"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Friday, November 2, 2012

വാടക മുറി

കുഞ്ഞേ, 
നിന്നെ അങ്ങനെയല്ലാതെ മറ്റെന്താണ് ഞാന്‍ വിളിക്കുക ?
നീ എന്നില്‍ കുരുത്തു തുടങ്ങിയ നാള്‍ മുതല്‍ ഞാന്‍ ആലോചിക്കാറുണ്ട്., നിന്റെ പേര് എന്തായിരിക്കും? നിന്റെ മുഖമെങ്ങനെയിരിക്കും എന്നൊക്കെ.
നിന്റെ ഓരോ തുടിപ്പും എനിക്കുള്‍പ്പുളകമാകാറുണ്ട്.
നീ വളര്‍ന്നു വലുതായശേഷമെന്നെങ്കിലും എന്നെ അറിയുമായിരിക്കുമോ ?

ഞാനെന്തൊക്കെയാണ് തമ്പുരാനേ ഈ ചിന്തിച്ചു കൂട്ടുന്നത്?
അമ്മയുടെ ചിന്തകള്‍ ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കുമെന്ന് പണ്ടെപ്പോഴോ വായിച്ചിട്ടുണ്ട്.
അതിന്‌............ ......  അതിന്‌  ഞാന്‍ നിന്റെ അമ്മയല്ലല്ലോ കുഞ്ഞേ
അല്ല എന്നാണ് അവര്‍ പറയുന്നത് 
നിന്നെപ്പോലെ എനിക്കും ഈ ലോകത്തിന്റെ ചില രീതികള്‍ അത്ര പരിചിതമല്ല 
അവരുടെ വാക്കുകളില്‍ ഞാനൊരു വാടക ഗര്‍ഭപാത്രമാണ്.അത്ര മാത്രം.
ഏതോ ജനിതകപ്പിഴകളാല്‍ ഗര്‍ഭം ധരിക്കാനാവാത്ത ഒരു സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിന്റെയും പാരമ്പര്യമാണ് നീ പേറുന്നത്
അല്ലാതെ എന്നെപ്പോലെ നഷ്ടസ്വപ്നങ്ങളുടെയും ദുരിതങ്ങളുടെയും പാരമ്പര്യമല്ല.
അങ്ങനെ നോക്കുമ്പോള്‍ നീ ഭാഗ്യം ചെയ്തവളാണ്, അതോ അവനോ?
എന്താണെങ്കിലും നീയെനിക്കു പ്രിയപ്പെട്ടതാണ്.എന്റെ കുഞ്ഞുങ്ങള്‍ക്കും നീ പ്രിയപ്പെട്ടതാണ്, അവരതറിയുന്നില്ലെങ്കില്‍കൂടി.
നീ വെറുതെ അറിഞ്ഞിരുന്നോളൂ, റിഹാനയും ഷംനയും നിന്റെ  സഹോദരങ്ങളാണ് .ആ ഒരു സാമ്യം മാത്രമേ അവര്‍ക്ക് നീയുമായുണ്ടാകൂ.
നീ കാരണം അവരുടെ വിശപ്പിനും വേദനകള്‍ക്കും തെല്ലോരാശ്വാസം കിട്ടും കുഞ്ഞേ. ഞാനീ ചിന്തിക്കുന്നതൊക്കെ നീ എന്നെങ്കിലും ഒരു മങ്ങിയ ഓര്‍മയായെങ്കിലും ചികഞ്ഞെടുക്കുമായിരിക്കുമോ?
അതോ യാത്രയ്കിടയില്‍ തങ്ങുന്ന ലോഡ്ജു മുറി പോലെ എന്തോ ഒന്ന് എന്ന് നിന്റെ മനസ് പഠിപ്പിക്കുമോ?
നിന്റെ കാര്യത്തില്‍ യാത്ര തുടങ്ങുന്നതു തന്നെ ലോഡ്ജിലാണെന്ന് മാത്രം അല്ലേ?
 കനത്ത വാടക നല്‍കുന്ന ഒരു മുറി.ഒന്‍പതു മാസക്കാലം പ്രാണവായുവും പോഷണവും നല്‍കുന്ന മുറി.അത്ര മാത്രം ചിന്തിച്ചാല്‍ മതിയെന്നാണ് ഡോക്ടറും പറഞ്ഞത്. നീ കൂടുതലൊന്നും ആലോചിച്ചു കൂട്ടെണ്ടെന്നു എന്റെ ഭര്‍ത്താവും പറഞ്ഞു.
അയാളെപ്പറ്റി നിന്നോടു പറഞ്ഞില്ല അല്ലേ?   അതിന്റെ ആവശ്യവും ഇല്ലല്ലോ.
ഞാനും ചെറുപ്പത്തില്‍ ഏറെ സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നു.അതിലെല്ലാം തന്നെ എന്നെ ഒരു രാജകുമാരന്‍ വിവാഹം കഴിക്കുന്നതും ഞങ്ങള്‍ സുഖമായ് ജീവിക്കുന്നതും നിത്യ കാഴ്ചയായിരുന്നു.
പിന്നീടാണറിഞ്ഞത് രാജകുമാരന്മാര്‍ കഥകളില്‍ മാത്രമേ കാണൂ എന്ന്.ജീവിതത്തില്‍ നടക്കാതെ പോകുന്നവയെല്ലാമാവം ആരെങ്കിലുമൊക്കെ കഥകളാക്കുന്നത്.
കഥയല്ലേ അതില്‍ കുറെയെങ്കിലും ജീവിതമുണ്ടാകും എന്ന് നമ്മളും വിശ്വസിക്കും.  എന്റെ വിവാഹത്തിനും ധാരാളം പേരുണ്ടായിരുന്നു.പക്ഷെ പിന്നീട് ഞാന്‍ ഒറ്റയായിപ്പോയി.
എപ്പോഴൊക്കെയോ വന്നുപോകുന്ന ഒരു വിരുന്നുകാരനായിരുന്നു എന്റെ ഭര്‍ത്താവ്.
പെണ്‍കുഞ്ഞുങ്ങളുണ്ടാകുന്നതും പഠിക്കുന്നതുമൊക്കെ എന്റെ അപരാധങ്ങളായി കരുതുന്ന ഒരാള്‍ എന്നെയും കുഞ്ഞുങ്ങളെയും പോറ്റും എന്ന് കരുതുന്നതു തന്നെ വിഡ്ഢിത്തമാണ്.
നീയറിയണം കുഞ്ഞേ, ഒരുവളും പണത്തിനായി മാത്രം വാടക അമ്മയാവില്ല .
അവര്‍ പറയുന്നത് ശരിയാണ്.
കൂടുതല്‍ ചിന്തിക്കേണ്ട.
പക്ഷേ എന്റെ കുഞ്ഞുങ്ങളെപ്പറ്റി ഞാന്‍ ചിന്തിക്കാതിരിക്കുന്നതെങ്ങനെ?
 ഞാന്‍ ഒരു അമ്മയാണ്.അതുകൊണ്ട് തന്നെയാണ്  നീയും എന്റെ ചിന്തകളില്‍ കടന്നു വരുന്നത്.
കുറേ പണം കിട്ടുമെന്നറിഞ്ഞപ്പോള്‍ സമ്മതം മൂളാന്‍ നൂറു നാവുണ്ടായിരുന്നു ഭര്‍ത്താവിന്.
ഭര്‍ത്താവുള്ളതിനാല്‍ സമൂഹം നെറ്റി ചുളിക്കില്ല,പിറുപിറുക്കില്ല.
കുഞ്ഞെവിടെ എന്ന ചോദ്യത്തിനും ഉത്തരം അവര്‍ എപ്പോഴേ തയാറാക്കി കഴിഞ്ഞു.
അത് പറയാമെന്നു അയാള്കും സമ്മതം.
ഇത്തരം കളികള്‍ക്കിടയിലാണ് കുഞ്ഞേ നാം.
നിന്നെ പ്രസവിച്ചു കഴിഞ്ഞാലുള്ള എന്റെ അവസ്ഥ എന്താകുമെന്നു നിനകറിയാമോ?
നിന്നെ പാലൂട്ടാനായി ഞാന്‍ വിങ്ങും,വേദനിക്കും.
പക്ഷേ വേദനകള്‍ എനിക്കു ശീലമാണ്.
റിഹാനയും ഷംനയും തിരിച്ചറിവില്ലാത്ത പ്രായമായത് നന്നായി.
ഇല്ലെങ്കില്‍ അവരും  ചോദിച്ചേനെ വാവ എവിടെ എന്ന്.
പറഞ്ഞു പഠിപ്പിക്കുന്ന കള്ളങ്ങള്‍ അവരോടു ഞാനെങ്ങനെ പറയും?
അവര്കിപ്പോഴാകെ അറിയാവുന്നത് വിശക്കുമ്പോള്‍ കരഞ്ഞിട്ടും കാര്യമില്ല എന്നതു മാത്രമാണ്. 
"ഷഹന, ഷഹന "
നേഴ്സ് അക്ഷമയായി വിളിച്ചു
ഷഹന പതിയെ എഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് നടന്നു.
ഡോക്ടര്‍ സഹതാപപൂര്‍വ്വം അവളുടെ മുഖത്തേക്ക് നോക്കി.അത് പരിചിതമായതിനാല്‍ ഷഹന ഒന്നു ചിരിച്ചു.
"ഇരിക്കൂ, ഷഹനയ്ക്ക് മറ്റസ്വസ്ഥതകള്‍ ഒന്നും തന്നെ ഇല്ലല്ലോ അല്ലേ?"
"ഇല്ല "
ഡോക്ടര്‍ അല്‍പനേരം നിശബ്ദനായി,
അവള്‍ മുറിയില്‍ പതിപ്പിച്ചിരിക്കുന്ന ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു.
"ഒരു പ്രധാന കാര്യം പറയാനുണ്ട് "
ഷഹന ഡോക്ടറിലേക്ക് തിരിച്ചു വന്നു.
"ക്ലയന്റ്സിനു ഇപ്പോഴൊരു മനം മാറ്റം.ഇങ്ങനെയൊരു കുഞ്ഞുണ്ടായാല്‍ അതിനെ സമൂഹം അതായത് അവരുടെ വീട്ടുകാരൊക്കെ എങ്ങനെ..........." 
അയാള്‍ അര്ധോക്തിയില്‍ നിര്‍ത്തി.
 ക്ലയന്റ്സ് എന്ന വാക്ക് അവളെ ഞെട്ടിച്ചു.
"അതായത് കുഞ്ഞിന്റെ അച്ഛനമ്മമാര്‍ ?"
"അങ്ങനെ പറയാമോ ഷഹന ?"
അവള്‍ വല്ലാതെയായി
പ്രസവിക്കുന്നവരല്ല അമ്മ എന്ന് നേരത്തെ ഡോക്ടര്‍ പഠിപ്പിച്ചു.ഇപ്പോള്‍ ഇവരുമല്ല എന്ന് പറയുന്നു.
അപ്പോള്‍ ആരാണ് അമ്മ ?
തന്റെ ചിന്തകള്‍ പുറത്തു വരാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.
അതു മനസിലാക്കിയെന്നോണം ഡോക്ടര്‍ പറഞ്ഞു
"നോക്കൂ, എനിക്കറിയാം തന്റെ ബുദ്ധിമുട്ടുകള്‍, അതുകൊണ്ടല്ലേ ഷഹനയെതന്നെ ഞാന്‍ സജസ്റ്റ് ചെയ്തത്.കുറച്ചു കാശു തരാന്‍ അവര്‍ തയാറാണ്.ഒന്നുമില്ലേലും കുറേ നാള്‍ ചുമന്നില്ലേ എന്നാണ് അവര്‍ പറഞ്ഞത്.എം.ടി .പി.ചെയ്തെക്കാനാണ് അവരുടെ നിര്‍ദേശം "
"എം.ടി .പി?"
"സിമ്പിളായി പറഞ്ഞാല്‍ ഗര്‍ഭചിദ്രം"
അത്രയും പറയാന്‍ ഡോക്ടര്‍ക്കു മടിയായത് പോലെ .
ഷഹന അറിയാതെ തന്റെ അടിവയര്‍ തടവി.
"ഇപ്പോള്‍ എം.ടി.പി.ചെയ്യാം.ഷഹനയ്ക് കുഴപ്പമൊന്നും വരില്ല "
കുഞ്ഞേ എനിക്കു കുഴപ്പമൊന്നും വരില്ലെന്ന് !!!
"ഭര്‍ത്താവിനും എതിരഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല,പറഞ്ഞതില്‍ നിന്ന് ഒരല്പമേ കുറയൂ.എം.ടി.പി.ചെയ്യാനുള്ള പണവും അവര്‍ തന്നു.അത്ര നല്ല ക്ലയന്റ്സ് "
ഭ്രൂണത്തിന്റെ രൂപമെടുക്കല്‍,വെറുമൊരു കോശം തുടങ്ങി എന്തൊക്കെയോ ഡോക്ടര്‍ പറയുന്നുണ്ടായിരുന്നു . 
അവളുടെ ഉള്ളാകെ നീറുകയായിരുന്നു . 
മൂന്നു മാസമേ ആകുന്നുള്ളൂ , എങ്ക്കിലും തനിക്കറിയാം ഒരു ജീവന്‍റെ നേര്‍ത്ത തുടിപ്പുകള്‍ .
ഇതൊരു കുഞ്ഞല്ലേ ?. 
"ഷഹനാ എന്നതേയ്ക്കാണ് എം ടി പി ?"
പതിയെ എന്നാല്‍ ഉറച്ച ശബ്ധത്തില്‍ അവള്‍ പറഞ്ഞു " ഈ കുഞ്ഞിന്റെ ശ്മശാനമാകാന്‍ എനിക്കു കഴിയില്ല " 
" പിന്നെ എന്തു ചെയ്യാന്‍ ?. ഇനി അവര്‍ പണം തരില്ല . അറിയാമല്ലോ ഈ കണ്‍സള്‍ട്ടെഷന്‍ കൂടി നിലയ്ക്കുകയാണ്."
ഉത്തരം പറയാതെ അവള്‍ മന്ദഹസിച്ചു.
ഇതൊരു നഷ്ട്ടക്കച്ചവടമാണ് എന്ന്.ഇതോ ഇതിനെക്കാള്‍ കടുത്തതോ ആയ പ്രതികരണങ്ങള്‍ തന്നെയും കാത്ത് ചിലപ്പോള്‍ വീട്ടിലുണ്ടാകും.
എങ്കിലും കുഞ്ഞേ നീ പിറക്കുക തന്നെ ചെയ്യും, പടച്ച തമ്പുരാന്‍ അങ്ങനെ കരുതിയിട്ടുണ്ടെങ്കില്‍.. 
"ക്ല്യ്ന്റ്സിനു  പോലും വേണ്ട ഇതിനെ, പിന്നെ ഒന്നു ചിന്തിക്കൂ ഇപ്പോള്‍ തന്നെ രണ്ടു പെന്‍ കുഞ്ഞുങ്ങള്‍ ഉണ്ട് തനിക്ക്. അതു വേണ്ടത്ര പോഷകമില്ലാതെ വളരുന്നവര്‍ . ഇതു ബുദ്ധി മോശമാണ് . നിങ്ങളുടെ ഹസ്ബന്റിന്റെ റിയാക്ഷന്‍ എന്താകും എന്നറിയാമല്ലോ? ..." 
ക്ല്യ്ന്റ്സി നും  ഡോക്ടര്‍ക്കും തന്‍റെ ഭാര്താവിനുമെല്ലാം ഒരേ മുഖമാണെന്നു അവള്‍ക്കു തോന്നി . നഷ്ട്ടക്കച്ചവടം, ബുദ്ധിമോശം എന്നൊക്കെ അവര്‍ അലമുറ ഇടുന്നു  . അതില്‍ ഒരു കുഞ്ഞിക്കരച്ചില്‍ മുങ്ങി പ്പോകരുത് . എന്റെ കുഞ്ഞുങ്ങളുടെ പട്ടിണി എന്റെ വിധിയാകാം.പക്ഷേ ബോധപൂര്‍വം ഈ പാതകം താന്‍ ചെയ്യില്ല.
"നന്ദി, ഡോക്ടര്‍, ഇതുവരെ നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും "
കയ്യില്‍ കരുതിയ പണപ്പൊതി നല്‍കണോ വേണ്ടയോ എന്ന് ഡോക്ടര്‍ സന്ദേഹിച്ചു.
അവള്‍ അതൊന്നും ഗൌനിക്കാതെ പുറത്തേക്കു നടന്നു.
കുഞ്ഞേ, നിന്നെ താലോലിക്കണമെന്നു ഏറെ കൊതിച്ചിരുന്നവളാണ്‌ ഞാന്‍..
പിന്നീട്നീ എവിടെയായിരുന്നാലും സുഖമായിരിക്കുമല്ലോ എന്ന് ചിന്തിച് സമാധാനിക്കുകയായിരുന്നു ഞാന്‍.
പക്ഷേ ...പക്ഷേ ഇപ്പോള്‍ ......
നീ  പിറന്നു വീഴാന്‍ പോകുന്ന ലോകത്തെക്കുറിച്ച്ഓര്‍ക്കുമ്പോള്‍  ......................... 
എന്റെ മുലകള്‍ ചുരത്തുന്ന കാലം വരെ എനിക്ക് ആശങ്കയില്ല .ആതിനു ശേഷം കുഞ്ഞേ.............
ഷംനയുടെയും രിഹാനയുടെയും ഒട്ടിയ വയറുകള്‍ എന്നിലുളവാക്കുന്ന വേദന അതെത്ര വലുതെന്നോ .................................
അവരുടേതു പോലുള്ള അവസ്ഥയിലേക്കാണ് ചിരിച്ചുല്ലസിച്ച്‌ കഴിയെണ്ടിയിരുന്ന നീ വരാന്‍ പോകുന്നത് . 
എങ്കിലും ജീവിതം എന്ന പ്രത്യാശ നിനക്കുണ്ടാകും , പിന്നെ നിന്നെ അതിരറ്റു സ്നേഹിക്കാന്‍ മൂന്ന് ജന്മങ്ങളും . 
ക്ലിനിക്കിനു പുറത്തു പൊള്ളുന്ന വെയിലുണ്ടായിരുന്നു .
തന്നെ കാത്തിരിക്കുന്ന ഭൂകമ്പങ്ങളിലേക്ക് അവള്‍ ഇറങ്ങി നടന്നു.     

  

19 comments:

ajith said...

നല്ല കഥ
നല്ല ആശയം
നല്ല അവസാനം

ഇനിയും അധികം എഴുതൂ

ആശംസകള്‍

Najeemudeen K.P said...

Good story. Keep going..

Mohammed kutty Irimbiliyam said...

അമ്മയെ അറിയുമ്പോഴും 'ഭൂകമ്പ'ങ്ങളെ പേടിക്കെണ്ടിവരുന്ന സന്ദിഗ്ധത....!ആശംസകള്‍ !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ വ്യത്യസ്തമായ ശൈലിയില്‍ എഴുതിയതെല്ലാം മനസ്സിനെ സ്പര്‍ശിച്ചു.ആശംസകള്‍

sulekha said...

Ajith> nandi
Najeemudeen>thanks a ton
Mohammed Kutty > nandhi,adyamayanu kanunnath.sulekhathilekhu swagatham
ആറങ്ങോട്ടുകര മുഹമ്മദ്‌> nandhi

Humble Historian said...
This comment has been removed by the author.
Humble Historian said...

നല്ല ഒഴുക്കുള്ള ഭാഷ. എഴുത്ത് തുടരുക. ആശംസകള്‍......

sreekala said...

valare nalla post. hridayasparshiyayi avatharippichirikkunnu. thanks. looking forward for more :)

ഭാനു കളരിക്കല്‍ said...

നന്നായി എഴുതി. ആശംസകള്‍.

Pranavam Ravikumar a.k.a. Kochuravi said...

A very common social evil. You have presented it very well. Love is equal to mother, nobody else can give as much as she. The word "clients" that you have used double lined or took me to a reality feel.

Good wishes!

Regards,

Pranavam Ravikumar


എന്‍.പി മുനീര്‍ said...

ലളിതവും അതോടൊപ്പം വ്യത്യസ്ഥവും.ഉള്ളടക്കത്തിൽ പുതുമയുമുണ്ട്..കഥയെഴുത്ത് തുടരട്ടെ..ആശംസകൾ

Anonymous said...

പൊള്ളുന്ന യാഥാര്‍ത്ഥ്യം തീവ്രമായ ഭാഷയില്‍ അവതരിപ്പിച്ചു ,വായിച്ചു തീരുമ്പോഴും ഒരു നോവു ബാക്കിയാവുന്നു .വളരെ നന്നായിരുന്നു .

Rainy Dreamz said...

മനസ്സിനെ സ്പര്‍ശിച്ചു.ആശംസകള്‍

Manoj Kumar M said...

നല്ല ആഴമുള്ള ആശയം.. ഹൃദയസ്പര്‍ശിയായ കഥ.. നല്ല നല്ല കഥകള്‍ ഇനിയും വരട്ടെ..

thanalvazhikal.blogspot.com said...

SOCIETY'S MINDSET HAS CHANGED...CHANGED A LOT....NOW EVERYTHING IS VALUED ON THE BASIS OF MONEY....NO IMPORTANCE FOR LOVE,RELATIONSHIP......Ohhhhhhhh.........where will be an oasis????

Krishna l Pushpan said...

aanukaalika prasakthiyulla aashayangal...valare lalithamayi vayanakkaranilekku ethikkunnu,aa ammayude oro vikarangalum nannayi oppi eduthirikkunnu

Nidheesh Krishnan said...

വളരെ വ്യത്യസ്തമായ ശൈലിയില്‍ എഴുതി.
നല്ല ഒഴുക്കുള്ള ഭാഷ
മനസ്സിനെ സ്പര്‍ശിച്ചു.ആശംസകള്‍

Juan Komala said...

എഴുതുക. ഇനിയും എഴുതുക. എഴുതിത്തെളിയുക :)

Ullas Joseph said...

Loved it..!!

This exactly my thoughts on the matter.. It's her body, her choice.. No one else should decide what to do with her body. Especially men..