"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Tuesday, November 17, 2015

അലങ്കാര മത്സ്യമേ

അലങ്കാര മത്സ്യമേ

നീ മീനല്ല
നഗര നടുവിലെ
ശീതികരിച്ച  മുറിക്കുള്ളിലെ
ഒന്നരച്ചാണ്‍ സ്ഫടിക
ക്കൂടിനപ്പുറം നിനക്കറിയില്ല
ലോകം .

നിനക്ക് പുഴയാഴമറിയില്ല
ഒഴുക്കിനെതിരെ
നീന്താനറിയില്ല
ഒറ്റാലിൽ നിന്ന്'
തെറ്റാനുമറിയില്ല .

നിനക്ക് പ്രണയമറിയില്ല
ഇണയുടെ  വാലുരുമ്മി
കുറുകാനുമറിയില്ല .

പുതുമഴപ്പെയ്തി
ല്ലാഹ്ലാദം  പൂണ്ടു  നീങ്ങു -
മൊരു  കുരുന്നും  കൗതുക
ക്കണ്ണാൽ  നിന്നെ വിളിക്കില്ല
മാനത്തുകണ്ണീയെന്ന് .

നിനക്ക് 
പെരുമഴപ്പെയ്ത്തും
വേനൽ  വരൾച്ചയുമറിയില്ല .

ഒടുവിലൊരു ചൂണ്ടലിൽ
പ്രാണൻ  പിടയുമ്പോൾ
ചെകിളയൊന്നടർത്തി
അവസാന  ശ്വാസമെടു
 ത്തൊടുങ്ങാനും  നിനക്കറിയില്ല
നീ മീനല്ല .