും കടന്നു പോകുന്ന അവസ്ഥകൾ, മനസിലൂടെ കടന്നു പോകുന്ന, ആരോടും പറയാത്ത
പറഞ്ഞാൽ തന്നെ അതെങ്ങനെ സ്വീകരിക്കപ്പെടുമെന്നും ഇനിയീ ചിന്ത എന്റേതു തന്നെയാണോ മുൻപെവിടെയോ വായിച്ച ഏതേലും എഴുത്തുകാരന്റേതാണോ തുടങ്ങിയ സന്ദേഹങ്ങൾ ഒക്കെ ഇതിൽ വായിച്ചെടുക്കാം.

Nothing is personal എന്നതിനു ബദലായി everything is personal എന്നു പറയാറില്ലേ, വായനയും അതു പോലെയാണ്. ഓരോ പുസ്തകവും ഓരോ വായനക്കാരനും ഓരോ ലോകമാണ്.അവനു സ്വാസ്ഥ്യം നൽകുന്നത് അതിലെ ഏതു ഭാഗമാണെന്നോ, ഏതു കഥാപാത്രമാണെന്നോ ഒന്നും ചിലപ്പോൾ പറയാൻ കഴിയില്ല. വായനക്കാരന്റേയും എഴുത്തുകാരന്റേയും ലോകങ്ങൾ വിചിത്രമാണ്. എഴുത്തുകാരനത് സർഗസൃഷ്ടിയിലൂടെ അടയാളപ്പെടുത്തുമ്പോൾ വായനക്കാരൻ ഓരോ പുസ്തകത്തിലും തന്നെത്തന്നെ തേടുകയാണ്. ആരാണ് എന്റെ ചിന്തകളെ വരച്ചിടുന്നത് ?ഏതു പുസ്തകമാണ് എന്റെ സ്വത്്വ വത്തെ അനുകരിക്കുന്നത്? അവന്റെ അന്വേഷണങ്ങൾ അവസാനിക്കുന്നതേയില്ല.

സൂസന്നയുടെ ഗ്രന്ഥപ്പുര  പുസ്തകങ്ങളേയും എഴുത്തുകാരേയും കുറിച്ചുള്ള പുസ്തകമല്ല, അത് വായനക്കാരേക്കുറിച്ചുള്ളതാണ്. വായനയിലൂടെ വളരുന്ന ഗാഢ സൗഹൃദങ്ങളേയും ആത്മ ബന്ധങ്ങളേയും കുറിച്ചാണ്. പ്രശസ്തരായ എഴുത്തുകാരും പുസ്തകങ്ങളുമെല്ലാം യഥേഷ്ടം കടന്നു വരുന്നുണ്ടിതിൽ. അവരെയെല്ലാം വ്യക്തിപരമായ ഓർമ്മകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്‌. ഓരോ കഥാപാത്രങ്ങളും വായനയുമായി ബന്ധപ്പെട്ടിരിക്കുന്നു അഥവാ വായനയാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്നത്‌. ആദ്യന്തം ഒരേ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന  അപൂർവം നോവലുകളിലൊന്നാണിത്.
ഇതിൽ കടന്നു വരുന്ന പുസ്തകങ്ങളേയും എഴുത്തുകാരേയുമൊക്കെ വായിക്കാൻ തോന്നുന്നു. കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര.

വായിച്ചു കഴിയുമ്പോൾ നിറഞ്ഞു എന്ന തോന്നലാണ് വന്നത്‌.ചില പുസ്തകങ്ങൾ വായിച്ചുതുടങ്ങുമ്പോൾ തന്നെ തോന്നാറില്ലേ, ഇതെന്റെ പ്രിയപ്പെട്ട പുസ്തകമാകും എന്ന്. എനിക്കതാണീ പുസ്തകം. പൊതുവേ വേഗത്തിൽ വായിക്കാനിഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇതിലെ ഓരോ വരികളും മെല്ലെ ആസ്വദിച്ചാണ്‌ വായിച്ചത്. ഏകാന്തവും നിശബ്ദവുമായ രണ്ടു രാത്രികളിൽ ഇൗ പുസ്തകത്തിലാഴ്ന്നു മുഴുകി ജീവിക്കുകയായിരുന്നു. അത്രത്തോളം ശ്രദ്ധയും പരിഗണനയും അർഹിക്കുന്നുണ്ടിത്. ഇതോരോ വായനക്കാരന്റേയും പുസ്തകമാണ്.വായിക്കാൻ മാത്രമല്ല എഴുതാനും പ്രേരിപ്പിക്കുന്ന പുസ്തകം.,ഇതിലെ കഥയോ കഥാപാത്രസൃഷ്ടിയെക്കുറിച്ചോ ഒന്നും തന്നെ പറയുന്നില്ല. ഈ പുസ്തകം സൃഷ്ടിച്ച അനുഭൂതിയെക്കുറിച്ചല്ലാതെ മറ്റൊന്നും തന്നെ പറയാനില്ല.

അവിസ്മരണീയമായ വായനാനുഭവം സമ്മാനിച്ച അജയ് പി മങ്ങാട്ടിന് നന്ദി