"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Saturday, August 17, 2019

അഭയാർത്ഥിയുടെ ഗീതം

ദശലക്ഷമാണത്രെ നഗരജനസംഖ്യ

മാളികകളിലുറങ്ങുന്നു ചിലർ,

അഴുക്കുചാലുകളിൽ പിന്നെയും ചിലർ

എന്നിട്ടുമില്ല 

നമുക്കു തലചായ്ക്കാനൊരിടം പ്രിയേ

എന്നിട്ടുമില്ല

നമുക്കു തലചായ്ക്കാനൊരിടം.

നമുക്കുണ്ടായിരുന്നു സുന്ദരമാമൊരു ദേശം

ഭൂപടങ്ങളിലതിപ്പോഴുമവിടെയുണ്ട്.

ആവില്ലിനി നമുക്കവിടെയെത്തുവാൻ

 പ്രിയേ

ആവില്ലിനി നമുക്കവിടെയെത്തുവാൻ.

പള്ളിമുറ്റത്തെയാപ്പഴയ യൂ മരം

പൂക്കാറുണ്ടോരോ വസന്തത്തിലും.

പഴയ പാസ്പോർട്ടുകൾക്കതാവില്ല പ്രിയേ

പഴയ പാസ്പോർട്ടുകൾകതാവില്ല.

നയതന്ത്ര മേധാവി മേശയിലിടിച്ചലറി

" പാസ്പോർട്ടില്ലെങ്കിലിനി രേഖകളിൽ

മൃതരാണു നിങ്ങളോർത്തു കൊള്ളൂ"

പക്ഷേ, ജീവിച്ചിരിക്കുന്നു നാമിപ്പോഴും പ്രിയേ,

ജീവിച്ചിരിക്കുന്നു നാമിപ്പോഴും.

സമിതിയൊന്നിൽ ചെന്നു ഞാൻ

കസേരയൊന്നു നൽകിയവരും

ഭവ്യത ചോരാതെയോതി

"വർഷമൊന്നു കഴിഞ്ഞു വരൂ"

പക്ഷേ, എവിടെപ്പോകുമിന്നു നാം പ്രിയേ?

എവിടെപ്പോകുമിന്നു നാം?

പൊതുയോഗമതിലൊരുവൻ

ഉറക്കെയുദ്ഘോഷിച്ചിങ്ങനെ

"അവർ, നമ്മുടെ ഉപജീവനം

കവർന്നെടുക്കാൻ കടന്നു വന്നിടും"

അയാൾ പറഞ്ഞതെന്നെയും നിന്നെയുമാണ് പ്രിയേ

എന്നെയും നിന്നെയുമാണ്

ഇടിമുഴക്കമാണെന്നെനിക്കു തോന്നിയത്,

വധിക്കപ്പെടേണ്ടവരിവരെന്ന

ഹിറ്റ്ലറിൻ ആക്രോശം.

ഓ, നാമുണ്ടായിരുന്നയാളുടെ 

നിദ്രാജാഗരങ്ങളിൽ പ്രിയേ,

നാമുണ്ടായിരുന്നയാളുടെ 

നിദ്രാജാഗരങ്ങളിൽ

പട്ടിക്കുഞ്ഞിനുമിവിടെ പട്ടുകുപ്പായങ്ങൽ തുന്നുന്നു,

മാർജാരനു വേണ്ടിയുപചാരമൊരുങ്ങുന്നു

പക്ഷേ അവരൊന്നും ജർമ്മൻ ജൂതരല്ല പ്രിയേ,

അവരൊന്നും ജർമ്മൻ ജൂതരല്ല.

തുറമുഖത്തെത്തവേ കണ്ടു ഞാനൊരു കാഴ്ച

സ്വതന്ത്രമലസം നീന്തുന്ന മീനുകൾ

വെറും പത്തടി മാത്രമകലെ പ്രിയേ,

വെറും പത്തടി മാത്രമകലെ.

കാനനത്തിൽപ്പാടുന്ന കിളികളെ കണ്ടു ഞാൻ

ഇല്ലവർക്കു കപട നേതാക്കളാരും,

മാനവജാതിയുമല്ലവർ പ്രിയേ,

മാനവജാതിയുമല്ലവർ.

സ്വപ്നത്തിൽ ഞാനൊരു വീടു കണ്ട-

തിനായിരം മുറികൾ,വാതിലുകൾ

ജാലകങ്ങളുമായിരം.

അതിലൊന്നുപോലും നമ്മുടേതല്ല പ്രിയേ

അതിലൊന്നു പോലും നമ്മുടേതല്ല.

മഞ്ഞു വീണുറഞ്ഞ സമതലങ്ങളിൽ

അസ്ഥികോച്ചും തണുപ്പിലും

റോന്തുചുറ്റുന്നായിരം സൈനികർ

അവർ തിരയുന്നതെന്നെയും നിന്നെയുമാണ് പ്രിയേ,

അവർ തിരയുന്നതെന്നെയും നിന്നെയുമാണ്!!!!!





No comments: