"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Wednesday, September 20, 2017

തകർന്നെങ്കിലെന്ത്??

ന്നെൻ ഹൃത്തം തകർന്നെങ്കിലെന്ത് ?

ഇന്നെന്ടെ പാദങ്ങൾ തളർന്നെങ്കിലെന്ത്?

എൻ സ്വപ്നമേഘങ്ങളൊക്കെയും മാഞ്ഞെങ്കിലെന്ത്

ദുഃഖ സമുദ്രങ്ങളെൻ കണ്ണിണകളിലലയടിച്ചെങ്കിലെന്ത്

ക്ഷീണിതൻ,പരാജിതൻ ഞാനെങ്കിലും

ഉള്ളിലിനിയും ചൈതന്യമൂറുന്നവൻ ഞാൻ.

ഉച്ഛാസനിശ്വാസങ്ങുളുണ്ടെന്നിലെന്നറിയുന്നു ഞാൻ

കുതിക്കാൻ കൊതിക്കുന്നൊരു കായമുള്ളവൻ ഞാൻ

പുതു പ്രതീക്ഷകൾ നാമ്പിടുമിനി

പുതിയ പുലരിയെനിക്കായ് പിറക്കും.

എൻ സ്വപ്നഭൂമികയതു സാദ്ധ്യമാക്കാൻ

ദൃഢമാം പദമൂന്നി നടന്നിടും ഞാനിനി

കരുത്തേറേടുമിനിയിൽ കാലടികളിൽ.

എന്ടെ പോരാട്ടങ്ങളിലേക്കിതാ

ഉണർന്നിറങ്ങുന്നു ഞാൻ.

Tuesday, September 12, 2017

കാഴ്ചകൾ

ഒരു ചരൽക്കല്ലു കാണുമ്പോൾ
ഒഴുക്കു നിലച്ചെന്നോ മരിച്ചൊരു
പുഴ കാണുന്നുണ്ട് ഞാൻ

വഴിയരികിലെ ചല്ലി കാണുമ്പോൾ
ഹൃദയം പൊട്ടിത്തകർന്നൊരു
മല കാണുന്നുണ്ട് ഞാൻ.

ഒരു മരുഭൂമി കാണുമ്പോൾ
മഴ കിട്ടാതെ ദാഹിച്ചു മരിച്ചൊരു
പഴയ പുൽമേടു കാണുന്നു ഞാൻ.

പൊന്നു മൂടിയൊരു പുതു-
പ്പെണ്ണിനെ കാണുമ്പോൾ
തങ്കത്തിളക്കമില്ലായ്കയാൽ
താലിയിനിയും വരാത്തൊരു
പെണ്ണിനെ കാണുന്നു ഞാൻ.

മിഡ്ടൗൺ ബാറിൽ നിന്നും
വേച്ചിറങ്ങുന്ന വൃദ്ധനിൽ
ഉലഞ്ഞാടുന്നൊരു വീടു കാണുന്നു ഞാൻ.

പോത്തീസ് സൂപ്പർസ്റ്റോഴ്സിലെ
ഇരുണ്ടു മെലിഞ്ഞ യൗവനങ്ങളിൽ
കൊടിയ ദാരിദ്യം കരകാട്ടം നടത്തുന്ന
ഒരായിരം തമിൽഗ്രാമങ്ങൾ കാണുന്നു ഞാൻ.

എന്നിലിപ്പോൾ കിനാവുകളല്ല.
കാഴ്ചകളുടെ പെരുക്കമാണ്.